നുണപ്രചാരണത്തിലൂടെ കാറളം തെക്കുമുറി പ്രദേശത്തെ അവഹേളിച്ചതിൽ യുവമോർച്ച മാപ്പ് പറയുക – യുവധാര കല കായിക സമിതി

കാറളം : കാറളം പൊതു മൈതാനി, അതിനോട് ചേർന്നുള്ള പുലയ ശ്‌മശാനം, അയ്യപ്പ സേവാ സംഘത്തിൻ്റെ ഓഫീസ്, വർഷങ്ങളായി കാരംസ് പ്രേമികൾ ഉപയോഗിച്ചുവരുന്ന കളിത്തറ എന്നിവയെ ഇല്ലാതാക്കാൻ ശ്രമിക്കുന്ന നടപടികളിൽ നിന്നും യുവമോർച്ച പിന്മാറുകയും, നുണപ്രചാരണത്തിലൂടെ കാറളം തെക്കുമുറി പ്രദേശത്തെ അവഹേളിച്ചതിൽ മാപ്പ് പറയുകയും ചെയ്യുക എന്ന് പ്രസ്താവനയിലൂടെ കാറളം യുവധാര കല കായിക സമിതി ആവശ്യപ്പെട്ടു.



വേൾഡ് കപ്പിനോടനുബന്ധിച്ച് ഫുട്ബോൾ പ്രേമികൾ സ്ഥാപിച്ച ഫ്‌ളെക്‌സുകളും തോരണങ്ങളും നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് മുമ്പും പരാതികൾ നൽകിയിരുന്നു. ഇപ്പോൾ വീണ്ടും സമാനമായ പരാതികൾ ഉയർത്തുന്നത് അനാവശ്യ വിവാദങ്ങൾ സൃഷ്ടിക്കാനാണ്. തെക്കുമുറി പ്രദേശത്ത് ഇന്നുവരെ പൊതു മൈതാനിയിൽ നിന്ന് കള്ള് കുടിച്ചതിനോ മയക്കുമരുന്ന് ഉപയോഗിച്ചതിനോ ബന്ധപ്പെട്ട് ആരെയും പിടികൂടിയതുമായോ കേസുകളില്ല.



മുൻ ഉന്നത വിദ്യാഭ്യാസ മന്ത്രി ബിന്ദു ടീച്ചറുടെ ഫണ്ടിൽ നിന്ന് സ്ഥാപിച്ച ഹൈമാസ്റ്റ് ലൈറ്റിൻ്റെ സൗകര്യം ഉള്ളതിനാൽ, രാത്രിയിലും നിരവധി യുവാക്കൾ ഇവിടെ ഫുട്ബോൾ, ക്രിക്കറ്റ് തുടങ്ങിയ കായിക വിനോദങ്ങളിൽ ഏർപ്പെടാറുണ്ട്. ഇത്തരം അടിസ്ഥാനരഹിതമായ പരാതികൾ ഉന്നയിക്കുന്നതിലൂടെ വൈകുന്നേരങ്ങളിലും സായാഹ്നങ്ങളിലും കായിക പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന യുവാക്കളെ പോലും സംശയത്തിൻ്റെ നിഴലിലാക്കുകയാണ് യുവമോർച്ച ചെയ്യുന്നത്.



വർഷങ്ങളായി കാരംസ് പ്രേമികൾ ഉപയോഗിച്ചുവരുന്ന കളിത്തറ പോലും പൊളിച്ചുമാറ്റണമെന്ന് ആവശ്യപ്പെടുന്നതിൻ്റെ യുക്തി മനസ്സിലാകുന്നില്ല. ഇക്കാര്യത്തിൽ തെക്കുമുറിയിലെ ബിജെപി നേത്യത്വത്തിനും ഇതേ നിലപാടാണോ ഉള്ളതെന്ന് അറിയാൻ താൽപര്യമുണ്ട് എന്നും പ്രസ്താവനയിൽ പറയുന്നു.



ഇത്തരം സാമൂഹിക ഐക്യത്തെ തകർക്കുന്ന നീക്കങ്ങൾക്കെതിരെ തെക്കുമുറിയിലെ നാട്ടുകാരും, പൊതുമൈതാനം ഉപയോഗപ്പെടുത്തുന്ന മലയാളം അക്കാദമി, അരോമ പുല്ലത്തറ, ഹൃദ്യം കാറളം, YCK കാറളം, കോമറ്റ് നന്തി ഉൾപ്പെടെയുള്ള ക്ലബ്ബുകളും സംഘടനകളും കായിക പ്രേമികളും ഒരുമിച്ച് നിലകൊള്ളണമെന്ന് യുവധാര കല കായിക സമിതിക്ക് വേണ്ടി സെക്രട്ടറി വിനീത് വാക്കയിൽ പ്രസിഡൻ്റ് വി. ആർ. ഷിബു, ട്രഷറർ അരുൺ അശോകൻ എന്നിവർ പ്രസ്‌താവനയിലൂടെ അഭ്യർത്ഥിച്ചു.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page