ഇരിങ്ങാലക്കുട : കുട്ടൻകുളം സ്മാരക നിർമ്മാണ വിവാദങ്ങൾക്ക് പുറകിൽ യാഥാർത്ഥ്യങ്ങൾ മനസ്സിലായിട്ടും കുട്ടംകുളത്തിൻ്റെ നവീകരണപ്രവർത്തനങ്ങളുടെ ശോഭ കെടുത്താൻ സാങ്കല്പിക ആശങ്കകൾ ഉയർത്തിക്കൊണ്ടുവരുന്നവരുടെ ഉദ്ദേശശുദ്ധി പൊതുജനങ്ങൾ മനസ്സിലാക്കണമെന്നും, സവർണാധിപത്യ ഫ്യൂഡൽ ചിന്തകൾ എന്നും പുലർത്തിപ്പോരുന്ന ബി.ജെ.പിയെ പോലും നാണിപ്പിക്കുന്ന തരത്തിൽ ആണ് ഇപ്പോൾ മുനിസിപ്പൽ ഭരണം കൈയാളുന്ന കോൺഗ്രസ്സും പ്രതികരിക്കുന്നത് എന്ന് സി.പി.ഐ(എം) വിമർശനം.
സിപിഐഎം ഇരിങ്ങാലക്കുട ഏരിയ കമ്മിറ്റി ഇറക്കിയ പ്രസ്താവന
ശ്രീ കൂടൽമാണിക്യം ക്ഷേത്രത്തിൻ്റെ കിഴക്കുഭാഗത്തുള്ള കുട്ടംകുളത്തിന്റെ തെക്കു കിഴക്കുഭാഗം കാലപ്പഴക്കത്താൽ തകർന്നു വീണതിനെ തുടർന്ന് കുട്ടംകുളത്തിൻ്റെ നവീകരണപ്രവർത്തനങ്ങൾക്കായി ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പു മന്ത്രി ഡോ. ആർ ബിന്ദുവിൻ്റെ കൂടി ഇടപെടലിനെ തുടർന്ന് സംസ്ഥാന സർക്കാർ 4 കോടി രൂപ അനുവദിച്ചിരുന്നു.
നിരവധി തവണ ടെണ്ടർ നടപടികൾ നടത്തിയിട്ടും സ്വകാര്യ കരാരുകാർ ആരും തന്നെ പണി ഏറ്റെടുക്കാത്ത സാഹചര്യത്തിൽ 4.85 കോടി രൂപയ്ക്ക് ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റി നിർമ്മാണം ഏറ്റെടുത്തു. കുട്ടംകുളത്തിന്റെ തെക്കുഭാഗത്തു കൂടി ഉത്സവത്തിന് മുമ്പ് സാധ്യമാകുന്ന തരത്തിൽ നിർമ്മാണപ്രവർത്തനങ്ങൾ നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് ആരംഭിക്കുകയും ചെയ്തു.
എന്നാൽ ഈ ഭാഗം ഉത്സവത്തിനുമുമ്പ് നിർമ്മാണം പൂർത്തീകരിക്കാൽ വഴിയില്ലെന്ന തരത്തിൽ സാമൂഹ്യമാധ്യമങ്ങളിലൂടെയും അല്ലാതെയും ഒരു കൂട്ടർ വലിയ പ്രചരണം നടത്തി. എന്നാലിന്ന് ഉത്സവത്തിന് കൂടുതൽ സൗകര്യപ്രദമായ നിലയിലും റോഡിൻ്റെ വീതി വർദ്ധിച്ച നിലയിലും നിർമ്മാണം പൂർത്തിയായി വരികയാണ്.
ഈ സാഹചര്യത്തിലാണ് തികച്ചും രാഷ്ട്രീയപ്രേരിതമായി കോൺഗ്രസ്സും, ബി.ജെ.പിയും, കോൺഗ്രസ്സ് ഭരണനേതൃത്വം വഹിക്കുന്ന മുനിസിപ്പൽ ഭരണവും പുതിയ വിവാദം ഉയർത്തികൊണ്ടുവരാൻ ശ്രമിക്കുന്നത്. നിർമ്മാണപ്രവൃത്തികളുടെ മേൽനോട്ടം വഹിക്കുന്ന PWD തന്നെ ഇവർ ഉയർത്തുന്ന സാങ്കൽപിക ആശങ്കകളുടെ പശ്ചാത്തലത്തിൽ യഥാർത്ഥ വസ്‌തുതകളെ കുറിച്ച് വിശദീകരിച്ചിട്ടുണ്ട്. എന്താണ് യാഥാർത്ഥ്യം? യഥാർത്ഥത്തിൽ വിമർശകരെ പൊള്ളിക്കുന്ന യാഥാർത്ഥ്യം?
കുട്ടംകുളം സമരം കേരളീയ നവോത്ഥാന പോരാട്ടങ്ങളുടെ ചരിത്രത്തിൽ സമാനതകളില്ലാത്ത ത്യാഗത്തിന്റെയും സഹനത്തിന്റെയും കനൽവഴിയാണ്. പട്ടികജാതിയിൽപ്പെട്ടവർക്കും പിന്നോക്കജാതിയിൽപ്പെട്ടവർക്കും കൂടൽമാണിക്യക്ഷേത്ര പരിസരത്തുള്ള കുട്ടംകുളത്തിന് സമീപത്തെ റോഡിലൂടെ സഞ്ചരിക്കാൻ പോലും അവകാശമില്ലെന്ന് തീണ്ടൻപലകയിൽ എഴുതിവെച്ച് അയിത്തവും തൊട്ടുകൂടായ്‌മയും അരങ്ങുവാഴുന്നതിനെതിരായി അന്നത്തെ കമ്മ്യൂ ണിസ്റ്റ് പാർട്ടിയും എസ്.എൻ.ഡി.പി-യും കെ.പി.എം.എസ്-ഉം ചേർന്ന് നടത്തിയ പ്രക്ഷോഭ സമരത്തെ കടുത്ത മർദ്ദനമുറകൾ കൊണ്ടാണ് അന്നത്തെ ഭരണകൂടം നേരിട്ടത്.
അന്നത്തെ ഫ്യൂഡൽ ഭരണകൂടത്തിൻ്റെ സംരക്ഷകരായിരുന്നു കോൺഗ്രസ്സും ആർ.എസ്.എസ്-ഉം. അന്നത്തെ ഇടുങ്ങിയ മാനസികാവ സ്ഥയിൽ നിന്നും തെല്ലിടപോലും അവർക്ക് മാറ്റം വരാത്തതുകൊണ്ടാണ് അനവസരത്തിലാണെങ്കിലും ഇക്കൂട്ടരുടെ പ്രസ്‌താവനയിലൂടെ തെളിയിക്കുന്നത്.
കുട്ടംകുളം സമരചരിത്രത്തെകുറിച്ചുള്ള ഓർമ്മകൾ പോലും ഇക്കൂട്ടരെ വിറളിപിടിപ്പിക്കുന്നു എന്നതിനാലാണ് ഇതുവരേക്കും തീരുമാനിച്ചിട്ടില്ലാത്ത, നിർമ്മിച്ചിട്ടില്ലാത്ത കുട്ടംകുളം സ്‌മാരകത്തെകുറിച്ച് ഇവർ എതിർപ്പുയർത്തുന്നത്. സവർണ്ണാധിപത്യ ഫ്യൂഡൽ നയങ്ങൾ മുന്നോട്ട് വയ്ക്കുന്ന ബി.ജെ.പിയെ പോലും നാണിപ്പിക്കുന്ന തരത്തിലാണ് മുനിസിപ്പൽ ഭരണം കൈയാളുന്ന കോൺഗ്രസ്സ് പ്രതികരിക്കുന്നത്.
കേരളീയ സാമൂഹ്യചരിത്രത്തിൽ ഇരിങ്ങാലക്കുടയിലെ നവോത്ഥാന പോരാളികളായ കുട്ടംകുളം സമരസേനാനികൾ സഖാക്കൾ കെ.വി ഉണ്ണിയും, പി.കെ കുമാരനും, പി.സി കുറുമ്പയും അടക്കമുള്ള നൂറുകണക്കിന് പച്ചമനു ഷ്യർ അവരുടെ ഹൃദയരക്തം കൊണ്ട് അടയാളപ്പെടുത്തിയ ഈ നാടിന്റെ നവോത്ഥാന പോരാട്ടത്തിന് ഏറ്റവും അടിയന്തിരമായി ഉചിതമായ സ്‌മാരകം നിർമ്മിക്കണമെന്നും, രാഷ്ട്രീയപ്രേരിതമായി പിന്നോക്ക-പട്ടികജാതി വിഭാഗങ്ങളുടെ ആത്മാഭിമാനം ചോദ്യം ചെയ്യുന്ന കോൺഗ്രസ്സ് – ബി.ജെ.പി രാഷ്ട്രീയ കൂട്ടുകെട്ടിന്റെ ചരിത്രവിരുദ്ധ നിലപാടിനെ തള്ളിക്കളയണമെന്നും കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്‌സിസ്റ്റ്) ആവശ്യപ്പെടുന്നു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

