“നമുക്ക് രക്തബന്ധുക്കളാകാം” – രക്തം ആവശ്യമായി വരുന്നവർക്ക് ഇരിങ്ങാലക്കുട ജനമൈത്രി പോലീസ് സ്റ്റേഷനിൽ നിന്ന് സർട്ടിഫിക്കറ്റ് നൽകി രക്തം ലഭ്യമാക്കുന്ന പദ്ധതിക്ക് ജൂൺ 14 ന് ആരംഭം

ഇരിങ്ങാലക്കുട : ജൂൺ 14 അന്താരാഷ്ട്ര രക്തദാന ദിനത്തോടനുബന്ധിച്ച് ഇരിങ്ങാലക്കുടയിലും പരിസര പ്രദേശങ്ങളിലുമുള്ള ജനങ്ങൾക്ക് രക്തം ആവശ്യമായി വരുന്ന സന്ദർഭങ്ങളിൽ രക്തം ലഭിക്കുന്നതിനുള്ള സാഹചര്യമുണ്ടാക്കുന്നതിന്‍റെ അടിസ്ഥാനത്തിൽ ഇരിങ്ങാലക്കുട ജനമൈത്രി പോലീസിനെ കേന്ദ്രീകരിച്ചുകൊണ്ട് ജെ.സി.ഐ ഇരിങ്ങാലക്കുടയും ക്രൈസ്റ്റ് കോളേജ് എൻ.എസ്.എസ് യൂണിറ്റിന്‍റെയും നോവ കോളേജിന്‍റെയും സംയുക്താഭിമുഖ്യത്തിൽ “നമുക്ക് രക്തബന്ധുക്കളാകാം’ എന്ന പദ്ധതിക്ക് തുടക്കം കുറിക്കുന്നു.

കോവിഡ് കാലയളവിനുശേഷം രക്തം ലഭിക്കുവാൻ ദൗർലഭ്യം നേരിടുന്നതുകൊണ്ട് രക്തദാന ക്യാമ്പുകൾ സംഘടിപ്പിച്ചുകൊണ്ട് രക്തം ശേഖരിക്കുകയും ബ്ലഡ് ബാങ്കിൽ സംഭരിച്ച് രക്തം ആവശ്യമായി വരുന്നവർക്ക് സ്റ്റേഷനിൽ നിന്ന് സർട്ടിഫിക്കറ്റ് നൽകി രക്തം ലഭിക്കുകയും ചെയ്യുന്ന പദ്ധതിയാണ്. ഇതോടൊപ്പം ഒരു രക്തദാനസേനയും രൂപീകരിക്കുന്നു.

continue reading below...

continue reading below..


ഇരിങ്ങാലക്കുട നഗരസഭയിലെ വിവിധ വാർഡുകളിൽ നിന്ന് കൗൺസിലർമാരുടെ നേതൃത്വത്തിലും ഡ്രൈവർമാർ, സന്നദ്ധ സംഘടനകൾ, വിവിധ വിദ്യാഭ്യാസസ്ഥാപനങ്ങൾ തുടങ്ങി വിവിധതലങ്ങളിൽ രക്തദാന ക്യാമ്പുകൾ സംഘടിപ്പിച്ചുകൊണ്ട് ആവശ്യത്തിന് രക്തം ശേഖരിക്കുകയും അത് ആവശ്യക്കാർക്ക് നല്കുകയും ചെയ്യുന്ന ബൃഹദ്പദ്ധതിയാണ്.

പദ്ധതിയുടെ ആദ്യഘട്ടത്തിന് തുടക്കം ജെസിഐ ഇരിങ്ങാലക്കുടയും ക്രൈസ്റ്റ് കോളേജ് എൻഎസ്എസ് യൂണിറ്റിന്റെയും നോവ ക്രൈസ്റ്റ് കോളേജിന്റെയും ജനമൈത്രി പോലീസിന്റെയും സംയുക്താഭിമുഖ്യത്തിൽ രക്തദാന ക്യാമ്പ് ജൂൺ 15-ാം തീയതി വ്യാഴാഴ്ച രാവിലെ 9 മണിക്ക് ക്രൈസ്റ്റ് കോളേജിൽ വെച്ച് ആരംഭിക്കുന്നു. “നമുക്ക് രക്തബന്ധുക്കളാകാം” എന്ന പദ്ധതിയുടെ ഔപചാരിക ഉദ്ഘാടനം വ്യാഴാഴ്ച രാവിലെ 11 മണിക്ക് ക്രൈസ്റ്റ് കോളേജ് ഫാ. ജോസ് തെക്കൻ ഹാളിൽ തൃശൂർ ജില്ല റൂറൽ പോലീസ് മേധാവി ഐശ്വര്യ ഡോൺഗ്ര ഐപിഎസ് ഉദ്ഘാടനം ചെയ്യും.

തുടർന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ ഇരിങ്ങാലക്കുട ചാപ്റ്ററിന്‍റെ നേതൃത്വത്തിൽ ഐഎംഎ പ്രസിഡന്റ് ഡോ. ജോം ജേക്കബ് നയിക്കുന്ന സി.പി.ആർ ട്രെയിനിങ്ങ് ഉണ്ടായിരിക്കും.

ക്രൈസ്റ്റ് കോളേജിൽ ചേർന്ന പത്രസമ്മേളനത്തിൽ ഇരിഞ്ഞാലക്കുട ക്രൈസ്റ്റ് കോളേജ് പ്രിൻസിപ്പാൾ ഫാ. ഡോ. ജോളി ആൻഡ്രൂസ്, ഇരിങ്ങാലക്കുട ജെ.സി.ഐ പ്രസിഡന്റ് മേജോ ജോൺസൺ, എൻഎസ്എസ് പ്രോഗ്രാം ഓഫീസർമാരായ ഷിന്റോ വി.പി., ജിൻസി എസ്.ആർ. നോവ ചെയർമാൻ സുരേഷ് കടുപ്പശ്ശേരിക്കാരൻ, പ്രോഗ്രാം കോർഡിനേറ്റർ ടെൽസൺ കോട്ടോളി, പ്രോഗ്രാം ഡയറക്ടർ ഷാജു പാറേക്കാടൻ, അഡ്വ. ഹോബി ജോളി, മറ്റു ജനമൈത്രി സമിതി അംഗങ്ങൾ എന്നിവർ പങ്കെടുത്തു.

You cannot copy content of this page