ഇരിങ്ങാലക്കുട : കൂടിയാട്ട വിദ്യാലയങ്ങളോട് കേന്ദ്രസംഗീതനാടക അക്കാദമിയുടെ അവഗണനയിൽ പ്രതിഷേധിക്കുന്നതായും കൂടിയാട്ട വിദ്യാലയങ്ങളെ കേന്ദ്രം കൈവിട്ട സാഹചര്യത്തിൽ കേരളസർക്കാർ സഹായമുറപ്പാക്കണം എന്നും യുവകലാസാഹിതി ഇരിങ്ങാലക്കുട മണ്ഡലം കമ്മിറ്റി അഭിപ്രായപ്പെട്ടു.
കേന്ദ്രസംഗീതനാടക അക്കാദമിയുടെ തിരുവനന്തപുരം ആസ്ഥാനമായുള്ള കൂടിയാട്ടം കേന്ദ്രത്തിന് നാഥനില്ലാതായതോടെ കൂടിയാട്ടം പഠിപ്പിക്കുന്ന സംസ്ഥാനത്തെ അഞ്ച് സ്ഥാപനങ്ങൾക്കായി കേന്ദ്ര സംഗീതനാടക അക്കാദമി നൽകുന്ന വാർഷിക സഹായധനം നഷ്ടപ്പെടുന്ന അവസ്ഥയിലാണ് എന്ന് മാധ്യമ വാർത്തകൾ വന്നിരുന്നു. കൂടിയാട്ടം കേന്ദ്രം വഴി ഇരിങ്ങാലക്കുട അമ്മന്നൂർ ഗുരുകുലം, തിരുവനന്തപുരം മാർഗി, പൈങ്കുളം കലാപീഠം, ലക്കിടിയിൽ മാണി മാധവ ഗുരുകുലം, നേപത്ഥ്യ മൂഴിക്കുളം എന്നി സ്ഥാപനങ്ങളിലെ അധ്യാപകർക്കുള്ള ഓണറേറിയവും വിദ്യാർഥികൾക്കുള്ള സ്കോളർഷിപ്പും വിവിധ പരിപാടികൾക്കുള്ള വിഹിതവുമടക്കവുമാണ് ഒരു കോടിയോളം തുക നഷ്ടപ്പെട്ടിരിക്കുന്നത്.
സംസ്ഥാനത്തെ എല്ലാ കൂടിയാട്ട വിദ്യാലയങ്ങൾക്കും കേന്ദ്രസംഗീതനാടക അക്കാദമിയുടെ നിയന്ത്രണത്തിലുള്ള ‘കൂടിയാട്ടം കേന്ദ്ര’ വഴി നൽകിവന്നിരുന്ന ധനസഹായം സമീപഭൂതകാലത്ത് കുറഞ്ഞുവരികയും തീരെ നിന്നുപോവുകയും ചെയ്തു.
കൂടിയാട്ടം കേന്ദ്രയ്ക്ക് സാരഥിയില്ലാതെയായിട്ട് വർഷത്തിലധികമായി. കേരളത്തോട് പൊതുവെയും കലാസാംസ്കാരിക കൈരളിയോട് പ്രത്യേകിച്ചും കേന്ദ്രസർക്കാറിൻ്റെ ഭാഗത്തുനിന്നുണ്ടാകുന്ന അവഗണനയിൽ യുവകലാസാഹിതി ഇരിങ്ങാലക്കുട മണ്ഡലം കമ്മിറ്റിശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.
കലാകാരന്മാരാൽ നിയന്ത്രിക്കപ്പെടുന്നതും സാംസ്കാരികകേരളത്തിൻ്റെ പിന്തുണ തീർച്ചയായും ലഭിക്കേണ്ടതുമായ അമ്മന്നൂർ ഗുരുകുലം പോലുള്ള സ്ഥാപനങ്ങൾക്ക് കേന്ദ്രസർക്കാർ പിന്തുണ പിൻവലിച്ച സാഹചര്യത്തിൽ കലാകാരന്മാരെയും കൂടിയാട്ടകലയെയും സംരക്ഷിക്കാൻ സംസ്ഥാനസർക്കാർ സത്വരശ്രദ്ധ ചെലുത്തണമെന്നും യുവകലാസാഹിതി ആവശ്യപ്പെട്ടു.
യോഗത്തിൽ ഭാരവാഹികളായ അഡ്വ രാജേഷ് തമ്പാൻ, വി.പി. അജിത്കുമാർ, വി.എസ് വസന്തൻ കെ.സി. ശിവരാമൻ, റഷീദ് കാറളം, അഡ്വ ഇ.ജെ ബാബുരാജ്,ഡോ ഇന്ദുലേഖ കെ.എസ്., അശ്വതി സരോജിനി, ഷിഹാബ് കാദർ എന്നിവർ സംസാരിച്ചു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive