ഇരിങ്ങാലക്കുട : ഡോക്ടർ കെ എൻ പിഷാരടി സ്മാരക കഥകളി ക്ലബ്ബ് ഒരുക്കുന്ന ‘രംഗകലാ കോൺഫറൻസ് 2027’ -ൻ്റെ പ്രഖ്യാപനവും ഫ്ലയർ പ്രകാശനവും ക്രൈസ്റ്റ് കോളേജ് IQAC ഹാളിൽ നടന്നു. ഭാരതീയ കലാരൂപങ്ങളെക്കുറിച്ചുള്ള പഠനത്തിനും ആഴത്തിലുള്ള ഗവേഷണത്തിനുമായി കഥകളി ക്ലബ്ബ് എല്ലാ വർഷവും സംഘടിപ്പിക്കുന്ന രംഗകലാ കോൺഫറൻസിൻ്റെ രണ്ടാം പതിപ്പ്, 2027 ജനുവരി 13 മുതൽ 17 വരെ നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. ഫ്ലയർ പ്രകാശനം ക്രൈസ്റ്റ് കോളേജ് വൈസ് പ്രൻസിപ്പൽ ഡോ. അനിൽ കുമാർ എൻ കഥകളി ക്ലബ് പ്രസിഡന്റ് രമേശൻ രമേശൻ നമ്പീശന് നൽകികൊണ്ട് നിർവഹിച്ചു.
“ഭാവ – രസാനുഭവ” (Bhāva – Rasānubhava) എന്നതാണ് ഇത്തവണത്തെ മുഖ്യപ്രമേയം. ഭാരതീയ ശാസ്ത്രീയ നൃത്ത-നാട്യ പാരമ്പര്യങ്ങളിലെ ‘ശൃംഗാര രസ’ ത്തിന്റെ വൈവിധ്യമാർന്ന മാനങ്ങളും സൗന്ദര്യാത്മക ഭാവങ്ങളുമാണ് ഇക്കുറി പ്രധാനമായും ചർച്ചാവിഷയമാകുന്നത്. അന്തർദേശീയ തലത്തിൽ പ്രശസ്തരായ പ്രമുഖ കലാകാരന്മാരും ഗവേഷകരും ആചാര്യന്മാരും ഈ കോൺഫറൻസിൽ പങ്കെടുക്കും. പരമ്പരാഗത കലകളെക്കുറിച്ച് സമൂഹത്തിൽ ആഴത്തിലുള്ള ധാരണ വളർത്തുന്നതിനും ഭാവിതലമുറയ്ക്ക് അവയെ ബൗദ്ധികമായി പരിചയപ്പെടുത്തുന്നതിനും കോൺഫറൻസ് ലക്ഷ്യമിടുന്നു.
പുതിയ ദേശീയ വിദ്യാഭ്യാസ നയത്തിന്റെ (NEP 2020) ലക്ഷ്യങ്ങളുമായി പൊരുത്തപ്പെടുന്ന രീതിയിൽ, ക്രൈസ്റ്റ് കോളേജിൻ്റെ IKS സെല്ലിൻ്റെ “നാട്യപാഠശാല” പാഠ്യപദ്ധതിയുടെ ഭാഗമായാണ് രംഗകലാ കോൺഫറൻസ് 2027ൻ്റെ ഉള്ളടക്കം വിഭാവനം ചെയ്യുന്നത്. ഭാരതീയ ശാസ്ത്രീയ കലകളുടെ പ്രചാരണത്തിനും കലാകാരന്മാരെ പിന്തുണയ്ക്കുന്നതിനുമായി പ്രവർത്തിക്കുന്ന സാംസ്കാരിക കൂട്ടായ്മയായ സർവ്വമംഗള ട്രസ്റ്റ് കൂടി രംഗകലാ കോൺഫറൻസിൻ്റെ സംഘാടനത്തിൽ സഹകരിക്കും.
കേരളത്തിന്റെ തനത് സംഗീതനൃത്തനാടകമായ കഥകളി, യുനെസ്കോ പൈതൃകപട്ടികയിലുള്ള സംസ്കൃത നാടകാവതരണമായ കൂടിയാട്ടം, ലാസ്യനൃത്തവിഭാഗത്തിലെ മോഹിനിയാട്ടം എന്നിവയ്ക്ക് പുറമെ ഭരതനാട്യം, കുച്ചിപ്പുടി, ഒഡീസി, കഥക്, മണിപ്പൂരി തുടങ്ങിയ ഭാരതത്തിന്റെ മറ്റ് പ്രമുഖ രംഗകലാരൂപങ്ങളും ഈ പഞ്ചദിന അരങ്ങുകളിൽ സമന്വയിക്കും.
ഭാരതീയ രംഗകലകളിലെ ശാസ്ത്രീയ വശങ്ങൾക്കൊപ്പം, ഓരോ കലയിലും ഇഴപിരിയാനാവാത്തവിധം ബന്ധിച്ചുകിടക്കുന്ന ‘മാർഗി’, ‘ദേശി’ സമ്പ്രദായങ്ങളെ അടിസ്ഥാനമാക്കിയുള്ള സെമിനാറുകൾ, ചർച്ചകൾ, സോദാഹരണ പ്രഭാഷണങ്ങൾ (Lecture-Demonstrations), ചൊല്ലിയാട്ടങ്ങൾ, രംഗാവതരണങ്ങൾ എന്നിവ രംഗകലാ കോൺഫറൻസിന്റെ ഭാഗമായി അരങ്ങേറും.
കൾച്ചറൽ ടൂറിസത്തിന്റെ (സാംസ്കാരിക വിനോദസഞ്ചാരം) ഭാഗമായി വിദേശത്തുനിന്നും നാട്ടിൽ നിന്നുമുള്ള കലാകാരന്മാർക്കും ആസ്വാദകർക്കും പരസ്പരം ഒത്തുകൂടാനും സംവദിക്കാനുമുള്ള വേദിയായും രംഗകലാ കോൺഫറൻസ് മാറും. കൂടാതെ വിവിധ കലാസ്ഥാപനങ്ങളിലെ വിദ്യാർത്ഥികൾക്കായി പ്രത്യേക ക്യാമ്പുകളും ഇതിന്റെ ഭാഗമായി വിഭാവനം ചെയ്യുന്നുണ്ട്.
കല ആസ്വദിക്കുന്നവർക്കും പഠിക്കുന്നവർക്കും ഭാവിയിൽ ഒരു മികച്ച റഫറൻസ് സ്രോതസ്സായി ഉപയോഗിക്കാൻ തക്കവണ്ണം എല്ലാ പരിപാടികളുടെയും സമഗ്രമായ ഡോക്യുമെന്റേഷനും (രേഖപ്പെടുത്തൽ) ഇതിനോടനുബന്ധിച്ച് തയ്യാറാക്കുന്നുണ്ടെന്ന് ഭാരവാഹികൾ വ്യക്തമാക്കി.
പത്രസമ്മേളനത്തിൽ ഡോക്ടർ കെ. എൻ. പിഷാരടി സ്മാരക കഥകളി ക്ലബ്ബ് പ്രസിഡന്റ് രമേശൻ നമ്പീശൻ, കഥകളി ക്ലബ്ബ് സെക്രട്ടറി അഡ്വ. രാജേഷ് തമ്പാൻ, ക്രൈസ്റ്റ് കോളേജ് വൈസ് പ്രൻസിപ്പൽ ഡോ. അനിൽ കുമാർ, ക്രൈസ്റ്റ് കോളേജ് IKS സെൽ കോർഡിനേറ്റർ ഡോ. വിനീത ജയകൃഷ്ണൻ, രംഗകലാ കോൺഫ്റൻസ് 2027 ഡയറക്ടർ ശ്രീലക്ഷ്മി ഗോവർദ്ധനൻ കഥകളി ക്ലബ് ട്രഷറർ കൃഷ്ണദാസ് ടി എൻ, രാമസ്വാമി പി എസ് എന്നിവർ പങ്കെടുത്തു.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive


