(അമ്മന്നൂർ മാധവചാക്യാരുടെ അനുസ്മരണോത്സവം നടക്കുകയാണല്ലോ അദ്ദേഹത്തിന് പദ്മശ്രീ ബഹുമതി(പിന്നീട് പദ്മഭൂഷണും ലഭിച്ചു) ലഭിച്ചതുമായ് ബന്ധപ്പെട്ടു 1982 ഫെബ്രുവരി 7 ലെ വാരാന്തപ്പതിപ്പിൽ പ്രസിദ്ധീകരിച്ച എന്റെ ലേഖനത്തിന്റെ പ്രസക്ത ഭാഗങ്ങൾ ഇവിടെ കൊടുക്കുന്നു – എന്റെ ഗുരുസ്മരണയായി)
കൂടൽമാണിക്യം ക്ഷേത്രത്തിനടുത്തു സ്ഥിതി ചെയ്യുന്ന കലാദേവതയുടെ ആ ശ്രീകോവിലിലേക്ക്-അമ്മന്നൂർ ചാക്യാർ തറവാട്ടിലേക്ക് കയറിച്ചെന്നത് യാദൃച്ഛികമായിട്ടായിരുന്നില്ല. ഇത്തവണത്തെ പദ്മശ്രീ പുരസ്കാരത്തിന് അർഹനായ അമ്മന്നൂർ മാധവചാക്യാരെ കാണുവാനും അനുമോദനങ്ങൾ അറിയിക്കുവാനും ഹൃദയം വെമ്പുകയായിരുന്നു “വരൂ… വരൂ” ചാക്യാർ ഉത്സാഹഭരിതനായിരുന്നു. “ചില നേരമ്പോക്കുകളൊക്കെ കേട്ടു ” ചാക്യാരുടെ ഭാഷയിൽ തന്നെയാകട്ടെ കുശലം എന്ന് കരുതി.
അതിനുള്ള മറുപടിയെന്നോണം ചാക്യാരുടെ അർത്ഥഗർഭമായ ചിരി മുഴങ്ങി. നൂറുകണക്കിനാളുകളെ കുടുകുടാ ചിരിപ്പിക്കുന്ന ആ വിദൂഷകചക്രവർത്തി എന്റെ ഫലിതം അംഗീകരിച്ചതിൽ തെല്ലൊരഭിമാനം തോന്നി. അസൂയതോന്നിക്കുന്ന ആകാര സൗഷ്ഠവം, പ്രയത്നശീലത്തിന് മാറ്റ് കൂട്ടുന്ന ബുദ്ധിശക്തിയും, വാസനാബലവും. മധുരവും വ്യക്തവുമായ ശബ്ദം, സംസ്കൃതത്തിലും പുരാണങ്ങളിലുമുള്ള അഗാധമായ ജ്ഞാനം എന്നിവയുടെ ധാരാളിത്തം കൊണ്ട് പൂർണനാണു മാധവചാക്യാർ.
“വെളുപ്പിന് രണ്ടുമണിക്ക് ടെലിഗ്രാം വന്നപ്പോൾ ഒന്ന് പരിഭ്രമിച്ചു”( അന്ന് ഫോൺ അത്ര പ്രചാരത്തിലില്ല – ടെലിഗ്രാം ആയിരുന്നു പ്രധാന സമ്പർക്ക മാർഗങ്ങൾ) ” ഇത് തുറന്നു വായിച്ചപ്പോൾ സന്തോഷം തോന്നി” ആഭ്യന്തര മന്ത്രിയുടെയും ആഭ്യന്തര സെക്രട്ടറിയുടെയും അനുമോദന സന്ദേശങ്ങൾ- പുരസ്കാരം ലഭിച്ചതിനു – നീട്ടിക്കൊണ്ടു ചാക്യാർ പറഞ്ഞു.
പരമ്പരാഗത ആചാരങ്ങൾ പിന്തുടരുന്നവരാണ് അമ്മന്നൂർ കുടുംബം. ഗുരുഭക്തികൊണ്ടു ചാക്യാരും ക്ഷേത്രങ്ങളിലെ കൂത്തമ്പലം വിട്ടു പുറമെ പോകാൻ കൂട്ടാക്കിയില്ല. എല്ലാവരുടെയും നിർബന്ധത്തിനു വഴങ്ങി കലാമണ്ഡലത്തിന്റെ കൂത്തമ്പലത്തിൽ ആദ്യമായി അദ്ദേഹം ക്ഷേത്രാങ്കണത്തിനു പുറത്തു കൂടിയാട്ടം അവതരിപ്പിച്ചു. കലാലോകത്തിലെ അദ്ദേഹത്തിന്റെ ജൈത്രയാത്രയുടെ ആരംഭമായിരുന്നു അത്. ഡൽഹി, ബോംബെ, ഹൈദരാബാദ് തുടങ്ങി ഇന്ത്യയിൽ പലയിടങ്ങളിലും അദ്ദേഹം കലാപാടവം കൊണ്ട് കാണികളെ പുളകം കൊള്ളിച്ചുവരുന്നു. ഭാരത സർക്കാരിന്റെ ക്ഷണം സ്വീകരിച്ചു ലണ്ടനിൽ കൂടിയാട്ടം അവതരിപ്പിക്കാൻ അദ്ദേഹം അടുത്തുതന്നെ പുറപ്പെടും. കാലിഫോർണിയ, പാരീസ് തുടങ്ങിയ രാജ്യങ്ങളിലും അദ്ദേഹം പര്യടനം നടത്തുന്നുണ്ട്
കൂത്തിനും കൂടിയാട്ടത്തിനും നാട്യശാസ്ത്ര വിധിപ്രകാരം നിര്മിക്കപ്പെട്ടിട്ടുള്ള പുരാതന കൂത്തമ്പലങ്ങളിൽ ലഭിക്കുന്ന മികവ് മറ്റിടങ്ങളിൽ ലഭിക്കുന്നില്ല എന്നാണ് മാധവചാക്യാരുടെ അഭിപ്രായം. “ചുരുക്കിപ്പറഞ്ഞാൽ ചാക്യാരുടെ ഗൃഹമാണ് കൂത്തമ്പലം. സ്വഗൃഹത്തോളം സുഖം പുറമെ കിട്ടുമോ” ചാക്യാർ ചോദിച്ചു. കലാരൂപം ആസ്വദിച്ച് അതിൽ മതിമറന്നിരിക്കുന്ന പ്രേക്ഷകരാണ് കലാകാരന്റെ പ്രചോദനം അദ്ദേഹം പറഞ്ഞു.
പ്രബന്ധകൂത്തിന്ടെ പ്രസക്തിയെക്കുറിച്ചും ചാക്യാർ പറയുകയുണ്ടായി. നിത്യജീവിതത്തിൽ അറിഞ്ഞിരിക്കേണ്ട വിഷയങ്ങളാണ് വിദൂഷകൻ അവതരിപ്പിക്കുന്നത്. അതിൽ ഫലിതം കലർത്തുമ്പോൾ സാധാരണക്കാരന് ആസ്വാദ്യമായിത്തീരുന്നു. അത് ചിലർക്ക് രസിക്കും ചിലർക്ക് രസിക്കില്ല. ഒരു സദ്യയിലെ ചില വിഭവങ്ങൾ ചിലർക്ക് രസിക്കും മറ്റു ചിലർക്ക് രസിക്കണം എന്നില്ല അതുപോലെയാണ് വിദൂഷകന്റെ ഫലിതവും.



