വർണ്ണക്കുടയ്ക്ക് കേളികൊട്ടി വാക്കത്തോൺ ഫ്ളാഗ്ഓഫ് ചെയ്തു

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുടയുടെ സാംസ്കാരിക മണ്ഡലത്തില്‍ കൂടിച്ചേരലിന്‍റെയും സമഭാവനയുടെയും പുതുചരിത്രം എഴുതിച്ചേര്‍ത്ത ‘വര്‍ണ്ണക്കുട’ സാംസ്കാരികോത്സവം വീണ്ടുമെത്തുന്നു. തെന്നിന്ത്യയിലെ പ്രശസ്തരായ കലാകാരന്മാർക്കൊപ്പം പ്രാദേശിക കലാപ്രതിഭകൾക്കും കലാപ്രണയികൾക്കും കലാ കൂട്ടായ്മകൾക്കുമെല്ലാം ആവിഷ്കാരവേദിയൊരുക്കി, മുൻവർഷങ്ങളെ അതിശയിക്കുന്ന കലാശബളിമയോടെയാണ് ‘വര്‍ണ്ണക്കുട 2024’ ഇതൾ വിരിയുക.



ഡിസംബർ 21 മുതൽ 29 വരെ ഇരിക്കാലക്കുട മുനിസിപ്പൽ മൈതാനിയാണ് വേദി. മ്യൂസിക് ബാൻഡ്, നൃത്തോത്സവം, നാടൻപാട്ടുത്സവം, സാഹിത്യോത്സവം, കാർണിവൽ, ഫുഡ് ഫെസ്റ്റ് തുടങ്ങി വിശേഷവിരുന്നുകളാണ് വർണ്ണക്കുടയിൽ ഒരുങ്ങുന്നത്.

ശനിയാഴ്ച രാവിലെ അയ്യൻകാവ് മൈതാനിയിൽ വർണ്ണക്കുടയ്ക്ക് കേളികൊട്ടി വാക്കത്തോൺ മന്ത്രി ഡോ ആർ ബിന്ദു ഫ്ളാഗ്ഓഫ് ചെയ്തു. നഗരസഭ ചെയർ പേഴ്സൺ മേരികുട്ടി ജോയ് ആശംസനേർന്നു സംസാരിച്ചു. അയ്യങ്കാവ് മൈതാനിയിൽ നിന്നാരംഭിച്ച് ചന്ദ്രിക – ചന്തക്കുന്ന് – ഠാണാ – മെയിൻ റോഡ് – ബസ് സ്റ്റാൻഡ് – ടൗൺ ഹാൾ വഴി മുനിസിപ്പൽ മൈതാനത്ത് തിരിച്ചെത്തിയ വാക്കത്തോണ്ണിൽ നൂറുകണക്കിന് പേർ പങ്കെടുത്തു.


പ്രോഗ്രാം ജനറൽ കൺവീനറും മുരിയാട് പഞ്ചായത്ത് പ്രസിഡണ്ടുമായ ജോസ് ചിറ്റിലപ്പിള്ളി, വെള്ളാങ്കല്ലൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സുധ ദിലീപ്, പഞ്ചായത്ത് പ്രസിഡണ്ടുമാരായ ജോജോ കെ.ആർ, കെ.എസ്.തമ്പി, ലിജി രതീഷ്, ജില്ല പഞ്ചായത്തംഗം ഷീല അജയഘോഷ്, ഇരിങ്ങാലക്കുട മുനിസിപ്പൽ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ ജെയ്സൻ പാറേക്കാടൻ, ഫെനി എബിൻ, ആളൂർ പഞ്ചായത്ത് വൈസ്.പ്രസിഡണ്ട് രതി സുരേഷ്, തഹസിൽദാർ സിമീഷ് സാഹു, ക്രൈസ്റ്റ് കോളേജ് മാനേജർ ജോയി പീനിക്കപ്പറമ്പിൽ, വർണ്ണക്കുട പ്രോഗ്രാം കോർഡിനേറ്റർമാരായ ടെൽസൺ കോട്ടോളി, ഷെറിൻ അഹമ്മദ്, അഡ്വ.അജയകുമാർ, പി.ആർ.സ്റ്റാൻലി, എ.സി.സുരേഷ്, ദീപ ആൻറണി, ശ്രീജിത്ത് കാറളം എന്നിവർ നേതൃത്വം നൽകി.

22 ഞായറാഴ്ച എൽ.പി തലം തൊട്ട് മുതിർന്നവർ വരെയുള്ള വിവിധ വിഭാഗങ്ങൾക്കായി സെൻ്റ് ജോസഫ്സ് കോളേജ് ഇൻഡോർ സ്റ്റേഡിയത്തിൽ ചിത്രരചനാമത്സരം അരങ്ങേറും. 23 തിങ്കളാഴ്ച വിദ്യാത്ഥികൾക്കും പൊതുജനങ്ങൾക്കുമായുള്ള സാഹിത്യോത്സവം ഗവ. ഗേൾസ് ഹയർ സെക്കണ്ടറി സ്കൂളിൽ നടക്കും. അന്നു വൈകിട്ട് അഞ്ചുമണിയ്ക്ക് സ്നേഹസംഗീതം, ദീപജ്വാല, വർണ്ണമഴ എന്നിവയോടെ വർണ്ണക്കുടയുടെ കൊടിയേറ്റം നടക്കും.



ഡിസംബർ 26 വ്യാഴാഴ്ചയാണ് മുഖ്യ അവതരണങ്ങൾ ആരംഭിക്കുക. വ്യാഴാഴ്ച രാവിലെ 11ന് ഫോട്ടോ പ്രദർശനം തുടങ്ങും. ഉദ്ഘാടനച്ചടങ്ങിന് മുന്നോടിയായി വൈകിട്ട് 4ന് താളവാദ്യോത്സവം അരങ്ങേറും.

26 വ്യാഴാഴ്ച വൈകിട്ട് അഞ്ചു മണിക്ക് വർണ്ണക്കുട തീം സോംഗിൻ്റെ നൃത്താവിഷ്കാരത്തോടെ വർണ്ണക്കുടയുടെ ഉദ്ഘാടനം നിർവ്വഹിക്കപ്പെടും. ആദരണീയനായ തദ്ദേശസ്വയംഭരണ മന്ത്രി ശ്രീ. എം ബി രാജേഷ് ഉദ്ഘാടകനായെത്തും. വയലാർ അവാർഡ് ജേതാവ് ശ്രീ. അശോകൻ ചരുവിലിന് ജന്മനാടിൻ്റെ സ്നേഹാദരം ഉദ്ഘാടനച്ചടങ്ങിൽ അർപ്പിക്കും. ഇരിങ്ങാലക്കുടയുടെ സർവ്വകാല അഭിമാനഭാജനങ്ങളായ, അനശ്വര ചലച്ചിത്രപ്രതിഭകൾ ഇന്നസെൻ്റിനും മോഹനും സത്യൻ അന്തിക്കാടും കമലും സ്മരണാഞ്ജലിയർപ്പിക്കും.



ഉദ്ഘാടന-ആദര ചടങ്ങുകൾക്കു പിന്നാലെ, ശരണ്യ സഹസ്രയും സംഘവും അവതരിപ്പിക്കുന്ന കഥക് നൃത്തവും വൈകിട്ട് 7.30ന് ആൽമരം മ്യൂസിക് ബാൻഡിൻ്റെ അവതരണവും ഉദ്ഘാടന വേദിയിൽ നടക്കും.

27 വെള്ളിയാഴ്ച മുതൽ സായന്തനങ്ങൾ നൃത്തസന്ധ്യകളായി മാറും. 27ന് വൈകിട്ട് 5ന് പടിയൂർ ശ്രീശങ്കര നൃത്തവിദ്യാലയം, ഇരിങ്ങാലക്കുട ഓം നമഃശിവായ നൃത്തകലാക്ഷേത്രം, എടക്കുളം ലാസ്യ പെർഫോമിംഗ് ആർട്സ്, ഇരിങ്ങാലക്കുട നൃത്ത്യതി നൃത്തക്ഷേത്ര, മൂർക്കനാട് ഭരതനാട്യ ഡാൻസ് വേൾഡ്, ചെട്ടിപ്പറമ്പ് ശ്രീശങ്കര നാട്യകലാക്ഷേത്ര, കരുവന്നൂർ നാട്യപ്രിയ കലാലയം എന്നിവരുടെ അവതരണങ്ങൾ നൃത്തസന്ധ്യയിൽ വിരിയും. സാംസ്കാരിക സമ്മേളനവും കൊറ്റനല്ലൂർ സമയകലാഭവൻ്റെ ‘നല്ലമ്മ’ നാടൻ പാട്ട് – നാടൻ കലാരൂപ അവതരണങ്ങളും തുടർന്ന് നടക്കും.



28 ശനിയാഴ്ച വൈകീട്ട് 5ന് നൃത്തസന്ധ്യ തുടരും. നടവരമ്പ് മാണിക്യം കലാക്ഷേത്ര, കാട്ടൂർ അഭിനവ നാട്യകലാക്ഷേത്രം എന്നിവയുടെ അവതരണങ്ങൾ അരങ്ങേറും. ഏഴു മണിക്ക് സാംസ്കാരിക സമ്മേളനമാണ്. തുടർന്ന്, സിത്താര കൃഷ്ണകുമാറിൻ്റെ സംഘം അവതരിപ്പിക്കുന്ന മ്യൂസിക് ബാൻഡും രാത്രിയെ ഉണർത്തും.



സമാപനദിനമായ 29 ഞായറാഴ്ച വൈകീട്ട് 5ന് നൃത്തസന്ധ്യയിൽ അവിട്ടത്തൂർ ചിലമ്പൊലി നൃത്തവിദ്യാലയത്തിൻ്റെയും ഇരിങ്ങാലക്കുട ഭരത് വിദ്വത് മണ്ഡൽ നാട്യകളരിയുടെയുമാണ് അവതരണങ്ങൾ. വൈകീട്ട് 7ന് സമാപന സമ്മേളനമാരംഭിക്കും. ഗൗരി ലക്ഷ്മിയും സംഘവും അവതരിപ്പിക്കുന്ന ഡാൻസ് മ്യൂസിക് ബാൻഡോടെയാവും പുതുവർഷത്തിന് സ്വാഗതമോതി വർണ്ണക്കുടയ്ക്ക് സമാപനമാവുക.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com

You cannot copy content of this page