ഇരിങ്ങാലക്കുട : പൊതുജനങ്ങളുടെ പരാതികൾ പരിഹരിക്കാൻ മന്ത്രിമാരുടെ നേതൃത്വത്തിൽ താലൂക്ക് തലത്തിൽ ഒരുക്കുന്ന കരുതലും കൈത്താങ്ങും പരാതിപരിഹാര അദാലത്ത് മുകുന്ദപുരം താലൂക്കിൽ ഡിസംബർ 16 തിങ്കളാഴ്ച നടക്കും. ഇരിങ്ങാലക്കുട രാജീവ് ഗാന്ധി മുനിസിപ്പൽ ടൗൺഹാളിൽ രാവിലെ പത്തുമണി മുതൽ തുടങ്ങുന്ന അദാലത്തിന് റവന്യൂ – ഭവനനിർമ്മാണ മന്ത്രി അഡ്വ. കെ രാജൻ, ഉന്നതവിദ്യാഭ്യാസ – സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു എന്നിവർ നേതൃത്വം നൽകും. പൊതുജനങ്ങളിൽ നിന്നും അദാലത്ത് ദിവസം പുതിയ പരാതികൾ സ്വീകരിക്കാനും സൗകര്യമൊരുക്കുമെന്ന് മന്ത്രി ഡോ. ആർ ബിന്ദു പറഞ്ഞു.
കരുതലും കൈത്താങ്ങും പരാതിപരിഹാര അദാലത്തിനായുള്ള സംഘാടകസമിതി യോഗം മുകുന്ദപുരം താലൂക്ക് ഓഫീസ് ഹാളിൽ ചേർന്ന് അദാലത്ത് വിജയമാക്കാനുള്ള ആസൂത്രണങ്ങൾ നടത്തി. മന്ത്രി ഡോ. ആർ ബിന്ദു അദ്ധ്യക്ഷയായിരുന്നു. അദാലത്തിനെത്തുന്നവർക്ക് വേണ്ട അടിസ്ഥാന സൗകര്യങ്ങളെല്ലാം ഒരുക്കണമെന്നും പൊതുജനങ്ങൾക്ക് ഒരു ക്ലേശകരമായ അനുഭവവും ഉണ്ടാകാതെ ശ്രദ്ധിക്കണമെന്നും മന്ത്രി ഡോ. ബിന്ദു നിർദ്ദേശിച്ചു.
സാങ്കേതികത്വത്തിന്റെയും നിയമത്തിന്റെയും ചട്ടക്കൂടുകൾ പാലിക്കുമ്പോൾ തന്നെ കൂടുതൽ ജനസൗഹാർദ്ദപരവും മാനുഷികവുമായ സമീപനം സ്വീകരിക്കണം. പൊതുജനങ്ങളുടെ പരമാവധി പരാതികൾ പരമാവധി വേഗത്തിൽ പരിഹരിക്കാൻ പ്രത്യേകശ്രദ്ധ ചെലുത്തണം – ഉദ്യോഗസ്ഥരോട് മന്ത്രി നിർദ്ദേശിച്ചു.
അദാലത്തിനായി മന്ത്രി ഡോ. ആർ ബിന്ദു ചെയർപേഴ്സണും ആർ.ഡി.ഒ കൺവീനറുമായി സംഘാടക സമിതിയും വിവിധ സബ് കമ്മിറ്റികളും രൂപീകരിച്ചു. പടിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലിജി രതീഷ്, കാറളം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് . ബിന്ദു പ്രദീപ്, മുരിയാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ. ജോസ് ജെ ചിറ്റിലപ്പിള്ളി, ഇരിങ്ങാലക്കുട ആർഡിഒ ഡോ. എം സി റെജിൽ, മുകുന്ദപുരം തഹസിൽദാർ സിമീഷ് സാഹു, രാഷ്ട്രീയപാർട്ടി പ്രതിനിധികളായ ടി വർഗ്ഗീസ്, റിയാസുദ്ദീൻ, സാം തോംസൺ, വിവിധ വകുപ്പുതല ഉദ്യോഗസ്ഥർ, മറ്റു ജനപ്രതിനിധികൾ എന്നിവരും യോഗത്തിൽ പങ്കെടുത്തു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com