എ അഗ്നിശർമ്മന്‍റെ ഒന്നാം ചരമവാർഷികത്തോടനുബന്ധിച്ച് ഡോക്ടർ കെ എൻ പിഷാരടി സ്മാരക കഥകളി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ “ആഗ്നിക” സെപ്തംബർ 3ന് ഇരിങ്ങാലക്കുടയിൽ

ഇരിങ്ങാലക്കുട : കലാസാംസ്കാരിക സാമൂഹിക മേഖലകളിൽ നിരവധി സംഭാവനകൾ നല്കിയ എ അഗ്നിശർമ്മന്റെ ഒന്നാം ചരമവാർഷികത്തോടനുബന്ധിച്ച് ഡോക്ടർ കെ എൻ പിഷാരടി സ്മാരക കഥകളി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ “ആഗ്നിക” എന്നപേരിൽ അനുസ്മരണം സംഘടിപ്പിക്കുന്നു.

സെപ്തംബർ 3ന് ഉണ്ണായിവാരിയർ സ്മാരക കലാനിലയം ഹാളിൽ വൈകീട്ട് 3ന് നടക്കുന്ന “ആഗ്നിക”യിൽ അനുസ്മരണയോഗത്തോടൊപ്പം സംഗീതക്കച്ചേരിയും കഥകളിയും ഉൾപ്പെടുത്തി അദ്ദേഹത്തിന്റെ ഓർമ്മ പുതുക്കുന്നു. അനിയൻ മംഗലശ്ശേരിയുടെ അധ്യക്ഷതയിൽ ചേരുന്ന സ്മരണാഞ്ജലിയിൽ പാമ്പുമ്മേയ്ക്കാട് ജാതവേദൻ നമ്പൂതിരി സ്മൃതിപ്രഭാഷണം നടത്തും. സോണിയ ഗിരി (പ്രസിഡണ്ട്, നാദോപാസന), കലാനിലയം രാജീവൻ എന്നിവർ അനുസ്മരിച്ച് സംസാരിക്കും. എ എസ് സതീശൻ സ്വാഗതവും, ജ്യോതി അഗ്നിശർമ്മൻ നന്ദിയും പ്രകാശിപ്പിക്കും.

വൈകീട്ട് 4മണിക്ക് ടി എച്ച് സുബ്രഹ്മണ്യം അവതരിപ്പിക്കുന്ന വയലിൻകച്ചേരിയിൽ സനോജ് പൂങ്ങാട്ട് മൃദംഗത്തിലും ദീപു ഏലങ്കുളം ഘടത്തിലും പക്കമേളമൊരുക്കും.

സന്ധ്യയ്ക്ക് 6മണിക്ക് ദക്ഷയാഗം കഥകളിയിൽ ദക്ഷനായി സി വിനോദ് കൃഷ്ണൻ, ഇന്ദ്രനായും ഭൂതഗണമായും കലാനിലയം സൂരജ്, നന്ദികേശ്വരനായും പൂജാബ്രാഹ്മണനായും കലാകേന്ദ്രം ബാലു നായർ, ദധീചിയായും പൂജാബ്രാഹ്മണനായും പ്രദീപ് രാജ, ശിവനായി അഡ്വക്കേറ്റ് രഞ്ജിനി സുരേഷ്, സതിയായി ഡോക്ടർ ജയന്തി ദേവരാജ്, വീരഭദ്രനായി ഇ കെ വിനോദ് വാര്യർ, ഭദ്രകാളിയായി ഹരികൃഷ്ണൻ ഗോപിനാഥ്, ഭൂതഗണമായി അജയ്ശങ്കർ എന്നിവർ വേഷമിടും. കലാനിലയം രാജീവൻ, കലാനിലയം സിനു എന്നിവർ സംഗീതത്തിലും ഡോക്ടർ കൃഷ്ണപ്രവീൺ പൊതുവാൾ, കലാനിലയം ദീപക് എന്നിവർ ചെണ്ടയിലും കലാനിലയം പ്രകാശൻ, കലാനിലയം ഉണ്ണിക്കൃഷ്ണൻ എന്നിവർ മദ്ദളത്തിലും അകമ്പടിയേകും. കലാമണ്ഡലം സുധീഷ്, കലാമണ്ഡലം ഷിബു എന്നിവർ ചുട്ടികുത്തും. രംഗഭൂഷ, ഇരിങ്ങാലക്കുട ചമയം ഒരുക്കും. ഊരകം നാരായണൻ നായർ, കലാമണ്ഡലം മനേഷ്, നാരായണൻകുട്ടി എന്നിവർ അണിയറയൊരുക്കും.

ശാസ്ത്ര സാഹിത്യ കലാ രംഗത്ത് ഈയിടെ പുരസ്കാരവും ഗവേഷണത്തിൽ ബിരുദവും നേടിയ ഇരിങ്ങാലക്കുടക്കാരായ ഡോക്ടർ ഹേന ചന്ദ്രൻ, ഡോക്ടർ ജയന്തി ദേവരാജ്, ഡോക്ടർ ഇ വിനിത, ഡോക്ടർ ഭദ്ര പി കെ എം, ഡോക്ടർ നിത്യ കൃഷ്ണൻ, ഡോക്ടർ അമ്പിളി എം വി, ഡോക്ടർ ജലജ പി എസ് എന്നീ ഏഴ് വനിതാപ്രതിഭകളെ വൈകീട്ട് 3.45ന് നടക്കുന്ന അനുമോദന സമ്മേളനത്തിൽ കഥകളി ക്ലബ്ബ് അനുമോദിക്കുന്നുണ്ട്.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp News Group
https://chat.whatsapp.com/LHvranOVueb9L2MnR0w1SR
subscribe YouTube channel
https://www.youtube.com/@irinjalakudanews
പ്രാദേശിക വാർത്തകൾക്ക് www.irinjalakudaLIVE.com

You cannot copy content of this page