ഇരിങ്ങാലക്കുട : ശ്രീനാരായണ ധര്‍മ്മ പ്രചാരകനും മുകുന്ദപുരം എസ്.എന്‍.ഡി.പി യൂണിയന്‍ മുന്‍ സെക്രട്ടറിയും ഇരിങ്ങാലക്കുടയിലെ മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനുമായ വി.ആര്‍. സുകുമാരന്‍ സപ്തതി നിറവില്‍. സ്വാതന്ത്ര്യ സമര സേനാനിയും ഇരിങ്ങാലക്കുട നഗരസഭ ചെയര്‍മാനുമായിരുന്ന ജനതാദള്‍ നേതാവ് വി.കെ.രാമന്‍ മാസ്റ്ററുടെയും കല്ല്യാണിയുടെയും മകനായി 1954ല്‍ ജനനം. 1982-ല്‍ മുകുന്ദപുരം എസ്.എന്‍.ഡി.പി യൂണിയനിലെ കൂത്തുപറമ്പില്‍ പുതിയ ശാഖാ രൂപീകരണത്തിന് നേതൃത്വം നല്‍കികൊണ്ടാണ് ശ്രീനാരായണ സംഘടനാ പ്രവര്‍ത്തനങ്ങളിലേക്ക് എത്തിയത്.
1983ല്‍ തിരുവനന്ത പുരത്തുനിന്ന് മാത്രം വന്നിരുന്ന കേരള കൗമുദി ദിനപത്രത്തില്‍ റിപ്പോര്‍ട്ടറായി. 86ല്‍ മുകുന്ദപുരം യൂണിയനില്‍ നിന്ന് യോഗം ഡയറക്ടറായി തിരഞ്ഞെടുപ്പിലൂടെ വിജയിച്ചു. ഇക്കാലത്ത് യോഗം നേതാക്കളായ പ്രസിഡന്‍റ് എം.കെ. രാഘവന്‍, ഡോ. കെ.കെ. രാഹുലന്‍, കെ.കെ. വിശ്വനാഥന്‍ എന്നിവരോടൊപ്പവും ജനറല്‍ സെക്രട്ടറിമാരായ എ.എസ്. പ്രതാപ്സിംഗ്, കെ. ഗോപിനാഥന്‍ എന്നിവരോടൊപ്പവും പ്രവര്‍ത്തിച്ചു. 88 ല്‍ മുകുന്ദപുരം എസ്.എന്‍.ഡി.പി യൂണിയന്‍ സെക്രട്ടറിയായി. 2006 വരെ 18 വര്‍ഷക്കാലം തുടര്‍ച്ചയായി സെക്രട്ടറിയായിരുന്നു.
ഇന്നത്തെ ചാലക്കുടി, മാള, പുതുക്കാട്, കൊടകര യൂണിയനുകള്‍ അന്ന് മുകുന്ദപുരം യൂണിയനിലായിരുന്നു. മുകുന്ദപുരം യൂണിയനെ ഇന്നത്തെ നിലയിലേക്ക് എത്തിക്കുന്നതിന് ഇക്കാലയളവില്‍ അഹോരാത്രം പ്രവര്‍ത്തിച്ചു. 96 ല്‍ വെള്ളാപ്പള്ളി നടേശന്‍ ആദ്യമായി യോഗം ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിച്ചപ്പോള്‍ ആ പാനലിന്‍റെ തൃശ്ശൂര്‍ ജില്ലയിലെ ചുമതലക്കാരനായിരുന്നു.
അക്കാലത്ത് വെള്ളാപ്പള്ളിയോടൊപ്പം ചേര്‍ത്തലയിലായിരുന്ന എനിക്ക് തൃശ്ശൂര്‍ ജില്ലയിലെ തെരഞ്ഞടുപ്പിന്‍റെ ചുമതല അദ്ദേഹം നല്‍കിയിരുന്നു. ഞാനും സുകുമാരേട്ടനും ഒരുമിച്ചാണ് അന്ന് ജില്ലയിലെ മുഴുവന്‍ യൂണിയനുകളിലും പോയി പ്രവര്‍ത്തനം നടത്തിയത്. തുടര്‍ന്ന് ജില്ലയിലെ യൂണിയനുകളുടെ കോഡിനേഷന്‍ കമ്മിറ്റി രൂപീകരിച്ചപ്പോള്‍ അദ്ദേഹം കണ്‍വീനറായി പ്രവര്‍ത്തിച്ചു.
എസ്.എന്‍.ട്രസ്റ്റ് ബോര്‍ഡ് അംഗം, നാട്ടിക ആര്‍.ഡി.സി അംഗം, ഇരിങ്ങാലക്കുട എസ്.എന്‍.ബി.എസ് സമാജം ഭരണസമിതി അംഗം, ഓഡിറ്റര്‍, ശ്രീനാരായണ ക്ലബ്ബിന്‍റെ പ്രഥമ ഓഡിറ്റര്‍, കൊറ്റനല്ലൂര്‍ ശിവഗിരി മഠം ശാഖയുടെ ഭരണസമിതി അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. മുകുന്ദപുരം യൂണിയനില്‍ പതിനായിരത്തോളം വനിതകളെ സംഘടിപ്പിച്ച് അഞ്ഞൂറിലധികം മൈക്രോഫൈനാന്‍സ് യൂണിറ്റുകള്‍ രൂപീകരിക്കുന്നതിനും കോടികള്‍ വായ്പയായി നല്‍കുന്നതിനും നേതൃത്വം നല്‍കി.
98ല്‍ ഞാന്‍ ചേര്‍ത്തല വിട്ട് നാട്ടിലെത്തിയപ്പോള്‍ എന്നെ എസ്.എന്‍.ഡി.പി യൂത്ത് മൂവ്മെന്‍റിന്‍റെ യൂണിയന്‍ ചെയര്‍മാനാക്കിയത് സുകുമാരേട്ടനാണ്. അന്നുമുതലാണ് ഞാന്‍ ശ്രീനാരായണ സംഘടനാപ്രവര്‍ത്തനങ്ങളിലേക്ക് കടക്കുന്നത്. ഇപ്പോള്‍ യോഗം കൗണ്‍സിലറായ എന്നേയും അന്തരിച്ച മുന്‍ യോഗം കൗണ്‍സിലറായിരുന്ന ഷാജിന്‍ നടുമുറിയേയും യോഗം കൗണ്‍സിലറായിരുന്ന കെ.കെ.ബിനുവിനേയും ഇന്നത്തെ യൂണിയന്‍ ഭാരവാഹികളായ പ്രസിഡണ്ട് സന്തോഷ് ചെറാക്കുളം, സെക്രട്ടറി കെ.കെ.ചന്ദ്രന്‍ യോഗം ഡയറക്ടര്‍ സജീവ് കുമാര്‍ കല്ലട എന്നിവരെയൊക്കെ യോഗത്തിന്‍റേയും യൂണിയന്‍റേയും ഭാരവാഹിത്വത്തിലേക്ക് കൈപിടിച്ച് ഉയര്‍ത്തിയത് സുകുമാരേട്ടനായിരുന്നു.
41 വര്‍ഷമായി കേരള കൗമുദിയുടെ ഇരിങ്ങാലക്കുട ലേഖകനാണ്. 4 പതിറ്റാണ്ടുകാലത്തെ ഇരിങ്ങാലക്കുടയുടെ വികസനപ്രവര്‍ത്തനങ്ങളില്‍ അദ്ദേഹം പങ്കാളിയായി. കരുവന്നൂര്‍, മതിലകം പാലങ്ങളുടെ നിര്‍മ്മാണം, ഇരിങ്ങാലക്കുടയുടെ അഭിമാനമായ മിനി സിവില്‍സ്റ്റേഷന്‍, ബൈപാസ് റോഡ് നിര്‍മ്മാണങ്ങളില്‍ അതീവ ശ്രദ്ധ ചെലുത്തി കേരള കൗമുദിയിലൂടെ സര്‍ക്കാരിന്‍റെ മുന്നിലെത്തിക്കാന്‍ കഴിഞ്ഞു.
ശ്രീനാരായണ ധര്‍മ്മ പ്രചാരകനുള്ള അരിപ്പാലം എസ്.എന്‍.ബി.പി സമാജം ട്രസ്റ്റിന്‍റെ ഗുരുപ്രസാദ പുരസ്കാരം, പത്രാധിപര്‍ കെ.സുകുമാരന്‍ സ്മാരക മാധ്യമ പുരസ്കാരം, കേരള ജേര്‍ണ്ണലിസ്റ്റ് യൂണിയന്‍റെ മാധ്യമ പുരസ്കാരങ്ങള്‍, ഇരിങ്ങാലക്കുട തനിമ പുരസ്കാരം, ഇരിങ്ങാലക്കുട നഗരസഭയുടെ പുരസ്കാരം, വള്ളിവട്ടം മായാ സന്നിധി പുരസ്കാരം എന്നിവ സുകുമാരേട്ടന് തേടിയെത്തിയ ബഹുമതികളാണ്.
– പി.കെ.പ്രസന്നന്‍ എസ്.എന്‍.ഡി.പി യോഗം കൗണ്‍സിലര്‍
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/LHvranOVueb9L2MnR0w1SR
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com