ഇരിങ്ങാലക്കുട : ഈ വർഷംമുതൽ ഏർപ്പെടുത്തുന്ന ‘സാഗ്നിക – സംഗീത-നൃത്ത യുവപ്രതിഭാ പുരസ്ക്കാര’ ത്തിന് വായ്പ്പാട്ടിലും വീണാവാദനത്തിലും ഒരുപോലെ നിപുണനായ പ്രശസ്ത യുവ കർണ്ണാടകസംഗീതജ്ഞൻ എസ്. മഹാദേവൻ അർഹനായി. ഡോക്ടർ കെ എൻ പിഷാരടി സ്മാരക കഥകളി ക്ലബ്ബ് ഒരുക്കുന്ന രംഗകലാ കോൺഫറൻസിന്റെ സമാപനത്തോടനുബന്ധിച്ച് 2027 ജനുവരി 17-ാം തീയതി ഞായറാഴ്ച നടക്കുന്ന ക്ലബ്ബിന്റെ വാർഷികസമ്മേളനവേദിയിൽ പ്രസ്തുത പുരസ്ക്കാരം അദ്ദേഹത്തിന് സമർപ്പിക്കും. പതിനായിരം രൂപയും, പ്രശസ്തിപത്രവും, ഫലകവും, അംഗവസ്ത്രവും അടങ്ങുന്നതാണ് പുരസ്ക്കാരം.
ഇരിങ്ങാലക്കുടയിലെ കലാ-സാഹിത്യ-സാമൂഹികരംഗങ്ങളിൽ സജീവസാന്നിദ്ധ്യവും ഡോക്ടർ കെ. എൻ. പിഷാരടി സ്മാരക കഥകളി ക്ലബ്ബിന്റെ പ്രസിഡണ്ടുമായിരുന്ന അയിനിപ്പിള്ളി എ. അഗ്നിശർമ്മൻ, നാഷണൽ ഹൈസ്ക്കൂൾ മുൻ അദ്ധ്യാപികയായിരുന്ന അദ്ദേഹത്തിന്റെ പത്നി സാവിത്രി ടീച്ചർ എന്നിവരുടെ സ്മരണാർത്ഥമാണ് ഈ പുരസ്ക്കാരം ഏർപ്പെടുത്തിയിരിക്കുന്നത്. സ്മര്യദമ്പതിമാരുടെ ദൗഹിത്രനും, പ്രശസ്ത സംഗീതജ്ഞനുമായ ഹരി അഗ്നിശർമ്മൻ കപ്പിയൂരും നർത്തകിയായ പത്നി നീരജ കൃഷ്ണനും ചേർന്നാണ് പുരസ്ക്കാരം ഏർപ്പെടുത്തിയിരിക്കുന്നത്. ഹരി-നീരജ ദമ്പതിമാർ അമേരിക്കയിൽ നടത്തുന്ന കലാസ്ഥാപനമായ ‘നാദനൃത്യ സ്കൂൾ ഓഫ് മ്യൂസിക് & ഡാൻസ്’ ആണ് ഈ പുരസ്ക്കാരത്തിന്റെ പൂർണ്ണപ്രായോജകർ.
കലാരംഗത്ത് പ്രാഗത്ഭ്യം തെളിയിച്ച, 25-നും 40-നും മദ്ധ്യേ പ്രായമുള്ള, പ്രവാസികൾ ഉൾപ്പെടെയുള്ള യുവപ്രതിഭകളെയാണ് ദേശാന്തരഭേദമില്ലാതെ പുരസ്ക്കാരത്തിനായി പരിഗണിക്കുന്നത്. ഓരോവർഷവും ദക്ഷിണേന്ത്യൻ ശാസ്ത്രീയ സംഗീത-നൃത്ത വിഭാഗങ്ങളിൽനിന്ന് മാറിമാറി ഒരു പ്രതിഭയെ ആയിരിക്കും തിരഞ്ഞെടുക്കുക. ആദ്യവർഷം കർണ്ണാടകസംഗീത ശാഖയിൽനിന്നാണ് പുരസ്ക്കാരജേതാവിനെ തിരഞ്ഞെടുത്തത്.
ഗാനാലാപനത്തോടൊപ്പം വീണവാദനത്തിലും ഒരേപോലെ അസാധാരണപ്രതിഭ തെളിയിച്ചിട്ടുള്ള ഇന്ത്യയിലെ മുൻനിര യുവകർണ്ണാടക സംഗീതജ്ഞരിൽ ഒരാളാണ് തിരുവനന്തപുരം സ്വദേശിയായ എസ്. മഹാദേവൻ. പേരുകേട്ട സംഗീതകുടുംബത്തിൽ ജനിച്ച അദ്ദേഹം അഞ്ചാംവയസ്സുമുതൽ സംഗീതവും വീണയും അഭ്യസിച്ചുതുടങ്ങി. മുത്തശ്ശി എൻ. ലളിത, കാവാലം സജീവ്, മാവേലിക്കര സുബ്രഹ്മണ്യം എന്നിവർക്കുശേഷം ആദരണീയ കർണ്ണാടകസംഗീതജ്ഞ പദ്മശ്രീ പാറശ്ശാല ബി. പൊന്നമ്മാളിന്റെകീഴിൽ 13 വർഷത്തോളം സംഗീതത്തിൽ വിപുലമായ ഉന്നതവിദ്യാഭ്യാസം നേടി. 2022 മുതൽ ക്ലബ്ബ് ഒരുക്കിവരുന്ന ‘നവ്യത്തിന്റെ’ ഒന്നാം പതിപ്പിലും അദ്ദേഹം കച്ചേരി അവതരിപ്പിച്ചിട്ടുണ്ട്.
വോക്കലിലും, വീണയിലും ആകാശവാണിയിൽ (All India Radio) നിന്ന് 16വയസ്സിന് മുമ്പ് ഡയറക്ടർ ജനറലിൻ്റെ പ്രത്യേക പരിഗണനയിൽ ഗ്രേഡ് നേടിയ മഹാദേവൻ നിലവിൽ A ഗ്രേഡ് കലാകാരനാണ്. അമൃത ടിവി രാഗരത്നം ജൂനിയർ 2008ൽ സംയുക്തവിജയിയാണ്. മുംബൈ ഷൺമുഖാനന്ദ സഭയുടെ ഡോക്ടർ എം.എസ്. സുബ്ബുലക്ഷ്മി ഫെലോഷിപ്പ്, നീലകണ്ഠശിവൻ സംഗീതസഭയുടെ യുവപ്രതിഭാപുരസ്ക്കാരം (2015), ഭാരത സർക്കാരിന്റെ സാംസ്കാരികമന്ത്രാലയത്തിന്റെ സ്കോളർഷിപ്പ്, ശ്രീ പൂർണ്ണത്രയീശ സംഗീതസഭയുടെ മാവേലിക്കര പ്രഭാകരവർമ്മ പുരസ്ക്കാരം (2024), ഇടപ്പള്ളി സംഗീതസദസ്സിൻ്റെ നെയ്യാറ്റിൻകര വാസുദേവൻ പുരസ്ക്കാരം (2026) തുടങ്ങി നിരവധി അംഗീകാരങ്ങൾ നേടിയിട്ടുണ്ട്.
ജി20 ഉച്ചകോടി (G20 Summit), കലാക്ഷേത്ര ഫൗണ്ടേഷൻ എന്നിവടങ്ങളിലും ഇന്ത്യയിലും വിദേശത്തുമായി നിരവധി കച്ചേരികൾ അവതരിപ്പിച്ചിട്ടുള്ള അദ്ദേഹം, പ്രശസ്തമായ തിരുവനന്തപുരം നവരാത്രി മണ്ഡപത്തിൽ വീണക്കച്ചേരി അവതരിപ്പിച്ചിട്ടുണ്ട്. ഈവർഷം അഷ്ടമി ദിവസം നവരാത്രിമണ്ഡപത്തിൽ വായ്പ്പാട്ടിൽ എസ് മഹാദേവൻ കച്ചേരി അവതരിപ്പിക്കുന്നു. വായ്പ്പാട്ടിലും വീണയിലും നവരാത്രി മണ്ഡപത്തിൽ കച്ചേരി അവതരിപ്പിക്കുവാനുള്ള അപൂർവ്വമായ അവസരം ഈ കലാകാരന് കൈവന്നിരിക്കുന്നു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive


