ഇരിങ്ങാലക്കുട : വരവീണ സ്കൂൾ ഓഫ് മ്യൂസിക്കിന്റെ ആഭിമുഖ്യത്തിൽ മുനിസിപ്പൽ ടൗൺ ഹാളിൽ നടന്ന “ലയാനുഭവം” സംഗീതപരിപാടി മികച്ച പങ്കാളിത്തത്തോടെയും കലാസൗന്ദര്യത്തോടെയും സമാപിച്ചു. പ്രശസ്ത മൃദംഗ ചക്രവർത്തി പത്രി സതിഷ് കുമാർ നയിച്ച ഇന്ററാക്ടീവ് സെഷനായിരുന്നു പരിപാടിയുടെ പ്രധാന ആകർഷണം.
വൈകുന്നേരം 4 മണിക്ക് ആരംഭിച്ച സെഷനിൽ “ഓരോ പാഠവും ഒരു മന്ത്രം പോലെ ആകണം” എന്ന സന്ദേശം വിദ്യാർത്ഥികൾക്ക് നൽകി. പഠിച്ചതിനെ സ്വയം ആവിഷ്കരിച്ച് വികസിപ്പിക്കേണ്ടതിന്റെ പ്രാധാന്യം അദ്ദേഹം വിശദികരിച്ചു.

നല്ല സംഗീതവും മഹത്തായ സംഗീതവും തമ്മിലുള്ള വ്യത്യാസം തിരിച്ചറിയുന്നതിനുള്ള സൂക്ഷ്മതകളും “എന്താണ് പഠിക്കേണ്ടത്” എന്ന കാര്യത്തിൽ വ്യക്തമായ ദിശാബോധവും അദ്ദേഹം പങ്കുവെച്ചു. അടിസ്ഥാന പാഠകൈകളുടെ വ്യവഹാരസാധ്യതകളിൽ തുടങ്ങി, സങ്കീർണമായ കോരുവകളുടെ പ്രയോഗത്തിൽ ശ്രദ്ധിയ്‌ക്കേണ്ട കാര്യങ്ങൾ, ഒരു സംഗീതത്തെ പിന്തുടരുമ്പോൾ, വായ്പാട്ടായാലും, വ്യത്യസ്ത ഉപകരണസംഗീതമായാലും അവിടെ ഉപയോഗിയ്ക്കേണ്ട സർവ്വലഘു വിന്റെ പ്രാധാന്യം, ഒരു സംഗീത വിദ്യാർത്ഥി അറിഞ്ഞിരിയ്ക്കേണ്ട കാല പ്രമാണങ്ങൾ നിലനിർത്താൻ വേണ്ട അഭ്യസങ്ങളെ പറ്റിയും, തുടർന്ന് മഹാവിദ്വാൻ മാരായിട്ടുള്ള പാലക്കാട് മണി അയ്യർ, പഴനി സുബ്രഹ്മണ്യം പിള്ള, തുടങ്ങി ട്രിച്ചി ശങ്കരൻ വരെയുള്ള മൃദംഗവാദകരുടെ ലയസൗകുമാര്യത്തെ പറ്റിയും വിശദമായി സംസാരിച്ചു.
ആദിതാളത്തിൽ മനോഹരമായ ലയസുഭഗമായ തനി ആവർത്തനത്തോടെ ഇന്റെറാക്ഷൻ സെക്ഷൻ അവസാനിപ്പിച്ചു. ശ്രോതാക്കളുമായി സജീവമായി സംവദിച്ച അദ്ദേഹത്തിന്റെ അവതരണം സംഗീതാസ്വാദകർക്ക് പുതുമയാർന്ന അനുഭവമായി. നവീൻ മുല്ലമംഗലം പരിപാടിയുടെ മോഡറേറ്ററായിരുന്നു.
തുടർന്ന് 5.30ന് വരവീണ സ്കൂൾ ഓഫ് മ്യൂസിക്കിലെ വിദ്യാർത്ഥികൾ അവതരിപ്പിച്ച കൃതികൾ പ്രേക്ഷകരുടെ കൈയടി നേടി.
വൈകുന്നേരം 6 മണിക്ക് നടന്ന സംഗീത കച്ചേരി ശ്രീദേവ് രാജാഗോപാലൻ നയിച്ചു. അദ്ദേഹത്തിന്റെ ഗായനത്തിന് വയലിനിൽ സമ്പത് , മൃദംഗത്തിൽ പത്രി സതിഷ് കുമാർ , ഘടത്തിൽ വാഴപ്പള്ളി കൃഷ്ണകുമാർ എന്നിവർ പക്കമേളം നൽകി. കലാകാരന്മാരുടെ ഏകോപിതമായ പ്രകടനം സംഗീതത്തിന്റെ ഉയർന്ന അനുഭവം പ്രേക്ഷകർക്ക് സമ്മാനിച്ചു.
നിരവധി സംഗീതാസ്വാദകരും വിദ്യാർത്ഥികളും പങ്കെടുത്ത പരിപാടി വിജയകരമായി സമാപിച്ചു. ശാസ്ത്രീയ സംഗീതത്തോടും ലയത്തോടും ഉള്ള ആസ്വാദനം വർധിപ്പിക്കുന്നതിൽ “ലയാനുഭവം” ശ്രദ്ധേയമായ പങ്കുവഹിച്ചു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

