പതിനെട്ടാമത് ഗുരുസ്മ‌രണ ദശരൂപക മഹോത്സവം ജൂലൈ 1 മുതൽ 12 വരെ – അമ്പതിലധികം കലാകാരന്മാരും പതിനഞ്ചോളം പ്രഭാഷകരും പങ്കെടുക്കുന്നു

ഇരിങ്ങാലക്കുട : അമ്മന്നൂർ ഗുരുകുലം വർഷംതോറും സംഘടിപ്പിക്കുന്ന ഗുരുസ്‌മരണ കൂടിയാട്ട മഹോത്സവം 2026 ജൂലൈ 1 ബുധനാഴ്‌ച മുതൽ 12 ഞായറാഴ്ച‌ വരെ ഇരിങ്ങാലക്കുട അമ്മന്നൂർ ഗുരുകുലത്തിലെ മാധവനാട്യഭൂമിയിൽ അരങ്ങേരുമെന്ന് സംഘാടകർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.



കൂടിയാട്ട ഇതിഹാസം പത്മഭൂഷൺ ഗുരു അമ്മന്നൂർ മാധവ ചാക്യാർ നിര്യാതനായിട്ട് ജൂലൈ 1ന് 18 വർഷം തികയുന്നു. ഗുരു അമ്മന്നൂരിൻറെ അനുസ്മ‌രണ ദിനമായ ജൂലൈ 1 ന് അനുസ്‌മരണസമ്മേളനം ഇരിങ്ങാലക്കുട നഗരസഭാ ചെയർമാൻ എം.പി. ജാക്‌സൺ ഉദ്ഘാടനം ചെയ്യും.



കലാമണ്ഡലം മുൻ വൈസ് ചാൻസിലർ ഡോ. കെ.ജി. പൗലോസ് ദശരൂപകങ്ങളെ കേന്ദ്രികരിച്ച് അമ്മന്നൂർ സ്‌മാരക പ്രഭാഷണം നടത്തും. വേണുജി അദ്ധ്യക്ഷതവഹിക്കുന്ന യോഗത്തിൽ ഉഷാനങ്ങ്യാർ, ഇരിങ്ങാലക്കുട കെ.എൻ. പിഷാരടിക്ലബ്ബ് സെക്രട്ടറി രാജേഷ് തമ്പാൻ എന്നിവർ അനുസ്‌മരണവും മുൻസിപ്പൽ കൗൺസിലർ ഡെലി സിജു ആശംസയും അർപ്പിക്കും. ഗുരുകുലം പ്രസിഡൻ്റ് കലാമണ്ഡലം രാജീവ് യോഗത്തിന് സ്വാഗതവും, സെക്രട്ടറി സരിത കൃഷ്‌ണകുമാർ നന്ദിയും പറയും. തുടർന് ദശരൂപകമഹോത്സവത്തിൻറെ ഭാഗമായി ആതിര ഹരിഹരൻ ദ്രൗപദി ( ദ്യുതസഭ) നങ്ങ്യാർകൂത്ത് അവതരിപ്പിക്കും.



ഗുരുസ്‌മരണ കൂടിയാട്ട മഹോത്സവം കൂടിയാട്ടത്തിലെ വിവിധ ആശയങ്ങൾ, സങ്കേതങ്ങൾ തുടങ്ങി വിവിധ പ്രമേയങ്ങളെ ആസ്‌പദമാക്കിയാണ് അവതരിപ്പിക്കുന്നത്. ഈ വർഷം നാട്യശാസ്ത്രത്തിലെ ദശരൂപകവിധാനത്തെ ആസ്‌പദമാക്കി പത്ത് രൂപകങ്ങളുടേയും രംഗവതരണങ്ങളാണ് ദശരൂപകമഹോത്സവം എന്ന പേരോട് കൂടി അരങ്ങേറുന്നത്.



ദശരൂപക വിധാനത്തിലെ പ്രഹസനം, ഈഹാമ്യഗം, ഭാണം, സമവകാരം, വീഥി, നാടകം, ഡിമം, അങ്കം, വ്യായോഗം, ഉത്സ്യഷ്ടി കാങ്കം, പ്രകരണം എന്നിവ യഥാവിധി അരങ്ങേറുന്നു ഗുരു അമ്മന്നൂരാശാനും അദ്ദേഹത്തിൻറെ ശിഷ്യരും സംവിധാനം ചെയ്ത കൂടിയാട്ടങ്ങളാണ് ദശരൂപകങ്ങളുടെ വിവിധ രൂപകങ്ങളായി അരങ്ങേറുന്നത്. മത്തവിലാസം പ്രവാസനം, സനം, രുഗ്‌മിണിഹരണം, രസസദനം, സമുദ്രമഥനം, ചന്ദ്രികാവീഥി, സുഭദ്രാധനഞ്ജയം ഒന്നാമങ്കം, ത്രിപുരദാഹം, ഊരുഭംഗം, കല്യാണ സൗഗന്ധികം വ്യായോഗം, അരണ്യസഖ്യാങ്കം, മൃച്‌ഛകടികം എന്നി കൂടിയാട്ടങ്ങളാണ് അരങ്ങേറുന്നത്. ദിവസവും വൈകിട്ട് 5.30 ന് ദശരൂപകങ്ങളിലെ വിത്യസ്ഥ രൂപകങ്ങളെ കുറിച്ച് പ്രഭാഷണങ്ങളും ഉണ്ടായിരിക്കും.



ജൂലൈ 11 ശനിയാഴ്ച്‌ച രാവിലെ 9.30 ന് ഗുരു അമ്മന്നൂർസ്മൃതി പൂജ നടക്കും സ്മൃ‌തി പൂജ ഇരിങ്ങാലക്കുട എം എൽ എ അഡ്വ തോമസ് ഉണ്ണിയാടൻ ഉദ്ഘാടനം ചെയ്യും അമ്മന്നൂർ കുട്ടൻ ചാക്യാർ അദ്ധ്യക്ഷത വഹിക്കുന്ന യോഗത്തിൽ ഗുരുകുലം ട്രഷറർ കലാമണ്ഡലം നാരായണൻ നമ്പ്യാർ സ്വാഗതവും എക്സികൂട്ടിവ് മെമ്പർ പൊതിയിൽ രഞ്ജിത് ചാക്യാർ നന്ദിയും പറയും.



തുടർന്ന് ദശരൂപക സഹിത്യം, നാടകഭേദങ്ങൾ, ആധുനികനാടകവേദി തുടങ്ങി വിവിധ വിഷയങ്ങളെ ആസ്‌പദമാക്കി സെമിനാറും നടക്കും. അമ്പതിലധികം കലാകാരന്മാരും പതിനഞ്ചോളം പ്രഭാഷകരും പങ്കെടുക്കുന്ന ദശരൂപകമഹോത്സവം ചരിത്രത്തിലാദ്യമായി സംഘടിപ്പിക്കുന്നു എന്നതും ഈ ഗുരുസ്‌മരണ മഹോത്സവത്തിൻറെ എടുത്ത് പറയേണ്ട സവിശേഷതയാണ്.



കൂടിയാട്ടത്തിന്റെ ചരിത്രപുരുഷൻ എന്ന് വിശേഷിപ്പിക്കുന്ന ഗുരു അമ്മന്നൂരും അദ്ദേഹത്തിന്റെ ശിഷ്യരും സംവിധാനം ചെയ്‌ത കൂടിയാട്ടങ്ങളുടെ മാത്രം സമ്മേളനമായി മാറുന്ന ഈ മഹോത്സവം ഇരിങ്ങാലക്കുടയുടെ കൂടിയാട്ട സംസ്കാരത്തെ എക്കാലത്തും അടയാളപ്പെടുത്തുന്ന ഒരു മഹോത്സവമായി മാറുമെന്ന് ഗുരുകുലം സെക്രട്ടറി സരിത കൃഷ്ണ കുമാർ, വൈസ് പ്രസിഡന്റ് സൂരജ് നമ്പിയാർ , ട്രഷറർ കലാമണ്ഡലം നാരായണൻ നമ്പിയാർ എന്നിവർ ഇരിങ്ങാലക്കുട പ്രസ് ക്ലബ്ബിൽ നടന്ന വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page