ആളൂരിൽ പോലീസ് ജീപ്പിടിച്ച് വിദ്യാർത്ഥി മരിച്ച സംഭവം: ഗൗരവകരമായ അന്വേഷണം വേണം; കുടുംബത്തിന് അടിയന്തര ധനസഹായം ലഭ്യമാക്കണം: സി.പി.ഐ(എം)

കല്ലേറ്റുംകര : ആളൂർ കദളിച്ചിറയിൽ പോലീസ് ജീപ്പിടിച്ച് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാർത്ഥി പീണിക്കപറമ്പിൽ ജൂവിൻ രാജുവിന്റെ (16) ജീവൻ നഷ്ടപെട്ട സംഭവത്തിൽ ഗൗരവകരമായ അന്വേഷണം വേണമെന്ന് സിപിഐ(എം) മാള ഏരിയ കമ്മിറ്റി പ്രസ്താവനയിൽ ആവശ്യപ്പെട്ടു.



ജൂൺ 15-ന് നടന്ന അപകടത്തിൽ വലിയ വീഴ്ചയാണ് പോലീസ് ഭാഗത്തുനിന്നുണ്ടായിട്ടുള്ളത്. നിയമം പാലിക്കേണ്ടവർ തന്നെ ഇത്തരം അശ്രദ്ധമായ രീതിയിൽ വാഹനം ഓടിച്ച് അപകടം വരുത്തിയത് അത്യന്തം ഗൗരവതരമാണ്. വാഹനമോടിച്ച പോലീസ് ഉദ്യോഗസ്ഥൻ അമിതവേഗതയിലോ അശ്രദ്ധമായോ ആണോ വാഹനം ഓടിച്ചതെന്ന് നിഷ്പക്ഷമായ ഉന്നതതല അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണം എന്ന് സിപിഐഎം മാള ഏരിയാ സെക്രട്ടറി ടി. കെ. സന്തോഷ് ആവശ്യപ്പെട്ടു.



അപകടം നടന്നിട്ടും ചികിത്സയിലായിരുന്ന വിദ്യാർത്ഥിയുടെ കാര്യത്തിലോ കുടുംബത്തിന്റെ ദുരവസ്ഥയിലോ സർക്കാർ ഇതുവരെ യാതൊരുവിധ നടപടിയും കൈക്കൊണ്ടിട്ടില്ല എന്നത് പ്രതിഷേധാർഹമാണ്. അപകടത്തിൽപ്പെട്ട കുട്ടികളുടെ ചികിത്സയ്ക്കും തുടർചെലവുകൾക്കുമായി സർക്കാർ അടിയന്തരമായി ഇടപെടണം. നിലവിൽ ചികിത്സയിൽ കഴിയുന്ന തയ്യിൽ അനന്തകൃഷ്ണന്റെ ചികിത്സയ്ക്കുള്ള മുഴുവൻ ചിലവും സർക്കാർ വഹിക്കണം. മരിച്ച ജൂവിൻ രാജുവിന്റെ കുടുംബത്തിന് അർഹമായ നഷ്ടപരിഹാരവും സർക്കാർ സഹായവും ഉറപ്പാക്കാൻ സർക്കാർ അടിയന്തരമായി തയ്യാറാകണം.




ഇത്തരം ദാരുണമായ സംഭവങ്ങൾ ഇനി ഒരിടത്തും ആവർത്തിക്കില്ലെന്ന് ഉറപ്പുവരുത്താൻ പോലീസ് സംവിധാനം കൂടുതൽ ജാഗ്രത പുലർത്തണം. റോഡുകളിൽ സുരക്ഷിതമായ ഗതാഗതം ഉറപ്പാക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് സിപിഐഎം ആവശ്യപ്പെട്ടു.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page