ഉത്സവ ശേഷം തെക്കേകുളം ‘കുളമായി’ – മതിലിടിഞ്ഞു, കൂടാതെ മദ്യകുപ്പികളും മാലിന്യ കൂമ്പാരവും

ഇരിങ്ങാലക്കുട : പത്തു ദിവസത്തെ കൂടൽമാണിക്യം ക്ഷേത്രോത്സവത്തിന് ശേഷം തെക്കേകുളം വൃത്തിഹീനം. കൂടാതെ കുളത്തിന്റെ പടിഞ്ഞാറേ ഭാഗത്തെ മതിലും ഉത്സവത്തിനിടെ തകർന്നു വീണിരുന്നു. ഇത് അപകടം ക്ഷണിച്ചുവരുന്ന അവസ്ഥയിലാണ് ഇപ്പോൾ.

കുളത്തിൽ നിറയെ മദ്യക്കുപ്പികളും മാലിന്യങ്ങളും അടിഞ്ഞുകൂടിയിരിക്കുകയാണ്. ക്ഷേത്രത്തിന്റെ കുളിക്കടവുകളിലെ കൽപ്പടവുകളിൽ മദ്യകുപ്പികളും ചില്ലുകളും മൂലം ഇവിടെ സ്ഥിരമായി കുളിക്കാൻ വരുന്നവർക്ക് ഏറെ ബുദ്ധിമുട്ട് സൃഷ്ടിക്കുകയാണ്. സാമൂഹ്യവിരുദ്ധരുടെ ശല്യം ഇവിടെ ഏറുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടും അധികൃതർ വേണ്ടത്ര മുൻകരുതലുകൾ എടുക്കുന്നില്ല എന്ന പരാതിയും നിലനിൽക്കുന്നു .


ഉത്സവത്തിനിടയ്ക്ക് തന്നെ പല ദിവസങ്ങളിലും ഇവിടെ ചേരിതിരിഞ്ഞ് സംഘങ്ങൾ ഏറ്റുമുട്ടിയിരുന്നു. സ്ഥിരമായി ഈ മേഖലയിൽ പോലീസ് പെട്രോളിങ് വേണമെന്ന ആവശ്യം ഇതുവരെ യാഥാർത്ഥ്യമായിട്ടില്ല. കുളത്തിന്റെ നാലു ഭാഗത്തും സെക്യൂരിറ്റി ക്യാമറയും വെളിച്ചവും ദേവസ്വം ഒരുക്കണമെന്നാണ് പ്രധാന ആവശ്യം .

ദിനംപ്രതി നൂറുകണക്കിന് ഭക്തർ ഉൾപ്പെടെയുള്ളവരാണ് കുളിക്കുവാനായി കുളത്തെ ആശ്രയിക്കുന്നത്. തെക്കേകുളത്തിന്റെ കൽപ്പടവുകളിൽ ഇരുവശത്തും മാലിന്യം അടിഞ്ഞുകൂടി പടവുകൾ ഉപയോഗശൂന്യമായിരിക്കുകയാണ്. ഉത്സവത്തിന് തൊട്ടുമുൻപ് കാടുപിടിച്ച കൽപ്പടവുകൾ ദേവസ്വം വൃത്തിയാക്കിയിരുന്നു പക്ഷേ ഇതിന്റെ അവശിഷ്ടങ്ങൾ നീക്കാതിരുന്നതും വിനയായി.

ക്ഷേത്രക്കുളം വലിയതോതിൽ മലിനമാകുന്നതിൽ കുളം ഉപയോഗിക്കുന്നവരുടെയും അശ്രദ്ധയുമുണ്ട്. സാമൂഹ്യവിരുദ്ധരുടെ ശല്യം കുളത്തിന് ചുറ്റും സ്ഥിരമാണെന്ന് പരാതി നിലനിൽക്കുന്നുണ്ട്. ഇവിടെ ദേവസ്വം സെക്യൂരിറ്റിയെ നിയോഗിക്കണമെന്ന് ആവശ്യവും ശക്തമാണ്.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page