ഇരിങ്ങാലക്കുട : മാധവനാട്യഭൂമിയിൽ നടന്ന് വരുന്ന ദശരൂപകോത്സവത്തിൻ്റെ ഏഴാം ദിവസം നാടകങ്ങളിൽ പ്രധാനപ്പെട്ട സുഭദ്രാധനഞ്ജയം കൂടിയാട്ടം അരങ്ങേറി. വിദൂഷകന് ഏറ പ്രാധാന്യമുള്ള ധനഞ്ജയം ഒന്നാമങ്കത്തിലെ മൂന്നാം ദിവസത്തെ കൂടിയാട്ടമാണ് അരങ്ങേറിയത്. “സൌന്ദര്യം സുകുമാരത”എന്ന ശ്ലോകത്തോടേയാണ് കൂടിയാട്ടം ആരംഭിച്ചത്.
വിദൂഷകനായി ഗുരു അമ്മന്നൂർ കുട്ടൻ ചാക്യാരും അർജ്ജുനനായി സൂരജ് നമ്പ്യാരും രംഗത്തെത്തി.കൂടിയാട്ട അവതരണത്തിന് മുൻപ് ദശരൂപകങ്ങളിലെ നാടകങ്ങൾ- ശാസ്ത്രവും അരങ്ങും എന്ന വിഷയത്തിൽ മായ നെല്ലിയോട് പ്രഭാഷണം നടത്തി.
എട്ടാം ദിവസമായ ബുധനാഴ്ച ദശരൂപകങ്ങളിലെ ഡിമം വിഭാഗത്തിൽപ്പെട്ട ത്രിപുരദഹനം കൂടിയാട്ടം അരങ്ങേറും .ഡോ. അമ്മന്നൂർ രജനീഷ് ചാക്യാർ സംവിധാനം ചെയ്ത ത്രിപുരദഹനം കൂടിയാട്ടത്തിൽ സർവ്വദമനൻ എന്ന ത്രിപുരനായിട്ട് മാർഗിസജീവ് ചാക്യാർ ശിവനായിട്ട് ഡോ. അമ്മന്നൂർ രാജനീഷ് ചാക്യാർ നാരദനായിട്ട് അമ്മന്നൂർ മാധവ് ചാക്യാർ വിഷ്ണുവായിട്ട് നേപത്ഥ്യ രാഹുൽ ചാക്യാർ ബ്രഹ്മാവായിട്ട് ഗുരുകുലം തരുൺ എന്നിവർ രംഗത്തെത്തും.കൂടിയാട്ടത്തിന് മുൻപ് സിമം – സാഹിത്യവും രംഗസങ്കേതങ്ങളും എന്ന വിഷയത്തിൽ ഡോ. ഭദ്ര പി.കെ. എം. പ്രഭാഷണം നടത്തും.
സുഭദ്രാധനഞ്ജയം കൂടിയാട്ടത്തിൽ മിഴാവ് കലാമണ്ഡലം രാജീവ് കലാമണ്ഡലം നാരായണൻ നമ്പ്യാർ, കലാമണ്ഡലം വിജയ്, ഇടക്ക കലാനിലയം ഉണ്ണികൃഷ്ണൻ, താളം സരിത കൃഷ്ണകുമാർ, ആതിര ഹരിഹരൻ, ഗുരുകുലം ഗോപിക, ചമയം കലാമണ്ഡലം വൈശാഖ് എന്നിവരും പങ്കെടുത്തു.




