ഇരിങ്ങാലക്കുട : പ്രകൃതിയെ അനുനിമിഷം ചൂഷണം ചെയ്ത് ജീവിക്കുന്ന സമൂഹമായി മനുഷ്യർ മാറി കഴിഞ്ഞെന്ന് ചലച്ചിത്ര അക്കാദമി ചെയർമാൻ പ്രേംകുമാർ. ഇരിങ്ങാലക്കുട സെൻ്റ് ജോസഫ്സ് കോളേജിൽ “ഋതു” അന്താരാഷ്ട്ര പരിസ്ഥിതി ചലച്ചിത്രമേളയുടെ രണ്ടാം പതിപ്പിൻ്റെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പരിസ്ഥിതിക്ക് ഏറ്റവും ആഘാതം സൃഷ്ടിച്ച് കൊണ്ടാണ് മനുഷ്യൻ ജീവിക്കുന്നത്. കാലാവസ്ഥയിലെ താളക്രമങ്ങൾ എല്ലാം ഇപ്പോൾ നഷ്ടപ്പെട്ടുകഴിഞ്ഞു. എല്ലാ കലാരൂപങ്ങൾക്കും മനുഷ്യമനസ്സുകളിൽ മാറ്റം വരുത്താൻ പ്രാപ്തിയുണ്ട്. സിനിമ ഒരു വിനോദോപാധി മാത്രമല്ല . സാമൂഹ്യ പരിഷ്കരണത്തിനുള്ള ഉപാധിയായി മാറുമ്പോഴാണ് കല എന്ന നിലയ്ക്കുള്ള ദൗത്യം സിനിമ പൂർത്തിയാക്കുന്നതെന്നും ചലച്ചിത്ര അക്കാദമി ചെയർമാൻ പറഞ്ഞു.

സെന്റ് ജോസഫ്സ് കോളേജിന്റെ പ്രിൻസിപ്പലും ഫിലിം ഫെസ്റ്റിന്റെ ചെയർമാനുമായ ഡോ. സി. ബ്ലെസി അധ്യക്ഷത വഹിച്ചു. തൃശൂർ ചലച്ചിത്ര കേന്ദ്ര ചെയർമാൻ ചെറിയാൻ ജോസഫ്, ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി രക്ഷാധികാരി പി. കെ. ഭരതൻ മാസ്റ്റർ, ഫിലിം ഫെസ്റ്റിവൽ ഡയറക്ടർ ക്യാപ്റ്റൻ ലിറ്റി ചാക്കോ, ഋതു കോർ കമ്മിറ്റി മെമ്പർ നയ്ന എം എം , വിദ്യാർത്ഥി പ്രതിനിധി ഗൗരി നന്ദകുമാർ എന്നിവർ സംസാരിച്ചു.
തുടർന്ന് ചെന്നൈ സ്വദേശിയായ അരവിന്ദ് മോഹൻരാജ് സംവിധാനം ചെയ്ത കാടും അതിരപ്പിള്ളിയിലെ കാടർ വിഭാഗവും മലമുഴക്കി വേഴാമ്പലുകളും തമ്മിലുള്ള ബന്ധം ആവിഷ്ക്കരിക്കുന്ന ‘ കാട്, കാടർ, ഒങ്കൽ ” എന്ന ചിത്രം ഉദ്ഘാടന ചിത്രമായി പ്രദർശിപ്പിച്ചു. രണ്ട് ദിവസങ്ങളിലായി വിവിധ ഭാഷകളിൽ നിന്നുള്ള പതിമൂന്ന് ചിത്രങ്ങളാണ് പ്രദർശിപ്പിക്കുന്നത്. തൃശ്ശൂർ ചലച്ചിത്ര കേന്ദ്രം, ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി, ഇന്ദുചൂഡൻ ഫൗണ്ടേഷൻ എന്നിവയുടെ സഹകരണത്തോടെയാണ് വൈവിധ്യമാർന്ന പരിപാടികളോടെ ഫെസ്റ്റിവൽ സംഘടിപ്പിക്കുന്നത്.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive
