കോണത്തകുന്ന് : സാന്ത്വന പരിചരണത്തിൻ്റെ പുതിയൊരു ചരിത്രം സൃഷ്ടിക്കാൻ 5 നിലകളിലായി 17000 സ്‌കൊയർ ഫീറ്റിൽ 6 കോടി രൂപ ചിലവഴിച്ച് ഏറ്റവും ആധുനിക സൗകര്യങ്ങളോട് കൂടിയ പാലിയേറ്റീവ് കെയർ സെൻ്റർ, ഹോസ്പീസ് സെൻ്റർ, ഫിസിയോ തെറാപ്പി, ഡയാലിസിസ്, ഡിമെൻഷ്യ കെയർ, ഓട്ടിസം കെയർ, ഡിസെബിലിറ്റി ട്രെയിനിംഗ് സെൻ്റർ തുടങ്ങിയ സേവനങ്ങൾ തികച്ചും സൗജന്യമായി നൽകുന്നതിനായി കടലായിൽ ആരംഭിക്കുന്ന വി കെയർ ഫൗണ്ടേഷൻ കമ്പാഷൻ കെയർ സെൻ്ററിൻ്റെ ശിലാഫലകം അനാച്ഛാദനം കോണത്തകുന്ന് എം.ഡി. കൺവെൻഷൻ സെൻ്ററിൽ സിനിമാതാരം ടൊവിനൊ തോമസ് നിർവ്വഹിച്ചു. വി. കെയർ ഫൗണ്ടേഷൻ സെക്രട്ടറി എ.ബി.സക്കീർ ഹുസൈൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു.
മാറാരോഗത്താൽ കഷ്ഠത അനുഭവിക്കുന്നവരെ നെഞ്ചോട് ചേർക്കാർ, ജീവിതാന്ത്യം കാത്തു കിടക്കുന്നവർക്ക് അന്തസ്സോടെയുള്ള വിടപറയലിന് അവസരമൊരുക്കാൻ, നാലു ചുവരുകൾക്കുളളിൽ തളർന്ന് കിടപ്പിലായവരെ ജീവിതത്തിലേക്ക് തിരികെയെത്തിക്കാൻ സാമൂഹിക നന്മക്കായി സാന്ത്വന പരിചരണത്തിൻ്റെ രംഗത്ത് വരികയാണ് വി. കെയർ ഫൗണ്ടേഷൻ കമ്പാഷൻ കെയർ സെൻ്റർ.
ചടങ്ങിൽ സംഘാടക സമിതി ജനറൽ കൺവീനർ ഷഫീർ കാരുമാത്ര സ്വാഗതം പറഞ്ഞു. വെള്ളാങ്ങല്ലൂർ പഞ്ചായത്ത് പ്രസിഡന്റ് നിഷ ഷാജി, യൂണിവേഴ്സൽ എഞ്ചിനീയറിംഗ് കോളേജ് പ്രിൻസിപ്പൽ ജോസ് കെ. ജേക്കബ്, പി.എം.എ. ഖാദർ, എ.ബി.മുഹമ്മദ് റാഫി, സി.എ. സിദ്ധീക്ക്, യാസർ തൃശൂർ ആശംസകളർപ്പിച്ച് സംസാരിച്ചു. ഷെഹീൻ. കെ. മൊയ്ദീൻ നന്ദി പറഞ്ഞു. തുടർന്ന് യു. ടേൺ മ്യൂസിക് ബാൻ്റ് അവതരിപ്പിക്കുന്ന സംഗീത പരിപാടിയും നടന്നു.