കെ.വി ചന്ദ്രൻ സ്മാരക “ചന്ദ്രപ്രഭ പുരസ്കാരം” നാട്യാചാര്യൻ ജി വേണുവിന്

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ഡോക്ടർ കെ എൻ പിഷാരടി സ്മാരക കഥകളി ക്ലബ്ബിന്റെ സെക്രട്ടറിയും, സംഗമഗ്രാമത്തിന്റെ സാംസ്ക്കാരിക ഹൃദയസ്പന്ദനവുമായിരുന്ന കിഴക്കെ വാരിയത്ത് ചന്ദ്രന്റെ (ചന്ദ്രേട്ടൻ) ഓർമ്മയ്ക്കായി കഥകളി ക്ലബ്ബ് ഏർപ്പെടുത്തിയ “ചന്ദ്രപ്രഭ പുരസ്കാര “ത്തിന് (2026–27) പ്രശസ്ത കൂടിയാട്ടം കലാകാരനും, സംവിധായകനും, ഗവേഷകനുമായ ജി വേണു (വേണുജി) അർഹനായി.

കാലത്തിന്റെ വക്താവായി, അനുഗുണമായ പരിപോഷണങ്ങൾ നൽകി കലയ്ക്ക്, വിശിഷ്യാ കൂടിയാട്ടത്തിനും, മറ്റ് പരമ്പരാഗത രംഗകലകൾക്കും അദ്ദേഹം നൽകിയ നിസ്തുലമായ സംഭാവനകളേയും,, സംരക്ഷണപ്രയത്നങ്ങളേയും മുൻനിർത്തിയാണ് ഈ പുരസ്കാരത്തിനായി അദ്ദേഹത്തെ തിരഞ്ഞെടുത്തത്. പരമ്പരാഗത ചാക്യാർസമുദായത്തിനുപുറത്തുനിന്നുവന്ന്, അമ്മന്നൂർ കളരിയിൽ കൂടിയാട്ടം പഠിച്ച്, അതിനെ ആഗോളതലത്തിൽ എത്തിക്കുന്നതിൽ ഒരു പരിപോഷകനായി അദ്ദേഹം വഹിച്ച പങ്ക് സമാനതകളില്ലാത്തതാണെന്ന് പുരസ്കാരനിർണ്ണയസമിതി വിലയിരുത്തി.



ഇരിങ്ങാലക്കുടയിലെ ‘നടനകൈരളി’ എന്ന കലാസ്ഥാപനത്തിലൂടെ കലകളുടെ പുനരുജ്ജീവനത്തിനായി വലിയ പങ്കുവഹിച്ചു. ‘നവരസസാധന’ എന്ന അഭിനയപരിശീലനപദ്ധതിയിലൂടെ രംഗകലകളിലെ സാത്വികാഭിനയത്തിന് കാതലായ മാറ്റങ്ങൾ കൊണ്ടുവരാൻ അദ്ദേഹത്തിന് സാധിച്ചു. നിരവധി കലാസംബന്ധിയായ ഗ്രന്ഥങ്ങളും ലേഖനങ്ങളും പ്രബന്ധങ്ങളും രചിച്ച വേണുജി, കഥകളി, കൂടിയാട്ടം, മോഹിനിയാട്ടം എന്നിവയിലെ കൈമുദ്രകൾക്കായി ചരിത്രത്തിലാദ്യമായി ഒരു നൊട്ടേഷൻ സമ്പ്രദായം വികസിപ്പിച്ചെടുത്ത് പുസ്തകമായി പ്രസിദ്ധീകരിക്കുകയും ചെയ്തിട്ടുണ്ട്.

പാവക്കഥകളി, തോൽപ്പാവക്കൂത്ത്, കാക്കാരിശ്ശിനാടകം, അമ്മാനാട്ടം തുടങ്ങിയ അന്യംനിന്നുപോകുമായിരുന്ന കലകളെ പുനരുദ്ധരിക്കാനും, ആ കലാകുടുംബങ്ങളെ പാർശ്വവൽക്കരണത്തിൽനിന്ന് വീണ്ടെടുക്കാനും അദ്ദേഹം നടത്തിയ പ്രവർത്തനങ്ങൾ കലാലോകം എക്കാലവും ആദരവോടെയാണ് കാണുന്നത്.


പതിറ്റാണ്ടുകളുടെ പ്രവർത്തനപാരമ്പര്യത്തോടെ മികച്ച അരങ്ങുകൾ ഒരുക്കുകയും, കലകളുടെ നിലനിൽപ്പിനായി നിസ്വാർത്ഥ സേവനമനുഷ്ഠിച്ച് സാംസ്കാരിക ഭൂപടത്തിന് വിലപ്പെട്ട സംഭാവനകൾ നൽകുകയും ചെയ്തവരെയാണ് ഈ പുരസ്കാരത്തിനായ് പരിഗണിക്കുന്നത്.

2022-ലെ മഹാനവമിദിവസമാണ് കെ വി ചന്ദ്രൻ വിട്ടുപോയത്. അദ്ദേഹത്തോടുള്ള ആദരസൂചകമായി അതത് വർഷങ്ങളിലെ ചരമദിനത്തിൽ പുരസ്ക്കാരം പ്രഖ്യാപിക്കുകയും, ക്ലബ്ബിന്റെ വാർഷികത്തോടനുബന്ധിച്ച് നടക്കുന്ന പൊതുയോഗത്തിൽ സമർപ്പിക്കുകയുമാണ് ചെയ്യുന്നത്. 2027 ജനുവരിയിലാണ് ഇരിങ്ങാലക്കുട കഥകളി ക്ലബ്ബിന്റെ വാർഷികാഘോഷ പരിപാടികൾ. പതിനയ്യായിരം രൂപയും, പ്രശസ്ത കാലിഗ്രാഫർ ആർട്ടിസ്റ്റ് ഭട്ടതിരി രൂപകല്പന ചെയ്ത ഫലകവും, കീർത്തിപത്രവും, അംഗവസ്ത്രവും അടങ്ങുന്നതാണ് “ചന്ദ്രപ്രഭ പുരസ്കാരം”.

കേരള കലാമണ്ഡലം മുൻ വൈസ് ചാൻസലർ ഡോക്ടർ ടി കെ നാരായണൻ (ചെയർമാൻ),
പദ്മ ശ്രീ പെരുവനം കുട്ടൻ മാരാർ (മുഖ്യ ഉപദേഷ്ടാവ്), ഡോക്ടർ നാരായണൻ പിഷാരടി, അനിയൻ മംഗലശ്ശേരി, രമേശൻ നമ്പീശൻ, അഡ്വക്കേറ്റ് രാജേഷ് തമ്പാൻ, ടി നന്ദകുമാർ എന്നിവരടങ്ങുന്ന സമിതിയാണ് പുരസ്ക്കാരജേതാവിനെ ഏകകണ്ഠമായി തിരഞ്ഞെടുത്തത്.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page