സുവർണ്ണം ഉദ്‌ഘാടനം ഫെബ്രുവരി 10ന്

ഇരിങ്ങാലക്കുട : ഡോക്ടർ കെ എൻ പിഷാരടി സ്മാരക കഥകളി ക്ലബ്ബിന്റെ ഒരു വർഷം നീണ്ടുനിൽക്കുന്ന സുവർണ്ണജൂബിലി ആഘോഷപരിപാടികൾ ഫെബ്രുവരി 10ന് സമാരംഭിക്കും.

ശാന്തിനികേതൻ പബ്ലിക് സ്‌കൂൾ അങ്കണത്തിൽ നടക്കുന്ന പരിപാടിയിൽ ഉന്നതവിദ്യാഭ്യാസമന്ത്രിയും, സുവർണ്ണം സംഘാടകസമിതി ചെയർപേഴ്സണുമായ മന്ത്രി ഡോക്ടർ ആർ ബിന്ദു അദ്ധ്യക്ഷത വഹിക്കും. ഇരിങ്ങാലക്കുടയുടെ അഭിമാനതാരങ്ങളും, അഞ്ച് വ്യത്യസ്തമേഖലകളിൽനിന്നുള്ളവരുമായ ഇ പദ്മിനി (ശാസ്ത്രം), സി ബി ഷക്കീല (അദ്ധ്യാപനം), ഉഷാനങ്ങ്യാർ (രംഗകല), കെ രേഖ (സാഹിത്യം), പി വി അനഘ (കായികം) എന്നീ പഞ്ചവനിതാരത്നങ്ങൾചേർന്ന് സുവർണ്ണദീപം തെളിയിച്ച് ഈ സുവർണ്ണജൂബിലിയാഘോഷങ്ങളുടെ ഉദ്‌ഘാടനം നിർവ്വഹിക്കുന്നു.

മുനിസിപ്പൽ ചെയര്പേഴ്സണും സംഘാടകസമിതി വൈസ് ചെയർപേഴ്‌സനുമായ സുജ സഞ്ജീവ്കുമാർ സാന്നിദ്ധ്യമരുളും.

ഫെബ്രുവരി 10ന് ഉച്ചതിരിഞ്ഞു മൂന്നുമണിക്ക് ആരംഭിക്കുന്ന ഉദ്‌ഘാടനപരിപാടികളിൽ അമ്മന്നൂർ കുട്ടൻ (പരമേശ്വരൻ) ചാക്യാർ അവതരിപ്പിക്കുന്ന കൂത്ത് , രാംപൂർ സഹസ്വാൻ ഖരാനയിലെ പണ്ഡിറ്റ് പ്രസാദ് ഖാപ്പർഡെയും വിദ്വാൻ കെ എസ് വിഷ്ണുദേവും ചേർന്നവതരിപ്പിക്കുന്ന ഹിന്ദുസ്ഥാനി-കർണ്ണാട്ടിക് സംഗീതസമന്വയം എന്നിവയാണ് ഉൾപ്പെടുത്തിയിട്ടുള്ളത്.വളരെക്കാലമായി അപൂർവ്വമായിമാത്രം രംഗത്ത് അവതരിപ്പിക്കപ്പെട്ടിട്ടുള്ള, മേല്പത്തൂർ നാരായണഭട്ടതിരിപ്പാടിന്റെ സുഭദ്രാഹരണം ചമ്പു പ്രബന്ധക്കൂത്ത് എട്ടുദിവസങ്ങളിലായാണ് അമ്മന്നൂർ കുട്ടൻ ചാക്യാർ അവതരിപ്പിക്കുന്നത്.

ഫെബ്രുവരി 10ന് മൂന്നുമണിക്ക് ശാന്തിനികേതൻ സ്‌കൂളിലും തുടരവതരണങ്ങൾ ഫെബ്രുവരി 11 മുതൽ 17 വരെ ദിവസേന വൈകീട്ട് 6.30 മുതൽ 8.30 വരെ അമ്മന്നൂർ ചാച്ചുച്ചാക്യാർ സ്മാരക ഗുരുകുലത്തിലുമാണ് നടത്തുന്നത് എന്ന് സംഘാടകർ അറിയിച്ചു.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp News Group
https://chat.whatsapp.com/LHvranOVueb9L2MnR0w1SR
subscribe YouTube channel
https://www.youtube.com/@irinjalakudanews
പ്രാദേശിക വാർത്തകൾക്ക് www.irinjalakudaLIVE.com

You cannot copy content of this page