ഋതു അന്താരാഷ്ട്ര പരിസ്ഥിതിചലച്ചിത്രമേളയിൽ രഞ്ജിത്ത് മാധവൻ്റെ ഫൈൻ ആർട് ഫോട്ടോഗ്രഫി പ്രദർശനം ചിത്രകാരി കവിത ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു

ഇരിങ്ങാലക്കുട : സെൻ്റ്.ജോസഫ്സ് കോളേജിൽ ഋതു അന്താരാഷ്ട്ര പരിസ്ഥിതി ചലച്ചിത്രോത്സവവുമായി ബന്ധപ്പെട്ട് സംഘടിപ്പിച്ച രഞ്ജിത്ത് മാധവൻ്റെ ഫൈൻ ആർട് ഫോട്ടോഗ്രഫി പ്രദർശനം ചിത്രകാരിയും കലാനിരൂപകയുമായ കവിത ബാലകൃഷ്ണൻ നിർവ്വഹിച്ചു.

നദികളിലെ ഓളങ്ങളിൽ തെളിയുന്ന പ്രകാശരശ്മികൾ സൃഷ്ടിക്കുന്ന വർണജാലങ്ങളെ ക്യാമറക്കണ്ണു കൊണ്ട് ഒപ്പിയെടുത്ത് വിസ്മയം തീർത്ത രഞ്ജിത്ത് മാധവൻ്റെ ഫോട്ടോഗ്രഫി പ്രദർശനം വ്യത്യസ്തമായ അനുഭവമാണ് കാണികൾക്ക് പകർന്നത്. ചാലക്കുടിക്കാരനായ രഞ്ജിത്ത് മാധവൻ ആദ്യമായാണ് സ്വന്തം നാട്ടിൽ ഒരു ഫോട്ടോഗ്രഫി പ്രദർശനം നടത്തുന്നത്.

നിഴലിന്റെ നിറഭേദങ്ങള്‍ തേടി..

ജലരാശിയില്‍ ഇളകിമാറുന്ന നിഴലുകളുടെ നിറഭേദങ്ങളില്‍ നിന്ന് രഞ്ജിത്തിന്റെ ക്യാമറ കണ്ടെത്തിയ മനുഷ്യഭാവങ്ങളാണ് ട്രാന്‍സിയന്‍സ്. കണ്ണ് കൊണ്ട് തിരിച്ചറിയാന്‍ കഴിയാത്ത വേഗത്തിലുള്ള നിഴലനക്കത്തിന്റെ തുടര്‍ച്ചയില്‍ നിന്നാണ് ഇവയോരോന്നും ക്യാമറയില്‍ പതിഞ്ഞത്. നിഴലിന്റെ കൗതുകങ്ങള്‍ ഫോട്ടോഗ്രാഫിയിലൂടെ അവതരിപ്പിക്കാനുള്ള ശ്രമങ്ങളാണ് വെള്ളത്തിലെ നിഴല്‍ചിത്രങ്ങളിലേക്ക് രഞ്ജിത്തിന്റെ കാഴ്ചയെ ആകര്‍ഷിച്ചത്.

നദിയിലെ നിഴലും വെയില്‍തിളക്കങ്ങളും ഓളങ്ങളില്‍ പലരൂപങ്ങളായി മാറിക്കൊണ്ടിരിക്കും. ചിത്രങ്ങളുടെ അനന്തമായ ആ തുടര്‍ച്ചയെ ക്യാമറ കൊണ്ട് നിശ്ചലമാക്കി. അങ്ങനെ പകര്‍ത്തിയ അനവധി അമൂര്‍ത്ത ചിത്രങ്ങളില്‍ അപൂര്‍വ്വമായി മാത്രം മനുഷ്യഭാവങ്ങളെ കണ്ടു. അതിശയമായി തോന്നിയ ആ കാഴ്ചയെ ലോകത്തിന് പരിചയപ്പെടുത്തുകയാണ് ട്രാന്‍സിയന്‍സ് എന്ന ചിത്രപരമ്പര.



ചാലക്കുടി സ്വദേശിയായ രഞ്ജിത്ത് 2010 മുതല്‍ പ്രാദേശിക പത്രപ്രവര്‍ത്തകനായിരുന്നു. ചുറ്റുപാടുകളിലെ കൗതുകങ്ങള്‍ നിരീക്ഷിച്ച് ഓരോ വഴികളിലൂടെയും യാത്ര ചെയ്തായിരുന്നു എന്റെ വാര്‍ത്താ കണ്ടെത്തല്‍. അതിനായി നിരന്തരം യാത്ര ചെയ്യുമായിരുന്നു. കാഴ്ചകളിലെ വേറിട്ടതെല്ലാം ക്യാമറയില്‍ പകര്‍ത്തിയെടുക്കുന്നതിലും സക്രിയമായിരുന്നു. പിന്നീട് ഫോട്ടോഗ്രാഫിയിലെ പുതുമകള്‍ തേടിയും തനിച്ച് യാത്ര ചെയ്യാന്‍ തുടങ്ങി. കാഴ്ചകള്‍ കൂടുതല്‍ വ്യക്തതയോടെ നിരീക്ഷിക്കാന്‍ യാത്രാവേഗം കുറച്ച്, സൈക്കിള്‍ യാത്രികനായി. തുശൂരില്‍ നിന്ന് കന്യാകുമാരിയിലേക്കും പിന്നീട് ഗോകര്‍ണ്ണത്തെക്കും സൈക്കിളില്‍ തനിച്ചു പോയപ്പോഴും ക്യാമറ കൂട്ടിനുണ്ടായി.

ഡോകുമെന്ററി ഫോട്ടോഗ്രാഫുകള്‍ കൂടാതെ കൂടുതല്‍ വൈവിധ്യങ്ങള്‍ ഓരോ യാത്രയിലും തേടി. മറയൂരിലെ ചിന്നാര്‍ വനമേഖലയില്‍ കാനനയാത്രക്കിടയിലാണ് ആദ്യമായി വെള്ളത്തിലെ വെയില്‍ തിളക്കം ക്യാമറയില്‍ പകര്‍ത്തിയത്. വെള്ളത്തിലെ കല എന്ന ആശയത്തില്‍ ‘ ഹൈഡ്രാര്‍ട്ട് ‘ എന്ന പേരില്‍ വെള്ളത്തിലെ നിഴലില്‍ നിന്നെടുത്ത അമൂര്‍ത്ത ചിത്രങ്ങള്‍ 2020ല്‍ തൃശൂര്‍ ലളിത കലാ അക്കാദമി ആര്‍ട്ട് ഗ്യാലറിയില്‍ പ്രദര്‍ശിപ്പിച്ചു.

തുടര്‍ന്ന് മനുഷ്യ മുഖങ്ങള്‍ മാത്രമുള്ള ചിത്രപരമ്പര തയ്യാറാക്കണമെന്ന ആശയവുമായാണ് ഇന്ത്യന്‍ നദികളിലേക്ക് യാത്ര ചെയ്ത് ട്രാന്‍സിയന്‍സ് ഒരുക്കിയത്. ഇതിലെ തിരഞ്ഞെടുത്ത ചിത്രങ്ങള്‍ 2023 നവംബറില്‍ ഡെല്‍ഹിയിലെ സ്റ്റെയിന്‍ലസ് ഗ്യാലറിയില്‍ നടന്ന നാഷണല്‍ വിഷ്വല്‍ ആര്‍ട്ട് എക്‌സിബിഷനില്‍ പ്രദര്‍ശിപ്പിച്ചിരുന്നു. ഡിസംബറില്‍ കേരള ലളിതകലാ അക്കാദമിയുടെ കോഴിക്കോട് ആര്‍ട്ട് ഗ്യാലറിയിലും മുംബൈയില്‍ ജഹാംഗീര്‍ ആര്‍ട്ട് ഗ്യാലറിയില്‍ ചിത്രങ്ങളുടെ പ്രദര്‍ശനം നടത്തിയിട്ടുണ്ട്

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp News Group
https://chat.whatsapp.com/LHvranOVueb9L2MnR0w1SR
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com

You cannot copy content of this page