തൃശൂർ ജില്ലയിൽ ഇത്തവണ 25,90,721 വോട്ടര്‍മാർ, 2319 പോളിങ് സ്റ്റേഷനുകള്‍, 85 വയസ്സ് കഴിഞ്ഞവർക്കും ഭിന്നശേഷിക്കാര്‍ക്കും ഹോം വോട്ടിങ് സൗകര്യം

ലോക്‌സഭ തിരഞ്ഞെടുപ്പ് 2024-നുള്ള ഒരുക്കങ്ങള്‍ ജില്ലയില്‍ പുരോഗമിക്കുന്നതായി ജില്ലാ കലക്ടര്‍ വി.ആര്‍ കൃഷ്ണതേജ അറിയിച്ചു. തൃശൂരില്‍ ഇത്തവണ 25,90,721 വോട്ടര്‍മാരാണ് ഉള്ളത്. 13,52,552 സ്ത്രീ വോട്ടര്‍മാരും 12,38,114 പുരുഷ വോട്ടര്‍മാരും 55 ട്രാന്‍സ്‌ജെന്‍ഡര്‍ വോട്ടര്‍മാരുമാണുള്ളത്. 85 വയസ്സിലധികം പ്രായമുള്ള വോട്ടര്‍മാര്‍- 25489. 26,747 ഭിന്നശേഷിക്കാരായ വോട്ടര്‍മാരാണുള്ളത്.

ജില്ലയില്‍ 1194 ലോക്കേഷനുകളിലായി 2319 പോളിങ് സ്‌റ്റേഷനുകളാണുള്ളത്. സ്ത്രീകളുടെ നേതൃത്വത്തില്‍ പൂര്‍ണമായും പ്രവര്‍ത്തിക്കുന്ന പോളിങ് ബൂത്തുകളും 10 ശതമാനം മാതൃകാ പോളിങ് ബൂത്തുകളും സജ്ജമാക്കും.


85 വയസ്സിലധികം പ്രായമുള്ളവര്‍ക്കും, 40 ശതമാനത്തിലധികം ഭിന്നശേഷിക്കാരായവരെന്ന് സാഷ്യപത്രമുള്ളവര്‍ക്കും തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഹോം വോട്ടിങ് സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇതുപ്രകാരം പോസ്റ്റല്‍ വോട്ടിങിനായി ഫോം 12 ഡി ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍ വിതരണം തുടങ്ങി. മൈക്രോ ഒബ്സര്‍വര്‍ അടക്കമുള്ള പ്രത്യേക പോളിംഗ് ടീം മുന്‍കൂര്‍ അറിയിപ്പോടെ ഇവരുടെ വീടുകളിലെത്തി വോട്ട് രേഖപ്പെടുത്തും. ഈ വോട്ടര്‍മാരുടെ പട്ടിക, സന്ദര്‍ശന സമയം സംബന്ധിച്ച് സ്ഥാനാര്‍ഥികളെയും രാഷ്ട്രീയ പാര്‍ട്ടികളെയും അറിയിക്കുന്നതാണ്. ഇത്തരത്തില്‍ ഹോം വോട്ടിങ് സൗകര്യം സ്വീകരിച്ച വോട്ടര്‍മാര്‍ക്ക് പോളിങ് സ്റ്റേഷനില്‍ വോട്ട് ചെയ്യാന്‍ അര്‍ഹതയുണ്ടാവില്ല.


ജില്ലയില്‍ മാതൃകാ പെരുമാറ്റച്ചട്ടം ഉറപ്പാക്കുന്നതിന് സബ് കലക്ടര്‍ മുഹമ്മദ് ഷെഫീക്കിനെയും ചെലവ് നിരീക്ഷണത്തിന് ഫിനാന്‍സ് ഓഫീസറെയും നോഡല്‍ ഓഫീസറായി നിയോഗിച്ചിട്ടുണ്ട്. മീഡിയ സര്‍ട്ടിഫിക്കേഷന്‍ ആന്‍ഡ് മോണിറ്ററിംഗ് കമ്മിറ്റി (എം.സി.എം.സി.), വിവിധ സ്‌ക്വാഡുകള്‍ എന്നിവയും രൂപീകരിച്ചു. 26 എം.സി.സി സ്‌ക്വാഡ്, 39 ഫ്‌ളൈയിങ് സ്‌ക്വാഡ്, 39 സ്റ്റാറ്റിക് സര്‍വൈലന്‍സ് ടീം, 26 ആന്റി ഡിഫേസ്മെന്റ് സ്‌ക്വാഡ്, 26 വീഡിയോ സര്‍വൈലന്‍സ് ടീം എന്നിവര്‍ ചട്ടലംഘനങ്ങൾ നിരീക്ഷിക്കും. കൂടാതെ 24×7 സി-വിജില്‍ ആപ്പ് മുഖേന ലഭിക്കുന്ന പരാതികള്‍ പരിശോധിക്കുന്നതിന് ഒരു ടീമും ജില്ലാ കണ്‍ട്രോള്‍ റൂമും സജ്ജമാക്കിയിട്ടുണ്ട്.

തിരഞ്ഞെടുപ്പ് കമ്മിഷന്റെ വിജ്ഞാപന പ്രകാരം സ്ഥാനാര്‍ഥികള്‍ക്ക് ഏപ്രില്‍ നാല് വരെ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാം. നാമനിര്‍ദേശ പത്രിക സൂഷ്മപരിശോധന- ഏപ്രില്‍ അഞ്ച്.
നാമനിര്‍ദേശ പത്രിക പിന്‍വലിക്കാനുള്ള അവസാന തീയതി- ഏപ്രില്‍ എട്ട്.
വോട്ടെടുപ്പ്- ഏപ്രില്‍ 26 (വെള്ളിയാഴ്ച)
വോട്ടെണ്ണല്‍- ജൂണ്‍ നാല് (ചൊവ്വാഴ്ച).


ജൂണ്‍ ആറിന് തിരഞ്ഞെടുപ്പ് പ്രക്രിയകള്‍ പൂര്‍ത്തിയാകും. ജൂണ്‍ ആറ് വരെയാണ് പെരുമാറ്റച്ചട്ടം നിലവില്‍ ഉണ്ടാവുക.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com

You cannot copy content of this page