ഇരിങ്ങാലക്കുട : കഥകളിയിലെ കല്ലുവഴിച്ചിട്ടയുടെ അമരക്കാരനായിരുന്ന കളിയരങ്ങിലെ ആംഗികശോഭ, പദ്മഭൂഷൺ ഡോ. ഗുരു കലാമണ്ഡലം രാമന്‍കുട്ടിനായരുടെ ജന്മശതാബ്ദിയാഘോഷം ഇരിങ്ങാലക്കുട ഡോക്ടർ കെ എൻ പിഷാരടി സ്മാരക കഥകളി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ആഗസ്റ്റ് 31 ശനിയാഴ്ച ഇരിങ്ങാലക്കുട ശാന്തിനികേതൻ പബ്ളിക് സ്കൂൾ അങ്കണത്തിൽ ഒരുക്കുന്നു.
ഒരുവർഷം നീണ്ടുനില്ക്കുന്ന സുവർണ്ണജൂബിലിയാഘോഷിക്കുന്നതിൻ്റെ ഭാഗമായാണ് ക്ലബ്ബ് രാമൻകുട്ടിയാശാൻ അനുസ്മരണപരിപാടി ആദരപൂർവ്വം ഒരുക്കുന്നത്. ആഗസ്റ്റ് 31 വൈകീട്ട് അഞ്ചിന് ശാന്തിനികേതൻ പബ്ളിക് സ്കൂൾ അങ്കണത്തിൽ പി എം നാരായണൻ അനുസ്മരണപ്രഭാഷണം നടത്തും.
തുടർന്ന് ശിഷ്യപ്രശിഷ്യരേയും മറ്റ് കലാകാരന്മാരേയും പങ്കെടുപ്പിച്ചുകൊണ്ടുള്ള തോരണയുദ്ധം കഥകളി അരങ്ങേറും. ആശാന്റെ വത്സലശിഷ്യരായ കലാനിലയം ഗോപിയും, കലാമണ്ഡലം സോമനും ഗുരുനാഥന്റെ അനശ്വരവേഷങ്ങളായ വെള്ളത്താടിയും കത്തിയും വേഷങ്ങൾ യഥാക്രമം രംഗത്തവതരിപ്പിക്കും.
കലാനിലയം ഗോപിക്ക് ശിഷ്യർ നടത്തിയ “ഗുരുദക്ഷിണ” – വീരശൃംഖല സംഘാടകസമിതിയുടെ സഹകരണവും ഈ കളിയരങ്ങിനുണ്ട്.