ഇരിങ്ങാലക്കുട : നടവരമ്പ് ശ്രീ ഹനുമാന്‍ ക്ഷേത്രത്തിൻ്റെ നവീകരണം പൂർത്തിയാക്കി പുനഃപ്രതിഷ്ഠയും ബ്രഹ്മകലശവും നടത്തുകയാണ്. പതിനെട്ടാം നൂറ്റാണ്ടില്‍, ഉടുപ്പി ശ്രീ സോദേ വാദിരാജ മഠാധിപതിയായിരുന്ന ശ്രീ വൃന്ദാവനാചാര്യർ പ്രതിഷ്ഠ നിർവ്വഹിച്ച ശ്രീ ഹനുമാൻ്റെ അതേ സുന്ദരബിംബം തന്നെയാണിപ്പോൾ ചൈതന്യധന്യമായി പുനഃപ്രതിഷ്ഠിക്കുന്നത്.
മാർച്ച് 28 മുതൽ 10 ദിവസങ്ങളിലായി ആഘോഷിയ്ക്കുന്ന ഈ മഹോത്സവം ശ്രീരാമനവമി ദിനമായ ഏപ്രിൽ 6 നാണ് സമാപിയ്ക്കുന്നത്. ഏപ്രിൽ 12ന് ശ്രീ ഹനുമജ്ജയന്തിയും അതോടനുബന്ധിച്ചു ആഘോഷിക്കുന്നു. ഇപ്പോഴത്തെ മഠാധിപതിയായ ശ്രീ വിശ്വവല്ലഭതീര്‍ത്ഥസ്വാമികളാണ് ക്രിയകൾക്കെല്ലാം നേതൃത്വം നല്കി പുനഃപ്രതിഷ്ഠ നടത്തുന്നത്.
ലോകക്ഷേമത്തിനും ഭക്തജനാനുഗ്രഹത്തിനും വേണ്ടി നടത്തുന്ന ഈ സത്കർമ്മങ്ങളിൽ സർവ്വാത്മനാ സഹകരിക്കുന്നത് ഐശ്വര്യദായകമാണ്. വൈദിക-താന്ത്രിക ചടങ്ങുകൾക്കൊപ്പം പ്രശസ്ത കലാകാരന്മാരെ ഉൾപ്പെടുത്തി അതിവിപുലമായ കലാപരിപാടികൾ ഈ പത്തുദിവസങ്ങളിലായി സംഘടിപ്പിക്കുന്നുണ്ട്.
ലയചക്രവർത്തി മന്നാർഗുഡി ഈശ്വരൻ പങ്കെടുക്കുന്ന ഡോക്ടർ ജയകൃഷ്ണൻ ഉണ്ണിയുടെ സംഗീതക്കച്ചേരി, തിരുവനന്തപുരം സൗന്ദർരാജൻ, രഘു സാവിത്രി, അലങ്കോട് ഗോകുൽ എന്നിവർ നയിക്കുന്ന നാദലയമഞ്ജരി, മാർഗ്ഗി മധു അവതരിപ്പിക്കുന്ന ചാക്യാർക്കൂത്ത്, കലാമണ്ഡലം പ്രഷീജ അവതരിപ്പിക്കുന്ന മോഹിനിയാട്ടക്കച്ചേരി, കലാനിലയം ഉദയൻ നമ്പൂതിരിയും സംഘവും അവതരിപ്പിക്കുന്ന തായംമ്പക, വിദ്വാൻസർവ്വേശ് ഭട്ടും സംഘവും അവതരിപ്പിക്കുന്ന ഭരതനാട്യം, പ്രമുഖരെ ഉൾപ്പെടുത്തി അവതരിപ്പിക്കുന്ന ശ്രീരാമ പട്ടാഭിഷേകം കഥകളി, ഉദയനാപുരം ഹരിയും സംഘവും അവതരിപ്പിക്കുന്ന മേജർസെറ്റ് പഞ്ചവാദ്യം, പെരുവനം പ്രകാശൻ മാരാരും സംഘവും അവതരിപ്പിക്കുന്ന പഞ്ചാരിമേളം എന്നീ പരിപാടികൾ ഈ മഹോത്സവത്തിൻ്റെ ഭാഗമായി ഒരുക്കിയിട്ടുണ്ട്.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive