ഇരിങ്ങാലക്കുട : എൻ.ഡി.പി.എസ് (Narcotic Drugs and Psychotropic Substances Act) നിയമത്തിലെ വകുപ്പ് 68F പ്രകാരം തൃശൂർ റൂറൽ ജില്ലയിലെ മൂന്ന് മയക്കുമരുന്ന് കുറ്റവാളികളിൽ നിന്ന് വാഹനങ്ങളും ബാങ്ക് അക്കൗണ്ടുകളും ഉൾപ്പെടെ ഇരുപത്തിമൂന്ന് ലക്ഷത്തി എൺപത്തിയെണ്ണായിരത്തി അഞ്ഞൂറ് രൂപയുടെ സ്വത്ത് വഹകൾ സർക്കാരിലേക്ക് കണ്ടുകെട്ടാൻ ഉത്തരവായി.
തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ബി.കൃഷ്ണകുമാർ ഐ.പി.എസ്സിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം സമർപ്പിച്ച റിപ്പോർട്ട് പ്രകാരം ചെന്നൈയിലുള്ള കോംപിറ്റന്റ് അതോറിറ്റിയാണ് (Competent Authority – SAFEM (FOP)A & NDPSA) ഉത്തരവ് പുറപ്പെടുവിച്ചത്. തൃശ്ശൂർ റൂറൽ ജില്ലയിൽ ആദ്യമായാണ് ഇത്തരത്തിലുള്ള ഉത്തരവ് ലഭിക്കുന്നത്.
എൻഡിപിഎസ് നിയമ പ്രകാരം മയക്കുമരുന്നുകളുടെയും സൈക്കോട്രോപ്പിക് പദാർത്ഥങ്ങളുടെയും വിൽപനയിലൂടെ അനധികൃതമായി സ്വായത്തകമാക്കിയ സ്വത്തു വകകളാണ് കണ്ട് കെട്ടുന്നത്. NDPS പ്രകാരം പത്ത് വർഷമോ അതിൽ കൂടുതലോ കാലത്തേക്ക് തടവ് ശിക്ഷ ലഭിച്ച പ്രതികൾ, പത്ത് വർഷമോ അതിൽ കൂടുതലോ തടവ് ശിക്ഷ ലഭിക്കുന്ന കുറ്റത്തിന് അറസ്റ്റ് ചെയ്യപ്പെട്ട പ്രതികൾ, മേൽ പറഞ്ഞ പ്രതികളുടെ ബന്ധുക്കൾ, സഹായികൾ, അത്തരം സ്വത്തു വകകൾ നിലവിൽ കൈവശം വെച്ചിരിക്കുന്ന വ്യക്തികൾ എന്നിവരുടെ സ്വത്ത് വകകളാണ് ഈ നിയപ്രകാരം കണ്ടു കെട്ടുവാൻ സാധിക്കുന്നത്.
2025 മെയ് മാസം 3-ാം തിയ്യതി കൊടകര പോലീസ് സ്റ്റേഷൻ പരിധിയിൽ വെച്ച് 180 ഗ്രാം എം ഡി എം എ പിടിച്ചെടുത്ത കേസിലെ പ്രതിയായ ഡാർക്ക് മെർച്ചന്റ് എന്നറിയപ്പെടുന്ന ഇരിങ്ങാലക്കുട നടവരമ്പ് കല്ലംകുന്ന് സ്വദേശി ദീപക് (30), 2025 മെയ് മാസം 23-ാം തിയ്യതി പുതുക്കാട് പോലീസ് സ്റ്റേഷൻ പരിധിയിൽ വെച്ച് 125 KG കഞ്ചാവ് പിടിച്ചെടുത്ത കേസിലെ പ്രതികളായ എറണാംകുളം ആലുവ മാമ്പ്ര സ്വദേശി പള്ളത്ത് വീട്ടിൽ താരിസ് (36), എറണാംകുളം ആലുവ മാമ്പ്ര സ്വദേശി ചീനിവിള വീട്ടിൽ ആഷ്.ലിൻ (25) എന്നിവരുടെ സ്വത്ത് വകകളാണ് കണ്ടു കെട്ടുന്നത്.
ദീപകിന്റെ ചാലക്കുടിയിലുള്ള ബാങ്ക് അക്കൗണ്ടിലുള്ള ഒരു ലക്ഷത്തി പതിനായിരത്തി അറുനൂറ്റി അമ്പത് രൂപയാണ് കണ്ട് കെട്ടുന്നത്. ദീപക് ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷൻ പരിധി ഹാഷിഷ് ഓയിലുമായി അറസ്റ്റിലായ കേസിലും പ്രതിയാണ്.
താരിസിന്റെ ഇരുപത്തി മൂന്ന് ലക്ഷത്തി ഇരുപത്തി അയ്യായിരം രൂപ വില വരുന്ന ടാറ്റ കമ്പനിയുടെ ലോറി, അമ്പത്തിയെട്ടായിരം രൂപ വില വരുന്ന വെർണ കാർ എന്നിവയാണ് കണ്ട് കെട്ടുന്നത്. ആഷ്.ലിന്റെ 5500 രൂപ വില വരുന്ന യാമഹ റേ സ്കൂട്ടറാണ് കണ്ട് കെട്ടുന്നത്.
താരിസ് ആലുവയില്‍ ഒരാളെ വെട്ടിക്കൊലപ്പെടുത്തിയ കേസിലും ബാംഗ്ലൂരിൽ നിന്നും മൂവാറ്റുപുഴയിലേക്ക് പോകുകയായിരുന്ന കാർ യാത്രികരെ ചാലക്കുടി മേൽപ്പാലത്തിൽ നിന്നും കുഴൽപ്പണക്കടത്ത് സംഘമെന്ന് തെറ്റിദ്ധരിച്ച് കാർ തടഞ്ഞ് തട്ടിക്കൊണ്ടുപോയി മൃഗീയമായി മർദ്ദിച്ച് വഴിയിലുപേക്ഷിച്ച കേസുൾപ്പെടെ പതിനാറോളം ക്രിമിനൽ കേസുകളില്‍ പ്രതിയാണ്. ഈ കേസിൽ താരിസിന്റെ കൂട്ടുപ്രതിയാണ് ആഷ്.ലിൻ.
തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ബി. കൃഷ്ണകുമാർ ഐ.പി.എസ് ന്റെ നേതൃത്വത്തിൽ ഡി സിബി ഡി വൈ എസ് പി ഉല്ലാസ് കുമാർ എം, പുതുക്കാട് പോലീസ് സ്റ്റേഷൻ എസ് എച്ച് ഒ ആദം ഖാൻ, കൊടകര എസ് എച്ച് ഒ ദാസ് പി കെ, എന്നിവരാണ് FORFEITURE ഉത്തരവ് ലഭ്യമാക്കുന്നതിനുള്ള നടപടികൾ ചെയ്യുന്നതിന് പ്രധാന പങ്ക് വഹിച്ചത്.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

