ഇരിങ്ങാലക്കുട : നാലുവർഷ ബിരുദ കോഴ്സിനെപ്പറ്റി ഒരാശങ്കയും ആർക്കും വേണ്ടെന്ന് ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു നിയമസഭയിൽ വ്യക്തമാക്കി. പ്രൊഫ. ആബിദ് ഹുസ്സൈൻ തങ്ങളുടെ ശ്രദ്ധക്ഷണിക്കലിന് പുതിയ പദ്ധതിയിലേക്ക് പ്രവേശിക്കാൻ നാം നടത്തിയ മുൻപ്രവർത്തനങ്ങളും മുന്നൊരുക്കങ്ങളും അക്കമിട്ടു നിരത്തി മന്ത്രി ഡോ. ബിന്ദു മറുപടി പറഞ്ഞു. പൊതുസമൂഹത്തില്‍ ഇതുമായി ബന്ധപ്പെട്ട് ആശങ്കകള്‍ ഉയര്‍ത്തുന്നത് ആശാസ്യമല്ലെന്നും തുടർന്ന് മന്ത്രി വ്യക്തമാക്കി.
ദേശീയ-അന്തര്‍ദേശീയ ഗുണനിലവാര പരിശോധനകളിലെല്ലാം മുന്നോട്ടു പോയിക്കൊണ്ടിരിക്കുന്ന കേരളത്തിലെ സര്‍വ്വകലാശാലകളുടെയും കലാലയങ്ങളുടെയും നേട്ടങ്ങളെ വര്‍ദ്ധിപ്പിക്കുന്നതാവും നാലുവർഷ ബിരുദ പദ്ധതിയെന്ന് മന്ത്രി പറഞ്ഞു. എല്ലാ സര്‍വ്വകലാശാലകളിലും കലാലയങ്ങളിലും Skill Development & Career Counselling Centers എന്ന സവിശേഷ കേന്ദ്രങ്ങള്‍ ആരംഭിക്കുന്നതിന് നടപടികളായി വരികയാണ്.
ഈ കേന്ദ്രങ്ങളിൽ സ്കില്‍ നല്‍കാനും ഇന്റേണ്‍ഷിപ്പ് നല്‍കാനും കഴിവുള്ള സ്ഥാപനങ്ങളെ എം പാനല്‍ ചെയ്ത് നല്‍കിയിട്ടുണ്ട്. സര്‍ക്കാരിന്റെ തന്നെ കീഴിലുള്ള അസാപ്, കെയ്പ് തുടങ്ങിയ സ്ഥാപനങ്ങള്‍ നല്ല നിലയില്‍ സ്കില്‍ എന്‍ഹാന്‍സ് മെന്‍റുമായി ബന്ധപ്പെട്ട് കലാലയങ്ങളില്‍ പ്രവര്‍ത്തിച്ചു വരുന്നുണ്ട്. അതുപോലെ കണക്ട് കരിയര്‍ ടു ക്യാമ്പസ് പദ്ധതിയുടെ ഭാഗമായി അഞ്ഞൂറോളം ഐഇഡിഎസുകള്‍ ഇതിനകം നമുക്ക് ഡവലപ് ചെയ്യാന്‍ സാധിച്ചു. അത് എല്ലാ കലാലയങ്ങളിലും വ്യാപിപ്പിക്കാനാണ് പദ്ധതി.
മാറിയ പരീക്ഷരീതികൾ സംബന്ധിച്ചുള്ള ആശയവിനിമയവും നന്നായി നടത്തിവരുന്നുണ്ടെന്നും മന്ത്രി ഡോ. ബിന്ദു പറഞ്ഞു. ഓരോ കോഴ്സിലൂടെയും പ്രോഗ്രാമിലൂടെയും വിദ്യാര്‍ത്ഥി ആര്‍ജ്ജിക്കേണ്ട ജ്ഞാനം, നൈപുണി, അഭിരുചി എല്ലാം ഉറപ്പുവരുന്ന വിധത്തില്‍ Teaching, learning, evaluation രീതികളിലേക്ക് മാറുകയാണ് നമ്മുടെ പഠന സമ്പ്രദായം. ഈ ആദ്യ സെമസ്റ്റര്‍ മുതല്‍ അത്തരത്തിലുള്ള ഒരു സമീപനം സാക്ഷാത്ക്കരിക്കുന്ന വിധത്തിലുള്ള മുന്നൊരുക്കങ്ങളാണ് നടത്തിക്കൊണ്ടിരിക്കുന്നത്.
വളരെയധികം ഗൃഹപാഠം ചെയ്ത് സമയമെടുത്ത് എല്ലാ പരിശീലന പരിപാടികളും നടപ്പിലാക്കി മുന്നൊരുക്കങ്ങളെല്ലാം പൂര്‍ത്തീകരിച്ചുകൊണ്ട് തന്നെയാണ് പ്രോഗ്രാമിലേക്ക് പ്രവേശിച്ചതുമെന്ന് മന്ത്രി വ്യക്തമാക്കി. സര്‍ക്കാര്‍ നിയോഗിച്ച വിദഗ്ദ്ധ സമിതിയുടെ (ഉന്നതവിദ്യാഭ്യാസ പരിഷ്കരണ കമ്മീഷന്‍) നിര്‍ദ്ദേശങ്ങള്‍ക്കനുസൃതമായിട്ടാണ് നാലുവര്‍ഷ ബിരുദ പ്രോഗ്രാം ചിട്ടപ്പെടുത്തിയത്. ദേശീയ വിദ്യാഭ്യാസ നയത്തിന്റേയും യു.ജി.സി കരിക്കുലത്തിന്റെയും പൊതുവായ ഘടനയെ അംഗീകരിക്കുമ്പോള്‍ തന്നെ അവയുടെ പ്രതിലോമകരമായ അംശങ്ങള്‍ തള്ളിക്കളഞ്ഞുകൊണ്ടാണിത് ചെയ്തത്.
നമ്മുടെ സംസ്ഥാനത്തിന്റെ സവിശേഷ സാഹചര്യങ്ങള്‍ക്കനുസൃതമായി സാമൂഹ്യനീതി സങ്കല്‍പ്പനങ്ങള്‍ ഉയര്‍ത്തിപ്പിച്ചുകൊണ്ടും ശാസ്ത്രീയ വീക്ഷണം നിലനിര്‍ത്തിക്കൊണ്ടും ആണ് നമ്മുടെ കരിക്കുലത്തിന് രൂപം നല്‍കിയിട്ടുള്ളത്. ഒന്നരവര്‍ഷക്കാലത്തോളം സര്‍ക്കാര്‍, സര്‍വ്വകലാശാല, കോളേജ് തലങ്ങളില്‍ ഇതിനായി മുന്നൊരുക്കങ്ങൾ നടത്തി. ഉന്നതവിദ്യാഭ്യാസ പരിഷ്കരണത്തിനൊപ്പം പരീക്ഷാ പരിഷ്കരണത്തിനും നിയമപരിഷ്കരണത്തിനും നിയമിച്ച കമ്മീഷനുകളുടെ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ പ്രൊഫ. സുരേഷ് ദാസ് ചെയര്‍മാനായി കരിക്കുലം കമ്മിറ്റി രൂപീകരിക്കുകയും സംസ്ഥാനചരിത്രത്തില്‍ ആദ്യമായി ഉന്നതവിദ്യാഭ്യാസത്തിന് വേണ്ടി സമഗ്ര കരിക്കുലം തയ്യാറാക്കപ്പെടുകയും ചെയ്തു.
തുടര്‍ന്ന് സര്‍വ്വകലാശാലാ വൈസ് ചാന്‍സലര്‍മാരും സിന്‍ഡിക്കേറ്റ് അംഗങ്ങളും ഉദ്യോഗസ്ഥരും സെനറ്റ് അക്കാദമിക് കൗണ്‍സില്‍ അംഗങ്ങളും അധ്യാപകര്രും വിദ്യാര്‍ത്ഥികളും അനധ്യാപകരുമടക്കം എല്ലാ സ്റ്റേക്ക് ഹോള്‍ഡേഴ്സിനേയും പങ്കെടുപ്പിച്ച് സര്‍ക്കാര്‍ തലത്തിലും സര്‍വ്വകലാശാലാ തരത്തിലും നിരവധി ചര്‍ച്ചകളും ശില്പശാലകളും കോണ്‍ഫറന്‍സുകളും നടത്തി. എല്ലാ വിഭാഗങ്ങളേയും പങ്കെടുപ്പിച്ചാണ് ഇതെല്ലാം സംഘടിപ്പിച്ചത്.
അതുപോലെ താഴെതട്ടില്‍ കോളേജ് തലം വരെ കരിക്കുലത്തിൻ്റെ വിശദാംശങ്ങൾ കൃത്യമായി എത്തിക്കാന്‍ കഴിയുന്ന വിധത്തിലുള്ള വിവിധ പരിശീലന പരിപാടികളും സംഘടിപ്പിച്ചു. സർവ്വകലാശാലാ തലത്തില്‍ എല്ലാ സർവ്വകലാശാലകളിലും ഉന്നതവിദ്യാഭ്യാസ മന്ത്രിയും ഹയര്‍ എഡ്യൂക്കേഷന്‍ കൗണ്‍സില്‍ വൈസ് ചെയര്‍മാനും പങ്കെടുത്ത നിരവധി പരിശീലന പരിപാടികളും ചര്‍ച്ചകളും സംഘടിപ്പിച്ചു.
കാലിക്കറ്റ് സര്‍വ്വകലാശാലയില്‍ ഉള്‍പ്പെടെ എല്ലാ സര്‍വ്വകലാശാലകളിലും സിലബസുകള്‍ പൂര്‍ണ്ണമായി തയ്യാറാക്കിക്കൊണ്ട് തന്നെയാണ് നമ്മള്‍ നാലുവര്‍ഷ ബിരുദ പ്രോഗ്രാമിലേക്ക് പ്രവേശിച്ചിട്ടുള്ളതെന്ന് മന്ത്രി ഓർമ്മിപ്പിച്ചു. അധ്യാപകര്‍ക്ക് ഇതിനാവശ്യമായിട്ടുള്ള പരിശീലനങ്ങള്‍ നല്‍കി വരുന്നുണ്ട്. മഹാരാജാസ് കോളേജ് പോലെ വലിയ കോളേജുകളില്‍ ഒരു പാട് പരീക്ഷകള്‍ ഉണ്ടെങ്കില്‍ അതിന് ആനുപാതികമായി അധ്യാപകരും അനധ്യാപകരും അവിടെ ലഭ്യവുമാണ് – മന്ത്രി വ്യക്തമാക്കി
ഏകോപിതമായ നിലയില്‍ സര്‍വ്വകലാശാലകളില്‍ അക്കാദമിക് പ്രവര്‍ത്തനങ്ങളും പരീക്ഷകളുമടക്കമുള്ളവ മുന്നോട്ട് കൊണ്ടുപോകാൻ ഏകീകൃത അക്കാദമിക് കലണ്ടറും തയ്യാറാക്കിയിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. കേരളത്തിലെ സര്‍വ്വകലാശാലകളെയാകെ ഏകോപിപ്പിക്കുന്ന തരത്തിലുള്ള പ്ലാറ്റ് ഫോം ഇതിനകം രൂപീകരിക്കാന്‍ സാധിച്ചു. എല്ലാ സര്‍വ്വകലാശാലകളിലെയും രജിസ്ട്രാര്‍മാര്‍ അതിന്റെ ഭാഗമാണ്. അവരെല്ലാവരും ചേര്‍ന്ന് തയ്യാറാക്കിയ ഏകീകൃത അക്കാദമിക് കലണ്ടര്‍ അനുസരിച്ച് വളരെ കൃത്യമായി തന്നെയാണ് കാര്യങ്ങള്‍ മുന്നോട്ട് പോകുന്നത്.
ലാംഗ്വേജ് അധ്യാപകര്‍ എബിലിറ്റി എന്‍ഹാന്‍സ്മെന്റ് കോഴ്സ് പഠിപ്പിക്കേണ്ടി വരുമെന്നുള്ളതിലും ഒരാശങ്കയ്ക്കും വകയില്ലെന്ന് മന്ത്രി ഡോ. ബിന്ദു പറഞ്ഞു. ഭാഷാപ്രാവീണ്യം വര്‍ദ്ധിപ്പിക്കുന്നതുമായി ബന്ധപ്പെട്ട കോഴ്സ് തന്നെയാണ് ഭാഷാ അധ്യാപകര്‍ പഠിപ്പിക്കേണ്ടതായി വരുന്നത് – മന്ത്രി വിശദമാക്കി.
സംസ്ഥാനത്ത് ആറായിരത്തോളം അധ്യാപകര്‍ക്ക് നേരിട്ട് പരിശീലനം ലഭ്യമാക്കിയ ഉന്നതവിദ്യാഭ്യാസ കൗണ്‍സില്‍ ഇപ്പോള്‍ കെ- റീപ്പുമായി ബന്ധപ്പെട്ട പരിശീലന പരിപാടി നടത്തി വരികയാണ് – മന്ത്രി ഡോ. ബിന്ദു പറഞ്ഞു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com