മൂർക്കനാട് ഇരട്ടക്കൊലപാതക കേസിൽ ഒരു വർഷമായി ഒളിവിലായിരുന്ന പ്രതിയെ പ്രത്യേക അന്വേഷണ സംഘം ബാഗ്ലൂരിൽ നിന്നും പിടികൂടി

ഇരിങ്ങാലക്കുട : മൂർക്കനാട് ഇരട്ടക്കൊലപാതകക്കേസ്സിൽ ഒളിവിലായിരുന്ന നിരവധി ക്രിമനൽ കേസ്സിലെ പ്രതിയായ കുപ്രസിദ്ധ ക്രിമിനൽ കരുവന്നൂർ സ്വദേശി കറുത്തുപറമ്പിൽ അനുമോദ് (27) നെ തൃശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ബി.കൃഷ്ണകുമാർ ഐ.പി.എസ്. ൻ്റെ പ്രത്യേക അന്വേഷണ സംഘം ബാംഗ്ലൂരിൽ നിന്നും പിടികൂടി. അറസ്റ്റിലായ അനുമോദ് കൊലപാതക ശ്രമം അടക്കം പത്ത് ക്രിമിനൽ കേസ്സുകളിൽ പ്രതിയും സ്റ്റേഷൻ റൗഡിയുമാണ്.


കഴിഞ്ഞ വർഷം ഏപ്രിൽ മൂന്നാം തിയ്യതി മൂർക്കനാട് ശിവക്ഷേത്ര ഉത്സവ വെടിക്കെട്ടിനു ശേഷം ആലുംപറമ്പിൽ വച്ചാണ് രണ്ടു യുവാക്കൾ കുത്തേറ്റ് മരിച്ചത്. തൃശൂർ വെളുത്തൂർ സ്വദേശി അക്ഷയ്, ആനന്ദപുരം സ്വദേശി സന്തോഷ് എന്നിവരാണ് കൊല്ലപ്പെട്ടത്.

നിരവധി കേസ്സുകളിൽ പ്രതിയായ കരുവന്നൂർ കറത്തുപറമ്പിൽ മാൻഡ്രൂ എന്നറിയപ്പെടുന്ന അഭിനന്ദിൻ്റെ നേതൃത്വത്തിലുള്ള ഗുണ്ടാ സംഘമാണ് ആക്രമണം നടത്തിയത്. സംഭവത്തിൽ പത്ത് പേർക്ക് പരിക്കേറ്റിരുന്നു. ഒന്നാം പ്രതി മാൻഡ്രുവിൻ്റെ അനുജനാണ് ഇപ്പോൾ പിടിയിലായ അനുമോദ്. ഈ കേസ്സിൽ നാലാം പ്രതിയാണ് ഇയാൾ കൊലപാതകശേഷം പോലീസ് അന്വേഷണം ഊർജ്ജിതമായതോടെ നാടുവിടുകയായിരുന്നു.

വീടു മാറി നാടു മാറി വേഷം മാറി – ഒടുവിൽ വേഷംമാറിയെത്തിയ പോലീസിൻ്റെ പിടിയിലുമായി

ബുധനാഴ്ചയാണ് തൃശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ബി.കൃഷ്ണകുമാർ ഐ.പി.എസ്. ഇരിങ്ങാലക്കുട ഡി.വൈ.എസ്.പി. കെ.ജി.സുരേഷ്, ഇൻസ്പെക്ടർ എം.എസ്.ഷാജൻ എന്നിവരുടെ സംഘത്തെ ബാംഗ്ലൂർക്ക് അയച്ചത്. കൃത്യമായ തയ്യാറെടുപ്പോടെയാണ് പോലീസ് സംഘം ബാംഗ്ലൂരിൽ എത്തിയത്. കൊലപാതക ശേഷം പലസ്ഥങ്ങളിലായി ഒളിവിൽ കഴിഞ്ഞ അനുമോദ് ഒഡീഷയിൽ കുറെ നാൾ തങ്ങി. മൂന്നു മാസം മുൻപാണ് ബാംഗ്ലൂർ ഇലക്ട്രോണിക് സിറ്റിയിലെ ഒരു കടയിൽ ജോലി ചോദിച്ചെത്തി ആരുമറിയാതെ ഒളി ജീവതം നയിച്ചു വന്നിരുന്നത്. പുലർച്ചെ താമസ സ്ഥലം കണ്ടെത്തി റൂമിൽ കയറി പിടികൂടുകയായിരുന്നു.

മതിലകം സ്റ്റേഷനിൽ മൂന്നു കൊലപാതകശ്രമ കേസ്സിലും ആയുധം കൈവശം വച്ച കേസ്സിലും, കാട്ടൂർ സ്റ്റേഷനിൽ രണ്ടു കൊലപാതകശ്രമ കേസ്സിലും, മയക്കുമരുന്നു കേസ്സിലും, കൂടാതെ ഇരിങ്ങാലക്കുട സ്റ്റേഷനിൽ കവർച്ചക്കേസ്സടക്കം മൂന്നു ക്രിമിനൽ കേസ്സുകളിലും പ്രതിയായ അനുമോദിൻ്റെ ഒരു വർഷത്തോളം നീണ്ട ഒളിവു ജീവിതമാണ് ബാംഗ്ലൂരുവിലെ വാടക വീട്ടിൽ വ്യാഴാഴ്ച അവസാനിച്ചത്. കോടതിയിൽ നിന്ന് ഇയാൾക്കെതിരെ മൂന്നു അറസ്റ്റു വാറണ്ട് നിലവിലുണ്ട്.

ഇരിങ്ങാലക്കുട എസ്.ഐ. ദിനേശ് കുമാർ, എ.എസ്.ഐ. കെ.വി.ഉമേഷ്, സീനിയർ സി.പി.ഒ ഇ.എസ്.ജീവൻ. സി.പി.ഒ മാരായ കെ.എസ്.ഉമേഷ്, ഇ.ജി.ജിജിൽ, വി.കൃഷ്ണദാസ് എന്നിവരാണ് പോലീസ് അന്വേഷണ സംഘത്തിൻ ഉണ്ടായിരുന്നത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻ്റ് ചെയ്തു.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page