നഗരസഭ റോഡുകളുടെ ശോചനീയാവസ്ഥ -പ്രതിപക്ഷത്തിനെതിരെ ഗുരുതര ആരോപണവുമായി ചെയർപേഴ്സൺ മേരിക്കുട്ടി ജോയ്

ഇരിങ്ങാലക്കുട : നഗരസഭ പ്രദേശങ്ങളിലെ പ്രധാന റോഡുകളുടെ ശോചനീയാവസ്ഥക്ക് കാരണം കൗൺസിലിലെ എൽ.ഡി.എഫ്, ബി.ജെ.പി അംഗങ്ങളുടെ ഇരട്ടത്താപ്പും നെറികെട്ട രാഷ്ട്രീയവുമാണെന്ന ഗുരുതര ആരോപണവുമായി ചെയർപേഴ്സൺ മേരിക്കുട്ടി ജോയ്.



നഗരത്തിലെ പ്രധാന റോഡുകളെല്ലാം തകർന്ന അവസ്ഥയിലാണ് , ഇതേതുടർന്ന് പ്രതിപക്ഷ പാർട്ടികളെല്ലാം നഗരസഭക്കെതിരെ രൂക്ഷമായ വിമർശനങ്ങളും പ്രതിഷേധ പരിപാടികളും തുടരുന്ന സാഹചര്യത്തിൽ വ്യാഴാഴ്ച ചെയർപേഴ്‌സന്റെ ചേംബറിൽ വിളിച്ചുചേർത്ത വാർത്താ സമ്മേളനത്തിലാണ് മേരിക്കുട്ടി ജോയ് കടുത്ത ഭാഷയിൽ പ്രതിപക്ഷത്തിനെതിരെ വിമർശനം ഉന്നയിച്ചത്. സാധാരണക്കാരായ ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചുകൊണ്ട് ദിനം പ്രതി എൽ.ഡി.എഫ്, ബി.ജെ.പി കൂട്ടുകക്ഷികൾ മാറി മാറി നടത്തി വരുന്ന ഈ സമരാഭാസത്തിൻ്റെ സത്യാവസ്ഥ ജനങ്ങൾ തിരിച്ചറിയണം എന്നുകൂടെ ചെയർപേഴ്സൺ പറഞ്ഞു.



ചെയർപേഴ്‌സന്റെ വാർത്ത കുറിപ്പ്

കെ.എസ്.ടി.പി യുടെ റോഡ് നിർമ്മാണവുമായി ബന്ധപ്പെട്ട് നഗരസഭപ്രദേശത്തെ ഗതാഗത സംവിധാനങ്ങളിലുണ്ടായ മാറ്റം പ്രദേശത്തെ പ്രധാന റോഡുകളുടെ ഭൌതിക സാഹചര്യത്തെ സാരമായി ബാധിച്ചിട്ടുള്ളതാണ്. അമിത ഭാര വാഹനങ്ങൾ ഉൾപ്പെടെയുള്ള വാഹനങ്ങൾ പ്രധാന റോഡിൽ നിന്നും ഗതി മാറ്റി മറ്റു പ്രാദേശിക റോഡുകളിലൂടെ അമിതമായി ഗതാഗതം നടത്തുന്നത് റോഡുകളുടെ അവസ്ഥയെ സാരമായി ബാധിച്ചിട്ടുണ്ട്. ശോചനീയാവസ്ഥ പരിഹരിക്കുന്നതിനായി നടത്തണമെന്നാവശ്യപ്പെട്ട് കെ.എസ്.ടി.പി സത്വര നടപടികൾ പൊതുമരാമത്ത് വകുപ്പിനോടും പലവട്ടം ആവശ്യപ്പെട്ടിട്ടും യാതൊരു സഹകരണവും ഉണ്ടായിട്ടുള്ളതല്ല. ഈ സാഹചര്യത്തിൽ നഗരസഭാ പരിധിയിലെ ജനങ്ങളുടെ യാത്രാ ദുരിതം പരിഹരിക്കുന്നതിനായി നഗരത്തിലെ പ്രധാന റോഡുകളായ

1) സണ്ണി സിൽക്ക്സിനു മുൻപിലുള്ള റോഡ് ( ഇരിങ്ങാലക്കുട ചെമ്മണ്ട റോഡ് )
2) ഫയർ സ്റ്റേഷൻ ജംഗ്ഷൻ
3) ഫാദർ ഡിസ്മാസ് റോഡ്
4) ക്രൈസ്റ്റ് യോഗത്തിലും, കോളേജ് ജംഗ്ഷൻ
5) കാട്ടൂർ ബൈപ്പാസ് റോഡ്
6) ഇരട്ട കപ്പേള റോഡ് ( മാർക്കറ്റ് വൺവേ )

എന്നിവ 12.11.2024 ലെ കൌൺസിൽ യോഗത്തിലും, നഗരസഭ തനതു ഫണ്ടിൽ നിന്നും തുക് ചെലവഴിച്ച് പുനരുദ്ധാരണം നടത്തുന്നതിന് തീരുമാനിച്ചിട്ടുള്ളതും, തുടർ നടപടികളുടെ ഭാഗമായി ടെണ്ടർ നടപടികൾ സ്വീകരിച്ച് മുന്നോട്ട് പോകുന്ന സാഹചര്യത്തിൽ വാർഷീക പദ്ധതി ഭേദഗതിയിൽ, ഡി.പി.സി. അംഗീകാരത്തിനായി നൽകുന്നതിന് 15.11.2024 ലെ കൌൺസിലിൽ സമർപ്പിച്ച വേളയിൽ എൽ.ഡി.എഫ്, ബി.ജെ.പി അംഗങ്ങൾ മേൽപ്പറഞ്ഞ പ്രവൃത്തികൾ നടപ്പിലാക്കാൻ അനുവദിക്കില്ലെന്നും ടി പ്രവൃത്തികൾ ഒഴിവാക്കി പദ്ധതി ഭേദഗതി ചെയ്താൽ മാത്രമേ അംഗീകരിക്കാൻ സാധിക്കുകയുള്ളൂ എന്ന നിലയിൽ ഒറ്റക്കെട്ടായി നിന്ന സാഹചര്യത്തിൽ യു.ഡി.എഫ് അംഗങ്ങളുടെ അഭിപ്രായം അംഗീകരിക്കാനാവാതെ അജണ്ട മാറ്റി വക്കേണ്ട സാഹചര്യമാണ് ഉണ്ടായത്.



എന്നിട്ടും ഈ പ്രവൃത്തികളുടെ അടിയന്തിര പ്രാധാന്യം കണക്കിലെടുത്ത് പ്രശ്ന പരിഹാരത്തിനായി ചെയർപേഴ്സൻ്റെ നേതൃത്വത്തിൽ വൈസ് ചെയർമാൻ,സ്റ്റാന്റ്റിംഗ് കമ്മിറ്റി ചെയർമാൻമാർ, കോൺഗ്രസ് ,കേരള കോൺഗ്രസ്, സി.പി.ഐ.എം, സി.പി.ഐ,ബി.ജെ.പി കക്ഷി നേതാക്കളുമായി അടിയന്തിരമായി പിറ്റേ ദിവസമായ 16.11.2024 ൽ ചേർന്ന യോഗത്തിൽ സാങ്കേതികാനുമതി ലഭ്യമായി തുടർ നടപടിയിലേക്ക് കടന്ന പ്രവൃത്തികൾ എൽ.ഡി.എഫ്,ബി.ജെ.പി അംഗങ്ങളുടെ ദുഷിച്ച മനുഷ്യത്വ രഹിതമായ രാഷ്ട്രീയ ചിന്തകളുടെ ഭാഗമായി റദ്ദാക്കണമെന്ന് പ്രതിപക്ഷ കക്ഷികൾ ഒറ്റക്കെട്ടായി ആവശ്യപ്പെടുകയാണ് ഉണ്ടായത്. എന്നിട്ടും സാധാരണക്കാരായ ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചുകൊണ്ട് ദിനം പ്രതി എൽ.ഡി.എഫ്,ബി.ജെ.പി കൂട്ടുകക്ഷികൾ മാറി മാറി നടത്തി വരുന്ന ഈ സമരാഭാസത്തിൻ്റെ സത്യാവസ്ഥ ജനങ്ങൾ തിരിച്ചറിയണം.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page