മണ്ഡലത്തിലെ സർക്കാർ, എയ്ഡഡ് വിദ്യാലയങ്ങളിൽ ഗണിതശാസ്ത്ര – ഇംഗ്ലീഷ് ഭാഷ പരിശീലനപദ്ധതി ‘ദിശ’ പ്രഖ്യാപിച്ച് മന്ത്രി ആർ ബിന്ദു

നൂറുമേനി വിജയം നേടിയ നിയോജക മണ്ഡലത്തിലെ വിദ്യാലയങ്ങൾക്കും വിദ്യാർത്ഥി പ്രതിഭകൾക്കും “ആദരം 2023” ൽ പുരസ്‌കാരങ്ങൾ നൽകി – മണ്ഡലത്തിലെ സർക്കാർ, എയ്ഡഡ് വിദ്യാലയങ്ങളിൽ ഗണിതശാസ്ത്ര – ഇംഗ്ലീഷ് ഭാഷ പരിശീലനപദ്ധതി ‘ദിശ’ പ്രഖ്യാപിച്ച് മന്ത്രി ആർ ബിന്ദു

ഇരിങ്ങാലക്കുട : മണ്ഡലത്തിലെ തിരഞ്ഞെടുക്കപ്പെട്ട 15 സർക്കാർ, എയ്ഡഡ് വിദ്യാലയങ്ങളിൽ 6-ാം ക്ലാസ്സ് മുതൽ 10-ാം ക്ലാസ്സ് വരെ പഠിക്കുന്ന വിദ്യാർത്ഥികൾക്കായി ഗണിതശാസ്ത്ര – ഇംഗ്ലീഷ് ഭാഷ പരിശീലനപദ്ധതി ‘ദിശ’ പ്രഖ്യാപിച്ചു. ഓൺലൈനായും ഓഫ്‌ലൈനായും തിരഞ്ഞെടുക്കപ്പെട്ട് പരിശീലനം നേടിയ NSS വോളൻറിയെർസ് ആയിരിക്കും കുട്ടികൾക്ക് പരിശീലനം നൽകുക.

ഇരിങ്ങാലക്കുട ടൌൺ ഹാളിൽ നടന്ന നിയോജക മണ്ഡലംതല വിദ്യാഭ്യാസ പുരസ്ക്കാരവിതരണം “ആദരം 2023″ന്‍റെ ഉദ്ഘാടന ചടങ്ങിൽ ആയിരുന്നു ഉന്നതവിദ്യാഭ്യാസ – സാമൂഹ്യനീതി മന്ത്രി ഡോ ആർ ബിന്ദു പദ്ധതി പ്രഖ്യാപിച്ചത്.


കഴിഞ്ഞ വർഷത്തെ എസ്.എസ്.എൽ.സി – പ്ലസ് ടു, വി.എച്ച്.എസ്.ഇ. പരീക്ഷകളിൽ സംസ്ഥാന സിലബസ്സിൽ എല്ലാ വിഷയങ്ങളിലും എ പ്ലസ് കരസ്ഥമാക്കിയ വിദ്യാർത്ഥി പ്രതിഭകളെയും നൂറുമേനി വിജയം നേടിയ വിദ്യാലയങ്ങളെയും പുരസ്കാരം നൽകി ആദരിച്ചു.

സ്വന്തം അഭിരുചി കൃത്യമായി മനസിലാക്കി അതിനനുസൃതമായ വഴിത്താര തിരഞ്ഞെടുക്കുക്കാൻ തന്‍റെടം ഉണ്ടാകണമെന്നും മാതാപിതാക്കളും അധ്യാപകരും അതിനു കുട്ടികളെ പിന്തുണക്കണമെന്നും മന്ത്രി പറഞ്ഞു. ചടങ്ങിൽ ജില്ലാ പ്രസിഡന്‍റ് ഡേവിസ് മാസ്റ്റർ അധ്യക്ഷത വഹിച്ചു.

പരാജയപെട്ടവർ കെട്ടിപ്പടുത്തതാണ് ഈ ലോകമെന്നും, പരാജയപ്പെടുമ്പോൾ ആശങ്കപ്പെടാതെ വിജയത്തിനായി വലിയസ്വപ്നങ്ങൾ കാണണമെന്നും അതിനു വേണ്ടി പരിശ്രമിച്ചുകൊണ്ടേയിരിക്കണമെന്നും മുഖ്യാതിഥിയായ അഖിൽ വി മേനോൻ ഐ എ എസ് പറഞ്ഞു


സിവിൽ സർവീസ് പരീക്ഷയിൽ 66-ാം റാങ്കും, KAS പരീക്ഷയിൽ 6-ാം റാങ്കും കരസ്ഥമാക്കിയ അഖിൽ വി മേനോൻ, KAS പരീക്ഷയിൽ 55-ാം റാങ്ക് കരസ്ഥമാക്കി നിലവിൽ കാസർഗോഡ് ജില്ലാ സോഷ്യൽ ജസ്റ്റിസ് ഓഫീസർ ആയി പ്രവർത്തിക്കുന്ന ആര്യ പി രാജ്, സ്പെഷ്യൽ ഒളിംപിക്സിൽ രണ്ട് സ്വർണ മെഡൽ നേടിയ അഭിജിത് എന്നിവരെ വേദിയിൽ ആദരിച്ചു.

തൃശൂർ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ലത ചന്ദ്രൻ സ്വാഗതവും ജില്ലാ വിദ്യാഭ്യാസ ഓഫീസർ എസ് ഷാജി നന്ദിയും രേഖപ്പെടുത്തി.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp News Group
https://chat.whatsapp.com/LHvranOVueb9L2MnR0w1SR
subscribe YouTube channel
https://www.youtube.com/@irinjalakudanews
പ്രാദേശിക വാർത്തകൾക്ക് www.irinjalakudaLIVE.com

You cannot copy content of this page