ഇരിങ്ങാലക്കുടയിൽ ‘നാട്യസൗരഭം’ കൂടിയാട്ട ആസ്വാദനക്കളരിക്ക് തുടക്കമായി

ഇരിങ്ങാലക്കുട : വളർന്നുവരുന്ന പുതുതലമുറയ്ക്ക് കൂടിയാട്ടത്തിന്റെ മഹത്തായ നാട്യസംസ്കാരം പരിചയപ്പെടുത്തുന്നതിനായി ഇരിങ്ങാലക്കുട ഡോക്ടർ കെ എൻ പിഷാരടി സ്മാരക കഥകളി ക്ലബ്ബും അമ്മന്നൂർ ഗുരുകുലവും സംയുക്തമായി സ്കൂൾ-കോളേജ് വിദ്യാർത്ഥികൾവേണ്ടി ഒരുക്കുന്ന ഒരു വർഷം നീണ്ടുനിൽക്കുന്ന ‘നാട്യസൗരഭം’ കൂടിയാട്ട പരിചയ-ആസ്വാദനക്കളരിക്ക് മാധവനാട്യഭൂമിയിൽ തുടക്കമായി.

മാധവനാട്യഭൂമിയിൽ നടന്ന ചടങ്ങ് അഡ്വ. തോമസ് ഉണ്ണിയാടൻ എം.എൽ.എ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. സ്കൂൾ-കോളേജ് അധികൃതരുമായി ആലോചിച്ച്, ഇരിങ്ങാലക്കുട കഥകളി ക്ലബ്ബിന്റെയും അമ്മന്നൂർ ഗുരുകുലത്തിന്റെയും സഹകരണത്തോടെ, സർക്കാർ-സർക്കാരേതര സംവിധാനങ്ങൾ ഉപയോഗിച്ച് കൂടിയാട്ടം, കഥകളി പോലുള്ള രംഗകലകൾ വരുംകാലങ്ങളിൽ വിദ്യാലയങ്ങളിൽ കുട്ടികൾക്ക് നമ്മുടെ രംഗകലകളെ പരിചയപ്പെടുത്തുന്ന വിവിധ പദ്ധതികൾ നടപ്പിലാക്കുമെന്ന് തോമസ് ഉണ്ണിയാടൻ തൻ്റെ ഉദ്ഘാടന പ്രസംഗത്തിൽ വ്യക്തമാക്കി.

കലകളുടെ സംഗമഭൂമിയായ ഇരിങ്ങാലക്കുടയുടെ സാംസ്കാരിക പൈതൃകം വിദ്യാർത്ഥികളിലേക്ക് എത്തിക്കുകയാണ് ഈ ചൊല്ലിയാട്ടപരമ്പരയിലൂടെ ലക്ഷ്യമിടുന്നതെന്ന് ഇരിങ്ങാലക്കുട കഥകളി ക്ലബ്ബ് പ്രസിഡണ്ട് രമേശൻ നമ്പീശൻ ആമുഖത്തിൽ പറഞ്ഞു. ഒരു വർഷംകൊണ്ട് കൂടിയാട്ടം എന്ന കലാരൂപത്തെക്കുറിച്ച് സമഗ്രമായ അറിവ് വിദ്യാർത്ഥികൾക്ക് പകർന്നുകൊടുക്കുന്ന തരത്തിലാണ് ക്ലാസിന്റെ പാഠ്യക്രമവും ഉള്ളടക്കവും ക്രമീകരിച്ചിരിക്കുന്നതെന്ന് ഗുരുകുലം പ്രസിഡണ്ട് കലാമണ്ഡലം രാജീവൻ സ്വാഗതപ്രസംഗത്തിൽ സൂചിപ്പിച്ചു.

ഉദ്ഘാടനച്ചടങ്ങിന് ശേഷം പർണ്ണശാലാങ്കം കൂടിയാട്ടത്തിലെ ലളിതയുടെ ഭാഗം പ്രശസ്ത കൂടിയാട്ട കലാകാരി കപില ചൊല്ലിയാടി. മിഴാവിൽ കലാമണ്ഡലം രാജീവ്, കലാമണ്ഡലം ഹരിഹരൻ എന്നിവരും ഇടയ്ക്കയിൽ കലാനിലയം ഉണ്ണിക്കൃഷ്ണനും താളത്തിൽ കൂടിയാട്ട കലാകാരി സരിത കൃഷ്ണകുമാറും പക്കമേളമൊരുക്കി. പ്രശസ്ത കൂടിയാട്ട കലാകാരി ഡോക്ടർ അപർണ്ണ നങ്ങ്യാർ ആസ്വാദന ക്ലാസ്സ് നയിച്ച് കഥാസന്ദർഭങ്ങളും കൂടിയാട്ടത്തിലെ സൗന്ദര്യവശങ്ങളും വിശദീകരിച്ചു.



തുടർന്നുള്ള ക്ലാസ്സുകൾ സ്കൂൾ-കോളേജ് അവധിദിവസങ്ങളിലോ, രാവിലെ 10-നും വൈകീട്ട് 6-നും മധ്യേ സൗകര്യപ്രദമായ ഒഴിവുസമയങ്ങളിലായിരിക്കും ക്ലാസ്സുകൾ നിശ്ചയിക്കുക എന്ന് കലാമണ്ഡലം നാരായണൻ നമ്പ്യാർ നന്ദി പ്രകാശനത്തിൽ അറിയിച്ചു. ഈ ആസ്വാദനക്കളരി വിജയകരമായി പൂർത്തിയാക്കുന്ന വിദ്യാർത്ഥികൾക്ക്, കഥകളി ക്ലബ്ബിന്റെ വാർഷികത്തോടനുബന്ധിച്ച് നടത്തുന്ന രംഗകലാ കോൺഫ്രൻസ് സമാപന വേദിയിൽ ഔദ്യോഗിക സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്യുന്നതാണ്. നൃത്തം പഠിക്കുന്ന, കലകളെ സ്നേഹിക്കുന്ന എല്ലാ വിദ്യാർത്ഥികളും ഈ സുവർണ്ണാവസരം പ്രയോജനപ്പെടുത്തണമെന്ന് സംഘാടകർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 9947550136, 9961442086, 9447774617

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page