ഇരിങ്ങാലക്കുട : കൂടൽമാണിക്യ ക്ഷേത്രത്തിലെ ഉത്സവക്കാലത്ത് ക്ഷേത്രത്തിലെത്തുന്ന ഭക്തജനങ്ങളും ആനകളും ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന കിഴക്കേനടപ്പുരയുടെ തെക്കുവശത്തുള്ള ആനപ്പള്ളമതിലിലെ ആനപ്പടി ഉത്സവക്കാലത്തുണ്ടാകാറുള്ള തിരക്ക് പരിഗണിച്ചും സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായും വീതികൂട്ടി നവീകരിക്കുന്നതിന് പണികൾ പൂർത്തിയായി. കൂടൽമാണിക്യം തിരുവുത്സവ ദിവസമായ ഏപ്രിൽ 28 വൈകീട്ടാണ് ഉദ്ഘാടനം നിശ്ചയിച്ചിരിക്കുന്നത് . ഐ.സി.എൽ ഫിൻ കോർപ് മാനേജിങ് ഡയറക്ടർ കെ ജി അനിൽകുമാർ ആണ് നിർമാണത്തിന്റെ ചിലവുകൾ വഹിക്കുന്നത്.
ഉത്സവത്തിന്റെ മുന്നോടിയായി നടക്കുന്ന സുരക്ഷാക്രമീകരണങ്ങളെ സംബന്ധിച്ചുള്ള യോഗങ്ങളിലെല്ലാം ആനപ്പടി വാതിലിന്റെ വീതി കൂട്ടണമെന്ന് പോലീസും അഗ്നിരക്ഷാസേനയും നിരന്തരം ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കൂടിയാണ് ഇപ്പോൾ വീതിയും പൊക്കവും കൂട്ടി പണികൾ പൂർത്തീകരിച്ചിരിക്കുന്നത്.
അഞ്ചുമീറ്റർ വീതിയിൽ, അഞ്ചുമീറ്റർ ഉയരത്തിൽ ആണ് പുതിയ കവാടം. നിലവിൽ ഉണ്ടായിരുന്ന വാതിലിന്റെ തെക്കുഭാഗത്തുമിന്നും കൂടുതലായി ഇതിനായി സ്ഥലമെടുത്തു. കരിങ്കല്ലുകൊണ്ടുള്ള കട്ടിള പണിത് അതിനുള്ളിൽ വിവിധ ആവശ്യങ്ങൾക്ക് ഉതകംവിധം തുറക്കാൻ ആകുന്ന ഇരുമ്പ് ഗേറ്റ് ആണ് സ്ഥാപിച്ചിട്ടുള്ളത് . നിലവിലെ പാരമ്പര്യ നിർമാണ രീതിയിൽ തന്നെയാണ് നിർമ്മാണം .
ആനപ്പള്ളമതിലിന്റെ രൂപം ആനയുടെ വയറുപോലെ മതിലിന്റെ ഇരുവശവും വീർത്തു ഇരിക്കുന്നതുപോലെയാണ്. കല്ലും കുമ്മായവും കൊണ്ടാണ് ഇപ്പോളുള്ള നിർമിതിയെന്ന് പൊളിച്ചപ്പോൾ കാണുകയുണ്ടായി. ഏകദേശം അര നൂറ്റാണ്ടിലേറെയായി ഇപ്പോളുള്ള രീതിയിൽ ആനപ്പടിയുണ്ടെന്നു പഴമക്കാർ പറയുന്നു. ആദ്യകാലത്ത് മരം കൊണ്ടുള്ള നിർമിതിയായിരുന്നു. പിന്നീടാണ് ഇരുമ്പു ഗേറ്റ് വന്നത്. ആനപടിവാതിലിനു മുകളിൽ ഒറ്റ കരിങ്കല്ലുകൊണ്ടുള്ള തൂണായിരുന്നു ഉണ്ടായിരുന്നത്.
ഉത്സവക്കാലത്തുണ്ടാകാറുള്ള തിരക്ക് പരിഗണിച്ചാണ് തീരുമാനം. ഉത്സവത്തിന് ശീവേലി എഴുന്നള്ളിപ്പും വൈകീട്ട് കലാപരിപാടികളും വിളക്കും കാണാൻ ക്ഷേത്രത്തിലെത്തുന്ന ഭക്തജനങ്ങൾ മതിൽക്കെട്ടിനകത്തേക്ക് പ്രവേശിക്കുന്നതിനും മടങ്ങുന്നതിനും ഏറ്റവും കൂടുതലായി ഉപയോഗിക്കുന്നത് ഈ വഴിയാണ്. ആനകളും ഈ വഴി ഉപയോഗിക്കാറുള്ളതിനാൽ ആനവാതിലെന്നും ഇതിന് പേരുണ്ട്.


