ഇരിങ്ങാലക്കുട : ക്രൈസ്റ്റ് കോളേജിലെ ഗവേഷകർ കേരളത്തിൽ നിന്നും രണ്ട് ഇനം ചീവീടുകളെ കണ്ടെത്തി. ഈക്കാന്തസ് ഇൻഡിക്കസ് (Oecanthus indicus), ഈക്കാന്തസ് ഹെൻറിയി (Oecanthus henryi) എന്നീ ചീവീടുകളെയാണ് സംസ്ഥാനത്ത് നിന്നും ആദ്യമായി കണ്ടെത്തിയത്. പുൽച്ചാടികളും, വിവിധയിനം ചീവീടുകളും ഉൾപ്പെടുന്ന ഓർഡർ ഓർത്തോപ്റ്റീറയിലെ (Orthoptera) ഈക്കാന്തിഡേ (Oecanthidae) കുടുംബത്തിൽപ്പെട്ടവയാണ് ഇവ.
ക്രൈസ്റ്റ് കോളേജിലെ ഷഡ്‌പദ എന്റമോളജി ഗവേഷണ കേന്ദ്രത്തിലെ (SERL) ഗവേഷണ വിദ്യാർത്ഥിനിയായ തസ്നിം ഇ. സ്., ഗവേഷണ മേധാവിയും അസിസ്റ്റന്റ് പ്രൊഫെസ്സറുമായ ഡോ. ബിജോയ് സി., ഡോ. ധനീഷ് ഭാസ്കര് (ഐയുസിഎന്‍, ഗ്രാസ്ഹോപ്പർ സ്പെഷ്യലിസ്റ്റ്, കെയർ എർത്ത് ട്രസ്ട്, ചെന്നൈ) എന്നിവരാണ് കണ്ടെത്തലിനു പിന്നിൽ.
ഈക്കാന്തിഡേ കുടുംബത്തിൽ നിന്നും ഏഴു സ്പീഷീസുകൾ കേരളത്തിൽ നിന്ന് രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും, ഈക്കാന്തസ് ജനുസ്സിൽ ഉൾപ്പെടുന്ന ചീവീടുകളെ കേരളത്തിൽ നിന്ന് കണ്ടെത്തുന്നത് ഇതാദ്യമായാണ്. അന്തരീക്ഷ താപനിലയിൽ ഉണ്ടാവുന്ന വ്യതിയാനങ്ങൾക്കനുസൃതമായി വ്യത്യസ്ഥ ആവൃത്തിയിൽ ഉള്ള ശബ്ദം പുറപ്പെടുവിക്കാൻ കഴിവുള്ളത് കൊണ്ട് ഈ ജനുസ്സിൽ പെട്ട ജീവികളെ തെർമോമീറ്റർ ക്രിക്കറ്റ് (Thermometer Cricket) എന്നു വിളിക്കാറുണ്ട്.
അന്താരാഷ്ട്ര ശാസ്ത്ര മാസികയായ മ്യൂണിസ് എന്റമോളജി ആന്റ് സുവോളോജിയുടെ സെപ്റ്റംബർ ലക്കത്തിൽ ആണ് ഈ പഠനം പ്രസിദ്ധീകരിച്ചിട്ടുള്ളത്. യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മീഷന്റെ (യുജിസി) സാമ്പത്തിക സഹായത്തോടു കൂടിയാണ് പഠനം നടന്നത്. Hemiptera വിഭാഗത്തിൽ പെടുന്ന Cicada എന്ന പ്രാണികളെയും ചീവീടുകൾ എന്നാണ് വിളിക്കാറ്.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com