ഇരിങ്ങാലക്കുട : അമ്മന്നൂർ ഗുരുകുലത്തിലെ മാധവനാട്യ ഭൂമിയിൽ നടന്നു വരുന്ന 38 മത് കൂടിയാട്ട മഹോത്സവത്തിൽ ദമയന്തിയുടെ കഥ അരങ്ങേറി. ക്ഷേമീശ്വരന്റെ നൈഷധാനന്ദം നാടകത്തിനെ ആസ്പദമാക്കി ദമയന്തിയുടെ നിർവ്വഹണം ചിട്ടപ്പെടുത്തി അവതരിപ്പിച്ചത് പ്രസിദ്ധ കൂടിയാട്ട കലാകാരി ഉഷാനങ്ങ്യാരാണ്.
മിഴാവിൽ കലാമണ്ഡലം രാജീവ്, കലാമണ്ഡലം എ എൻ ഹരിഹരൻ, കലാമണ്ഡലം വിജയ്, ഇടയ്ക്കയിൽ കലാനിലയം ഉണ്ണിക്കൃഷ്ണൻ, താളത്തിൽ സരിത കൃഷ്ണകുമാർ, ആതിര ഹരിഹരൻ എന്നിവർ പശ്ചാത്തലമേളമൊരുക്കി. ആതിര ഹരിഹരൻ ആട്ടപ്രകാരത്തെ കുറിച്ച് ആമുഖഭാഷണം നടത്തി.
ഡോക്ടർ കെ.എൻ.പിഷാരടി സ്മാരക കഥകളി ക്ലബ്ബിന്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന മഹോത്സവത്തിൽ പണ്ഡിതന്മാരുടെ പ്രഭാഷണങ്ങളും നടക്കുന്നുണ്ട്.
അവതരണത്തിന് മുന്നോടിയായി ഡോക്ടർ കെ ജി പൗലോസ് ‘നാടകവും കൂടിയാട്ടവും – ഇവ തമ്മിലുള്ള ബന്ധവും ബന്ധമില്ലായ്മയും’ എന്ന വിഷയത്തെ കുറിച്ച് സംസാരിച്ചു. “സംഗമഗ്രാമത്തിൻ്റെ സാംസ്ക്കാരികഭൂമിക – ഉണ്ണായിവാര്യരുടെ കൃതികളും ശ്രീരാമപഞ്ചശതിയും” എന്നവിഷയത്തെ അധികരിച്ച് ഡോക്ടർ ജലജ പി എസ് പ്രഭാഷണം നടത്തി.
മൂന്നാം ദിവസമായ ജനുവരി ഒന്നിന് ഗുരുകുലം ശ്രുതി മധൂക ശാപം നങ്ങ്യാർ കൂത്ത് അവതരിപ്പിക്കും. കംസൻ നായാട്ട് ചെയ്ത മധൂക മഹർഷിയുടെ ആശ്രമത്തിലെത്തുന്നതും മഹർഷിയുടെ ആഹാരമായ പുഷ്പം അപഹരിക്കുകയും അതറിഞ്ഞ മഹർഷി കംസനെ ശപിക്കുന്നതുമാണ് കഥാഭാഗം.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com