ഇരിങ്ങാലക്കുട : ലെജന്റ്‌സ് ഓഫ് ഇരിങ്ങാലക്കുടയുടെ ആഭിമുഖ്യത്തില്‍ ആദരണ സമ്മേളനവും ഇന്നസെന്റ് സ്മൃതി സംഗമവും ജനുവരി 4ന് വൈകീട്ട് ആറുമണിക്ക് ഇരിങ്ങാലക്കുട നഗരസഭ മൈതാനത്ത് സംഘടിപ്പിക്കും. തുറവന്‍കുന്ന് സ്വദേശിയായ, വയനാട് മേപ്പാടി ചൂരല്‍ മലയിലെ പുഴയില്‍ ഒഴുക്കില്‍പ്പെട്ട് അപകടം സംഭവിക്കുകയും, തുടര്‍ന്ന് മരണശേഷം 5 അവയവങ്ങള്‍ ദാനം ചെയ്ത ഡോണ്‍ ഗ്രേഷ്യസിന്റെ കുടുംബത്തെ ചടങ്ങില്‍ ആദരിക്കും. ഇരിങ്ങാലക്കുടക്കാരുടെ അഭിമാനമായ മുന്‍ പാര്‍ലമെന്റ് അംഗവും, വിവിധ വേഷ പകര്‍ച്ചകളിലൂടെ മലയാളികളുടെ ഹൃദയത്തില്‍ ഇടം നേടിയ പ്രശസ്ത സിനിമാതാരവുമായിരുന്ന നമ്മില്‍ നിന്നും വേര്‍പിരിഞ്ഞ മഹാനടന്‍ ഇന്നസെന്റിന്റെ സ്മൃതി സംഗമവും സംഘടിപ്പിക്കും.
ജനുവരി 4ന് വൈകിട്ട് ആറുമണിക്ക് ഇരിങ്ങാലക്കുട നഗരസഭ മൈതാനിയില്‍ സംഘടിപ്പിക്കുന്ന ആദരണ-സ്മൃതി സംഗമ മഹാസമ്മേളനം ഉന്നത വിദ്യാഭ്യാസ, സാമൂഹിക നീതി വകുപ്പ് മന്ത്രി ഡോ.ആര്‍ ബിന്ദു ഉദ്ഘാടനം ചെയ്യും. ഇരിങ്ങാലക്കുട നഗരസഭ ചെയര്‍പേഴ്‌സണ്‍ സുജ സഞ്ജീവ്കുമാര്‍ അധ്യക്ഷത വഹിക്കും. ഇരിങ്ങാലക്കുട രൂപതാ മെത്രാന്‍ മാര്‍ പോളി കണ്ണുക്കാടന്‍ അനുഗ്രഹ പ്രഭാഷണം നടത്തും. മുരിയാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോസ് ജെ.ചിറ്റിലപ്പിള്ളി അനുസ്മരണ പ്രഭാഷണം നടത്തും.
മുന്‍ ഗവ. ചീഫ് വിപ്പ് അഡ്വ.തോമസ് ഉണ്ണിയാടന്‍ ചടങ്ങില്‍ മുഖ്യപ്രഭാഷണം നടത്തും. ടോവിനോ തോമസ്, കലാഭവന്‍ ജോഷി അടക്കമുള്ള സിനിമാതാരങ്ങള്‍ സമ്മേളനത്തില്‍ പങ്കെടുക്കും. ജനറല്‍ കണ്‍വീനര്‍ ഷാജന്‍ ചക്കാലക്കല്‍ സ്വാഗതവും, ലെജന്റ്‌സ് ഓഫ് ഇരിങ്ങാലക്കുട പ്രസിഡന്റ് ലിയോ താണിശ്ശേരിക്കാരന്‍ നന്ദിയും പറയും. കലാലോകത്തിന് നല്‍കിയ മികച്ച സംഭാവനകളെ മുന്‍നിര്‍ത്തി സിനിമ താരങ്ങളുടെ സംഘടനയായ അമ്മയുടെ ജനറല്‍ സെക്രട്ടറിയും, മികച്ച സംഘാടകനും കഴിഞ്ഞ നിരവധി വര്‍ഷങ്ങളായി സിനിമ മേഖലയില്‍ സജീവസാന്നിധ്യവുമായ ഇടവേള ബാബുവിനെ സമഗ്ര സംഭാവനക്കുള്ള പ്രഥമ ഇന്നസെന്റ് പുരസ്‌കാരം നല്‍കി ആദരിക്കും.
ജെ.പി ട്രേഡിങ്ങ് കമ്പനി മാനേജിംഗ് ഡയറക്ടര്‍ ബിനോയ് സെബാസ്റ്റ്യനെ ബെസ്റ്റ് ബിസിനസ് മാന്‍ അവാര്‍ഡ് നല്‍കി ആദരിക്കും. പ്രവാസ മേഖലയിലെ നന്മയുള്ള പ്രവര്‍ത്തനങ്ങളെ മുന്‍നിര്‍ത്തി സിന്‍സന്‍ ഫ്രാന്‍സീസ് തെക്കേത്തലക്ക് ഗ്ലോബല്‍ അച്ചീവ്‌മെന്റ് അവാര്‍ഡ് സമ്മാനിക്കും. അയ്യായിരത്തിലധികം മെഡിക്കല്‍ ക്യാമ്പുകള്‍ സംഘടിപ്പിച്ച ലയണ്‍സ് ക്ലബ് ഡിസ്ട്രിക്ട് കോഡിനേറ്റര്‍ ജോണ്‍സണ്‍ കോലങ്കണ്ണി, ക്രിയേറ്റീവ് ബ്രാന്റിംഗ് മേഖലയിലെ മികച്ച പ്രവര്‍ത്തനങ്ങളെ മുന്‍നിര്‍ത്തി ബ്രാന്റ്കീ ബ്രാന്റിംഗ് സൊലുഷന്‍സ് സി.ഇ.ഒ അഞ്ചുമോന്‍ വെള്ളാനിക്കാരന്‍ എന്നിവരെ യോഗത്തില്‍ ആദരിക്കും. പ്രശസ്ത നാടന്‍പാട്ട് കലാകാരി പ്രസീത ചാലക്കുടി നയിക്കുന്ന സംഗീതവിരുന്നും ഉണ്ടായിരിക്കും.
പത്രസമ്മേളനത്തില്‍ പ്രസിഡണ്ട് ലിയോ താണിശ്ശേരിക്കാരന്‍, ജനറല്‍ കണ്‍വീനര്‍ ഷാജന്‍ ചക്കാലക്കല്‍, സെക്രട്ടറി നിതീഷ് കാട്ടില്‍, ട്രഷറര്‍ നിഷികമാര്‍, എക്‌സിക്യൂട്ടീവ് അംഗങ്ങളായ മയൂഫ് കെ.എച്ച്, സൈഗണ്‍ തയ്യില്‍, സെന്റില്‍കുമാര്‍ എം.വി എന്നിവര്‍ പങ്കെടുത്തു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com