ഇരിങ്ങാലക്കുട : ശ്രീനാരായണ സന്ദേശങ്ങളുടെ ഉത്തമപ്രചാരകനായി മാനുഷികമൂല്യങ്ങൾ ഉയർത്തിപ്പിടിച്ച വ്യക്തിത്വമായിരുന്നു കാട്ടിക്കുളം ഭരതൻ എന്ന് ഉന്നതവിദ്യാഭ്യാസ – സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ ആർ ബിന്ദു അനുസ്മരിച്ചു.
മന്ത്രിയുടെ അനുശോചന സന്ദേശം
ഇരിങ്ങാലക്കുടയുടെ സാമൂഹ്യ-സാംസ്കാരിക മേഖലകളിലെ സജീവ സാന്നിദ്ധ്യമായിരുന്ന പ്രവാസി വ്യവസായിയും കാറളം വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ മാനേജറുമായിരുന്ന കാട്ടിക്കുളം ഭരതൻ എന്ന ഞങ്ങളുടെ ഭരതേട്ടൻ വിട പറഞ്ഞു ….
ജീവിതാവസാനം വരെ ഇടതുപക്ഷ അനുഭാവിയായി തുടർന്ന ഭരതേട്ടൻ മനുഷ്യസ്നേഹപ്രേരിതവും ജീവകാരുണ്യപരവും ആയ എല്ലാ പ്രവർത്തനങ്ങളിലും മുന്നിൽ നിന്നു. സാമ്പത്തികവും സാമൂഹ്യവുമായി പിൻനിലയിലുള്ളവർക്ക് സഹായഹസ്തം നീട്ടി. അത്തരം കുടുംബങ്ങളിൽ നിന്നുള്ള കുട്ടികൾക്ക് മികച്ച വിദ്യാഭ്യാസ സാഹചര്യങ്ങൾ ഉറപ്പാക്കാൻ പരിശ്രമിച്ചു. ഇരിങ്ങാലക്കുടയിലെ ഏതു വികസനപ്രവർത്തനത്തിലും സഹകരിച്ചു. കോവിഡ് കാലത്തുൾപ്പടെ നാടിനെയും നാട്ടാരേയും ചേർത്തുപിടിച്ചു. ശ്രീനാരായണ സന്ദേശങ്ങളുടെ ഉത്തമപ്രചാരകനായി മാനുഷികമൂല്യങ്ങൾ ഉയർത്തിപ്പിടിച്ചു.
ഏറ്റവുമൊടുവിൽ അദ്ദേഹത്തെ കണ്ടത് ജൂൺ ഒന്നിന് ഇരിങ്ങാലക്കുട ടൗൺ ഹാളിൽ നടന്ന “മധുരം ജീവിതം” ലഹരിവിരുദ്ധ ക്യാമ്പയിൻ ഉത്ഘാടനവേളയിലായിരുന്നു. അന്നദ്ദേഹം വേദിയിൽ ഉണ്ടായിരുന്നു…
കാണുമ്പോഴൊക്കെയും സ്നേഹത്തോടെ കരം പിടിക്കുകയും കണ്ണീർ വാർക്കുകയും ചെയ്തിരുന്ന ഭരതേട്ടൻ വ്യക്തിപരമായി പ്രകടിപ്പിച്ചിരുന്ന സവിശേഷവാത്സല്യം വല്ലാത്ത നഷ്ടബോധത്തോടെ ഓർക്കുന്നു. .. ആ കണ്ണീർത്തുള്ളികൾ അദ്ദേഹത്തിന്റെ ഗുരുനാഥനായിരുന്ന എന്റെ അച്ഛനായുള്ള തിലോദകം ആയിരുന്നു എന്ന് അറിയാമായിരുന്നു. ..ഇല്ലായ്മകളുടെ സ്കൂൾ പഠനകാലത്ത് തുണയായ മാഷോടുള്ള കടപ്പാട് അദ്ദേഹം മറച്ചു വെക്കാറില്ല. ..ഗുരുശിഷ്യബന്ധത്തിന്റെ സ്നേഹസ്പർശം മകളായ എന്നിലേക്കും നീണ്ടു….
2021 ൽ തെരഞ്ഞെടുപ്പ് വേളയിൽ സ്വന്തം വീട്ടിൽ പ്രദേശവാസികളായ സ്ത്രീകളേയും പുരുഷന്മാരേയും കുട്ടികളേയും ഒക്കെ വിളിച്ച് ചേർത്ത് കുടുംബയോഗം സംഘടിപ്പിച്ച് സ്ഥാനാർഥിക്ക് സ്വീകരണം നൽകിയപ്പോഴും ഭാരതേട്ടൻ കരഞ്ഞു. ..
പ്രിയപ്പെട്ട ഭരതേട്ടാ, അങ്ങയുടെ നന്മയുടെ വെണ്മ കാറളം ഗ്രാമത്തിന്റെയും ഇരിങ്ങാലക്കുടയുടെയും ഓർമ്മകളിൽ നിന്നും പടിയിറങ്ങി പോകുന്നില്ല. വിനയവും ലാളിത്യവും സ്നേഹവും കരുണയും നിറഞ്ഞ അങ്ങയുടെ വ്യക്തിത്വത്തിന്റെ ആർദ്രമായ സാന്നിധ്യം ഞങ്ങളിലൂടെ തുടരും. ..
സ്നേഹാജ്ഞലികൾ. … RELATED NEWS : പ്രമുഖ സാമൂഹ്യ പ്രവർത്തകനും വ്യവസായിയുമായ കാട്ടികുളം ഭരതൻ (79) അന്തരിച്ചു
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive