ഗ്രാമിക ഏർപ്പെടുത്തിയ ഇ.കെ ദിവാകരൻ പോറ്റി സ്മാരക വിവർത്തന സാഹിത്യ പുരസ്കാരം വി രവികുമാറിന്

കുഴിക്കാട്ടുശ്ശേരി : പ്രമുഖ വിവർത്തകനും സ്വാതന്ത്ര്യ സമര സേനാനിയും ഐക്യകേരള സമരത്തിലെ മുന്നണി പോരാളിയുമായിരുന്ന ഇ.കെ. ദിവാകരൻ പോറ്റിയുടെ സ്മരണാർത്ഥം കുഴിക്കാട്ടുശ്ശേരി ഗ്രാമിക ഏർപ്പെടുത്തിയ വിവർത്തന സാഹിത്യ പുരസ്കാരം വി. രവികുമാറിന്. വിവർത്തന സാഹിത്യ മേഖലയ്ക്കായി തൻ്റെ സർഗ്ഗാത്മകജീവിതത്തിൻ്റെ നിരവധി പതിറ്റാണ്ടുകൾ സമർപ്പണം ചെയ്ത വി. രവികുമാറിൻ്റെ പ്രവൃത്തിയോടുള്ള ആദരമാണ് ഈ പുരസ്കാര സമർപ്പണത്തിലൂടെ ഉദ്ദേശിക്കുന്നത്.

കൊല്ലം ജില്ലയിൽ ചവറ – തെക്കുംഭാഗം സ്വദേശിയായ വി.രവികുമാർ ഇന്ത്യൻ റെയിൽവേയിൽ ഉദ്യോഗസ്ഥനായിരിക്കേ വളണ്ടറി റിട്ടയർമെൻ്റ് എടുത്ത് പിരിഞ്ഞുപോരുകയും വിവർത്തന രംഗത്ത് ശ്രദ്ധ കേന്ദ്രീകരിക്കുകയുമാണുണ്ടായത്. യൂറോപ്പിലേയും ലാറ്റിനമേരിക്കയിലേയും ആധുനിക സാഹിത്യ കൃതികളെ മലയാളികൾക്ക് പരിചയപ്പെടുത്തുന്നതിൽ വി.രവികുമാർ ശ്രദ്ധേയമായ പങ്ക് വഹിച്ചു. കാഫ്കയുടെ കഥകൾ, ബോർഹെസ് : സ്വപ്നവ്യാഘ്രങ്ങൾ, ലോർക്ക : ഒരു കാളപ്പോരുകാരൻ്റെ മരണം, വീസ്വാവ ഷിംബോർസ്ക : അത്ഭുതങ്ങളുടെ മേള, ബെർതോൾഡ് ബ്രെഹ്ത് : കവിതകളുടെ ദുരിതകാലം തുടങ്ങിയവ വി.രവികുമാറിൻ്റെ വിവർത്തന ഗ്രന്ഥങ്ങളിൽ ചിലതാണ്. കൂടാതെ ജലാലുദ്ദീൻ റൂമിയുടെ കവിതകളും സെൻ കഥകളും അദ്ദേഹം വിവർത്തനം ചെയ്തിട്ടുണ്ട്.


ഇരുപതിനായിരം രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്ന പുരസ്കാരം ദിവാകരൻ പോറ്റിയുടെ പതിനെട്ടാം ചരമവാർഷിക ദിനമായ ജൂലൈ 23ന് കുഴിക്കാട്ടുശ്ശേരി ഗ്രാമികയിൽ നടക്കുന്ന അനുസ്മരണ ചടങ്ങിൽവെച്ച് കേരള സാഹിത്യ അക്കാദമി അധ്യക്ഷൻ കെ.സച്ചിദാനന്ദൻ, രവികുമാറിന് സമർപ്പിക്കും. ‘സത്യാനന്തര ലോകത്തിൻ്റെ രാഷ്ട്രീയ ഭാവനകൾ’ എന്ന വിഷയത്തിൽ ഡോ.ടി.ടി.ശ്രീകുമാർ സ്മാരക പ്രഭാഷണം നിർവ്വഹിക്കും.

കെ.സച്ചിദാനന്ദൻ, ഡോ. ഇ.വി.രാമകൃഷ്ണൻ,പി.എൻ.ഗോപീകൃഷ്ണൻ എന്നിവർ അടങ്ങുന്ന ജഡ്ജിങ്ങ് കമ്മറ്റിയാണ് പുരസ്കാര ജേതാവിനെ തെരഞ്ഞെടുത്തത്. ദിവാകരൻ പോറ്റിയുടെ കുടുംബത്തിൻ്റെ സഹകരണത്തോടെയാണ് ഗ്രാമിക പുരസ്കാരം ഏർപ്പെടുത്തിയിട്ടുള്ളത് എന്ന് ഗ്രാമിക പ്രസിഡണ്ട് പി.കെ.കിട്ടൻ, സെക്രട്ടറി ഇ.കെ. മോഹൻദാസ്, ദിവാകരൻ പോറ്റിയുടെ മകൻ ഇ.കൃഷ്ണാനന്ദൻ എന്നിവർ അറിയിച്ചു.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp News Group
https://chat.whatsapp.com/LHvranOVueb9L2MnR0w1SR
subscribe YouTube channel
https://www.youtube.com/@irinjalakudanews
പ്രാദേശിക വാർത്തകൾക്ക് www.irinjalakudaLIVE.com

You cannot copy content of this page