ഇരിങ്ങാലക്കുടയിൽ കൂൺ ഗ്രാമം വരുന്നു

ഇരിങ്ങാലക്കുട : സംസ്ഥാന കൃഷിവകുപ്പിൻ്റെ കൂൺ ഗ്രാമം പദ്ധതിയിലേക്ക് ഇരിങ്ങാലക്കുട മണ്ഡലത്തെ തിരഞ്ഞെടുത്തതായി ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു അറിയിച്ചു. ഏറെ പോഷകഗുണമുള്ള കൂണിൻ്റെ ഉത്പാദന വർദ്ധനവും മൂല്യവർദ്ധനവും ലക്ഷ്യമാക്കിയുള്ള പദ്ധതിയാണ് കൂൺ ഗ്രാമം പദ്ധതി. മണ്ഡലത്തിൽ നടപ്പാക്കി വരുന്ന പച്ചക്കുട സമഗ്ര കാർഷിക വികസന പദ്ധതിയ്ക്ക് കൂൺ ഗ്രാമം പദ്ധതി മുതൽക്കൂട്ടാവും – മന്ത്രി ഡോ. ബിന്ദു പറഞ്ഞു.

സുരക്ഷിതവും പോഷകസമൃദ്ധവുമായ ഭക്ഷണം കൂടുതൽ ഉത്പാദിപ്പിക്കുന്നതിനും അതിലൂടെ കർഷകവരുമാനം വർദ്ധിപ്പിക്കുന്നതിനും കൃഷി വകുപ്പ് നടത്തുന്ന പ്രയത്നങ്ങൾക്ക് ഉറച്ച പിന്തുണ നൽകി വരുന്ന മണ്ഡലമാണ് ഇരിങ്ങാലക്കുട. പച്ചക്കുട അടക്കം ഇതിനായി ആവിഷ്കരിച്ച വിവിധ പദ്ധതികൾക്ക് അംഗീകാരം കൂടിയായാണ് പുതിയ പദ്ധതിയ്ക്ക് മണ്ഡലത്തെ തിരഞ്ഞെടുത്തിരിക്കുന്നത്.

നൂറ് ചെറുകിട കൂൺ ഉത്പാദന യൂണിറ്റുകൾ, രണ്ട് വൻകിട ഉത്പാദന യൂണിറ്റുകൾ, ഒരു വിത്തുല്പാദന യൂണിറ്റ്, പത്ത് കമ്പോസ്റ്റ് യൂണിറ്റുകൾ, രണ്ട് പാക്ക് ഹൗസുകൾ, മൂന്ന് സംസ്കരണ യൂണിറ്റുകൾ, നൂറു കർഷകർക്കുള്ള പരിശീലനം എന്നിവ ഉൾപ്പെട്ടതാണ് കൂൺ ഗ്രാമം പദ്ധതി.

സംസ്ഥാന ഹോർട്ടി കൾച്ചർ മിഷൻ വഴി നടപ്പാക്കി വരുന്ന പദ്ധതിയിലെ ഈ ഘടകങ്ങളെല്ലാം മണ്ഡലത്തിലെ കാർഷികവളർച്ചയ്ക്കും കർഷകർക്കും പ്രയോജനകരമാകുന്ന വിധത്തിലുള്ളവയാണ്.

കഴിഞ്ഞ വർഷം ബ്ലോക്ക് അടിസ്ഥാനത്തിൽ നടപ്പാക്കി വന്ന പദ്ധതിയാണിത്. ഈ വർഷം തൊട്ടാണ് നിയോജക മണ്ഡലം അടിസ്ഥാനത്തിലേക്ക് പദ്ധതിയെ വികസിപ്പിച്ചിട്ടുള്ളത്. ഇരിങ്ങാലക്കുടയുടെ കാർഷിക ഉണർവ്വിൽ സംഭാവനയാകാൻ പോന്ന പദ്ധതി സമ്മാനിച്ചതിന് സംസ്ഥാന സർക്കാരിന് മണ്ഡലത്തിലെ കർഷകസമൂഹത്തിൻ്റെയാകെ പേരിൽ അഭിവാദനമർപ്പിക്കുകയാണെന്നും മന്ത്രി ഡോ. ബിന്ദു പറഞ്ഞു.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page