ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിൽ ഒക്ടോബർ മൂന്നു മുതൽ അഞ്ചു വരെ അന്തർദേശീയ ഗണിതശാസ്ത്ര സമ്മേളനം

ഇരിങ്ങാലക്കുട : ക്രൈസ്റ്റ് കോളേജ് ഗണിതശാസ്ത്ര വിഭാഗം കേരള സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗൺസിലിൻ്റെയും കേരള മാത്തമാറ്റിക്കൽ അസോസിയേഷൻ്റെയും സഹകരണത്തോടെ ഒക്ടോബർ 3 മുതൽ 5 വരെ ‘ഗ്രാഫ് തിയറിയും പ്രായോഗിക തലങ്ങളും’ എന്ന വിഷയത്തിൽ അന്തർദേശീയ സെമിനാർ സംഘടിപ്പിക്കുന്നു. പ്രശസ്ത ഗണിതശാസ്ത്രജ്ഞനും കേരള മാത്തമാറ്റിക്കൽ അസോസിയേഷൻ പ്രസിഡൻ്റും കുസാറ്റ് സർവകലാശാല ഗണിതശാസ്ത്ര വിഭാഗം മുൻ മേധാവിയുമായ ഡോ. എ. കൃഷ്ണമൂർത്തി അന്തർദേശീയ സമ്മേളനത്തിന് ഉദ്ഘാടനം നിർവഹിക്കും.

സമ്മേളനത്തിൽ അമേരിക്കൻ ഗണിതശാസ്ത്രജ്ഞനും ഗ്രാഫ് തിയറി ഗവേഷണത്തിന് സഹായകരമായ ‘ഇൻട്രൊഡക്ഷൻ ടു ഗ്രാഫ് തിയറി’ ഉൾപ്പെടെയുള്ള ഗ്രന്ഥങ്ങളുടെ രചയിതാവുമായ ഡി. ബി. വെസ്റ്റ്, ‘ലൈൻ ഗ്രാഫ്സ് ആൻഡ് ലൈൻ ഡയഗ്രാഫ്’ എന്ന ഗ്രന്ഥത്തിൻറെ രചയിതാവായ ജയ് ബേഗ്ഗ, ദക്ഷിണാഫ്രിക്കയിലെ വിറ്റ്സ് വാട്ടർസ്രൻഡ് യൂണിവേഴ്സിറ്റിയിലെ പ്രൊഫസർ യൂനിസ് എംഫെകോ ബന്ദ,യുഎഇ അമേരിക്കൻ യൂണിവേഴ്സിറ്റിയിലെ പ്രൊഫസർ ഐമാൻ ബഡാവി എന്നിവർ പ്രഭാഷണം നടത്തുന്നു.

ബാംഗ്ലൂർ ക്രൈസ്റ്റ് യൂണിവേഴ്സിറ്റി പ്രൊഫസർ സുദേവ് എം കെ, ഉത്തർപ്രദേശിലെ ശിവ് നാടാർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിലെ ഡോ. സത്യനാരായണൻ റെഡി, കൊൽക്കത്ത വിദ്യാസാഗർ യൂണിവേഴ്സിറ്റിയിലെ പ്രൊഫസർ ഡോ. മധു മംഗൾപാൽ, കാസർകോട് ഗവൺമെൻറ് കോളേജ് പ്രിൻസിപ്പാൾ ഡോ. ഷാഹുൽഹമീദ്, എടത്വ സെൻറ് അലോഷ്യസ് കോളേജ് പ്രിൻസിപ്പാൾ ഡോ. ജി. ഇന്ദുലാൽ കോഴിക്കോട് എൻ ഐ ടി യിലെ അസോസിയേറ്റ് പ്രൊഫസർ സുനിൽ മാത്യു എന്നിവർ പ്രഭാഷണം നടത്തുന്നു. ദേശീയ-അന്തർദേശീയ തലങ്ങളിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട മുപ്പതോളം ഗവേഷണ പ്രബന്ധങ്ങളും ഈ അന്തർദേശീയ സമ്മേളനത്തിൽ അവതരിപ്പിക്കും.

ഗ്രാഫ് സിദ്ധാന്തത്തിൻ്റെ വളർച്ചയും വികസനവും ലക്ഷ്യം വെച്ചുള്ള ഈ കോൺഫറൻസിൽ ഗ്രാഫ് സിദ്ധാന്തവുമായി ബന്ധപ്പെട്ട വിദ്യാർഥികൾക്കും ഗവേഷകർക്കും ലോകപ്രശസ്തരായ ഗവേഷകരുമായി ഗവേഷണ ആശയങ്ങൾ വിനിമയം ചെയ്യുവാനും പുതിയ ആശയങ്ങൾ സ്വായത്തമാക്കുവാനുമുള്ള അവസരം ഒരുങ്ങുമെന്ന് പ്രിൻസിപ്പൽ ഫാ. ഡോ. ജോളി ആൻഡ്രൂസ് പത്രസമ്മേളനത്തിൽ അറിയിച്ചു. ഗണിത ശാസ്ത്ര വിഭാഗം മേധാവി ഡോ. സീന വി, കോ-ഓർഡിനേറ്റർ ഡോ. ജോജു കെ. ടീ. എന്നിവർ പത്രസമ്മേളനത്തിൽ സന്നിഹിതരായിരുന്നു.

You cannot copy content of this page