ഇരിങ്ങാലക്കുട : കർക്കിടകത്തിന്റെ ആദ്യ ദിനത്തിൽ “നാലമ്പല ദർശനം” എന്ന പ്രമേയത്തെ ആസ്പദമാക്കി കേരള സർക്കിൾ, സെൻട്രൽ റീജിയൺ, കൊച്ചി ഒരു പ്രത്യേക തപാൽ കവർ പുറത്തിറക്കി.
ഇരിങ്ങാലക്കുട ലയൺസ് ക്ലബ്ബിൽ നടന്ന ചടങ്ങിൽ സെൻട്രൽ റീജിയൺ പോസ്റ്റ്മാസ്റ്റർ ജനറൽ ടി. നിർമലാദേവി പ്രത്യേക കവറും ഫിലാറ്റലിക് പാസ്പോർട്ടും പ്രകാശനം ചെയ്തു.
ഇരിങ്ങാലക്കുട പോസ്റ്റ്മാസ്റ്റർ സബരീഷ് സി. സി. പരമ്പരാഗത നാലമ്പല ദർശന ക്രമമായ തൃപ്രയാർ – കൂടൽമാണിക്യം – മൂഴിക്കുളം – പായമ്മൽ ക്ഷേത്രങ്ങളിലൂടെ ഈ പ്രത്യേക കവർ വഹിച്ച് തീർത്ഥാടന യാത്ര നടത്തി. ഇതിനോടനുബന്ധിച്ച് തയ്യാറാക്കിയ ഫിലാറ്റലിക് പാസ്പോർട്ടിൽ വലപ്പാട്, ഇരിങ്ങാലക്കുട, കുറുമശ്ശേരി, അരിപാലം തപാൽ ഓഫീസുകളിൽ നിന്ന് 2026 ജൂലൈ 17-ന് മാത്രം ലഭ്യമായ പ്രത്യേക ഫിലാറ്റിലിക് തപാൽമുദ്രകൾ (Exclusive Pictorial Cancellations) പതിപ്പിച്ചു.

ചടങ്ങ് ഇരിങ്ങാലക്കുട മുനിസിപ്പൽ ചെയർമാൻ എം. പി. ജാക്സൺ ഉദ്ഘാടനം ചെയ്തു. ഇരിങ്ങാലക്കുട പോസ്റ്റൽ ഡിവിഷൻ സൂപ്രണ്ട് ലോലിത .എം. ആന്റണി, കൊച്ചിൻ ദേവസ്വം ബോർഡ് പ്രതിനിധികൾ, കൂടൽമാണിക്യം, പായമ്മൽ ദേവസ്വം പ്രതിനിധികൾ, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികൾ, ഫിലാറ്റലിസ്റ്റുകൾ, പൊതുജനങ്ങൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

ഈ ചടങ്ങിനോടനുബന്ധിച്ച് ഇരിങ്ങാലക്കുട തപാൽ ഡിവിഷന്റെ ആഭിമുഖ്യത്തിൽ വിവിധ ജനകീയ സേവന പരിപാടികളും സംഘടിപ്പിച്ചു. ഇരിങ്ങാലക്കുട മുനിസിപ്പാലിറ്റിയിലെ മൂന്ന് വാർഡുകൾ, പൂമംഗലം ഗ്രാമപഞ്ചായത്ത്, വലപ്പാട് ഗ്രാമപഞ്ചായത്ത് എന്നിവയെ “സമ്പൂർണ സുകന്യ സമൃദ്ധി അക്കൗണ്ട് വാർഡുകൾ” ആയി പ്രഖ്യാപിച്ചു. കൂടാതെ മൂന്ന് വാർഡുകൾ “സമ്പൂർണ ബീമാ വാർഡുകൾ” ആയും പ്രഖ്യാപിച്ചു. സാമൂഹ്യസുരക്ഷാ പദ്ധതികളുടെ വിജയകരമായ വ്യാപനത്തിനുള്ള അംഗീകാരമായാണ് ഈ പ്രഖ്യാപനങ്ങൾ.
ഇന്ത്യയുടെ സമ്പന്നമായ സാംസ്കാരിക പൈതൃകം ഫിലാറ്റലിയിലൂടെ ജനങ്ങളിലേക്ക് എത്തിക്കുന്നതിനും, സാമ്പത്തിക സുസ്ഥിരതയും, ജനകീയ സേവനങ്ങളും കൂടുതൽ ശക്തിപ്പെടുത്തുന്നതിനുമുള്ള സെൻട്രൽ പോസ്റ്റൽ റീജിയണിന്റെ പ്രതിബദ്ധതയുടെ ഭാഗമായാണ് ഈ സംരംഭം സംഘടിപ്പിച്ചിരിക്കുന്നത്.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive


