അമ്മന്നൂർ സ്മൃതി പൂജ നടത്തി – പതിനേഴാമത് ഗുരു അമ്മന്നൂർ അനുസ്മരണവും ഗുരുസ്മരണ കൂടിയാട്ട മഹോത്സവവും ജൂലൈ 4 മുതൽ 10 വരെ മാധവനാട്യ ഭൂമിയിൽ

ഇരിങ്ങാലക്കുട : കൂടിയാട്ട കുലപതി പത്മഭൂഷൺ അമ്മന്നൂർ മാധവ ചാക്യാരുടെ പതിനേഴാമത് ചരമദിനമായ 2025 ജൂലൈ 1 ചൊവ്വാഴ്ച അമ്മന്നൂർ സ്മൃതി പൂജ നടത്തി. പതിവു പോലെ എല്ലാവർഷവും അമ്മന്നൂർ ഗുരുകുലം സംഘടിപ്പിക്കുന്ന അമ്മന്നൂർ അനുസ്മരണവും ഗുരുസ്മരണ കൂടിയാട്ട മഹോത്സവവും ജൂലൈ 4 വെള്ളിയാഴ്ച ആരംഭിക്കും. അനുസ്മരണ സമ്മേളനവും നാട്യമിഥുനം (നായികാ-നായകോത്സവം ) ഗുരുസ്മരണ കൂടിയാട്ട മഹോത്സവവും കലാമണ്ഡലം മുൻ വൈസ് ചാൻസിലർ ഡോ. കെ.ജി.പൗലോസ് ഉദ്ഘാടനം ചെയ്യും.

അഞ്ചു മണിക്ക് ഇരിങ്ങാലക്കുട അമ്മന്നൂർ ഗുരുകുലത്തിലെ മാധവനാട്യ ഭൂമിയിൽ ആരംഭിക്കുന്ന അനുസ്മരണ സമ്മേളനത്തിൽ ഇരിങ്ങാലക്കുട നഗരസഭാ ചെയർപേഴ്സൺ മേരിക്കുട്ടി ജോയ് അദ്ധ്യക്ഷത വഹിക്കും. ഗുരു ജി.വേണു, ഗുരു അമ്മന്നൂർ കുട്ടൻ ചാക്യാർ എന്നിവർ ആചാര്യവന്ദനം നടത്തും.


യോഗത്തിൽ ഇരിങ്ങാലക്കുട ഡോക്ടർ കെ.എൻ.പിഷാരടി സ്മാരക കഥകളി ക്ലബ്ബ് പ്രസിഡന്റ് രമേശൻ നമ്പീശൻ, നാടക സംവിധായകൻ ശങ്കർ വെങ്കിടേശ്വരൻ എന്നിവർ അമ്മന്നൂർ അനുസ്മരണം നടത്തും. ഡോ. കെ.ജി പൗലോസ് നാട്യശാസ്ത്രവും കൂടിയാട്ടവും എന്ന വിഷയത്തിൽ അമ്മന്നൂർ സ്മാരക പ്രഭാഷണം നടത്തും. മുൻസിപ്പൽ കൗൺസിലർ സ്മിത കൃഷ്ണകുമാർ ആശംസയർപ്പിക്കും. ഗുരുകുലം വൈസ് പ്രസിഡന്റ് കലാമണ്ഡലം രാജീവ് സ്വാഗതവും ഗുരുകുലം ട്രഷറർ സരിത കൃഷ്ണകുമാർ നന്ദിയും പറയും.

തുടർന്ന് 7 ദിവസങ്ങളായി നടക്കുന്ന മഹോത്സവത്തിൽ കൂടിയാട്ടത്തിലെ വിവിധ രംഗങ്ങൾ അരങ്ങേറും. ആദ്യ ദിവസം ശൂർപ്പണഖാങ്കം കൂടിയാട്ടത്തിലെ ശ്രീരാമനായി നേപത്ഥ്യ രാഹുൽ ചാക്യാരും സീതയായി ആതിര ഹരഹരനും രംഗത്തെത്തും. നാട്യശാസ്ത്ര വിഷയങ്ങളെ കേന്ദ്രീകരിച്ച് പ്രഭാഷണങ്ങളും സെമിനാറുകളും ഈ മഹോത്സവത്തിന്റെ ഭാഗമായി നടത്തുന്നു.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page