ഇരിങ്ങാലക്കുട : സമസ്‌ത കേരള വാര്യർ സമാജം 47-ാം സംസ്ഥാന സമ്മേളനം മെയ് 24, 25 ശനി, ഞായർ തിയ്യതികളിൽ ഇരിങ്ങാലക്കുട നഗരസഭാ ടൗൺ ഹാളിൽ (ഉണ്ണായി വാരിയർ നഗർ) നടക്കും. “സമാജത്തിലൂടെ സാമുദായിക മുന്നേറ്റം” എന്ന സന്ദേശമാണ് ഈ വർഷം ഉയർത്തി പ്പിടിക്കുന്നത്.
24ന് രാവിലെ 8.30ന് ചോറ്റാനിക്കരയിൽ നിന്നും എത്തുന്ന പതാകയ്ക്കും, ഗുരുവായൂരിൽ നിന്നും വരുന്ന ദീപശിഖക്കും സ്വീകരണം നൽകും. 9.10ന് സംസ്ഥാന പ്രസിഡണ്ട് പി.കെ. മോഹൻദാസ് പതാക ഉയർത്തും. തുടർന്ന് മാതൃപൂജ, കേളി. 10ന് പത്മശ്രീ പെരുവനം കുട്ടൻ മാരാർ സമ്മേളനം ഉദ്ഘാടനം ചെയ്യും. കോയമ്പത്തൂർ ആര്യവൈദ്യ ഫാർമസി എം.ഡി. ദേവിദാസ് വാര്യർ മുഖ്യാതിഥിയായിരിക്കും.
11ന് പ്രതിനിധി സമ്മേളനം. വൈകീട്ട് 4ന് നടക്കുന്ന സാംസ്‌കാരിക സമ്മേളനം ഉന്നത വിദ്യാഭ്യാസ സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു ഉദ്ഘാടനം ചെയ്യും. പ്രസിഡണ്ട് പി.കെ. മോഹൻദാസ് അധ്യക്ഷത വഹിക്കും. പ്രഥമ ഉണ്ണായി വാരിയർ പുരസ്‌കാരം പത്മശ്രീ ഗുരു ഡോ. കലാമണ്ഡലം ഗോപി ആശാന് മന്ത്രി സമർപ്പിക്കും. എൻ.വി. കൃഷ്‌ണവാര്യർ അവാർഡ് പ്രശസ്‌ത കവി കെ.വി. രാമകൃഷ്ണന് നൽകും. നഗരസഭാധ്യക്ഷ മേരിക്കുട്ടി ജോയ് മുഖ്യാതിഥിയായിരിക്കും.
ജീവകാരുണ്യ പ്രവർത്തനം, കഴകോപാസന എൻഡോവ്മെന്റ്, തീർത്ഥം സാംസ്‌കാരിക അവാർഡ്, സമാജം ചരിത്രപുസ്‌തക പ്രകാശനം എന്നിവ ചടങ്ങിൽ നിർവ്വഹിക്കും. മധുരൈ എ.വി.എൻ. ഗ്രൂപ്പ് എം.ഡി. രമേശ് രാഘവൻ, കൂടൽമാണിക്യം ദേവസ്വം ചെയർമാൻ അഡ്വ. സി.കെ. ഗോപി, മുൻ നഗരസഭാധ്യക്ഷ സോണിയ ഗിരി എന്നിവർ പങ്കെടുക്കും. സർഗ്ഗോത്സവം സിനിമാ നിർമ്മാതാവ് ലക്ഷ്‌മി വാര്യർ ഉദ്ഘാടനം ചെയ്യുന്നതാണ്. സംസ്ഥാനത്തെ വിവിധ ജില്ലകളിലെ കുടുംബാംഗങ്ങളുടെ കലാപരിപാടികൾ നടക്കും.
25ന് ഞായറാഴ്ച്‌ച രാവിലെ 8ന് മാലകെട്ട് മത്സരം. 9ന് കൂടൽമാണിക്യം ക്ഷേത്രനടയിൽ നിന്നും സമ്മേളന നഗരിയിലേക്ക് സാംസ്‌കാരിക ഘോഷയാത്ര. 9.30ന് മെഗാതിരുവാതിര. 10. 15ന് വനിതാസംഗമം പ്രശസ്‌ത കഥാകൃത്ത് കെ. രേഖ ഉദ്ഘാടനം ചെയ്യും. 11.30ന് യുവജന സംഗമം കേരള ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്‌ടർ കണ്ണൻ സി.എസ്. വാര്യർ ഉദ്ഘാടനം ചെയ്യുന്നതാണ്. 12.30ന് സമാപന സമ്മേളനം സിനിമാനടനും കാരിക്കേച്ചറിസ്റ്റുമായ ജയരാജ് വാര്യർ ഉദ്ഘാടനം ചെയ്യും. കോട്ടയ്ക്കൽ ആര്യവൈദ്യ ശാല മാനേജിംഗ് ട്രസ്റ്റി ഡോ. പി. മാധവൻകുട്ടി മുഖ്യാതിഥിയായിരിക്കും. തുടർന്ന് പുതിയ ഭാരവാഹികളുടെ തെരഞ്ഞെടുപ്പും ഉണ്ടായിരിക്കും.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive