ഇരിങ്ങാലക്കുട : ജപ്പാനിലെ SSH Global എന്ന കമ്പനിയിൽ ഡ്രൈവർ തസ്തികയിൽ ജോലി വാങ്ങിക്കൊടുക്കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് തൃക്കൂർ കോനിക്കര ദേശത്ത് പയ്യാക്കൽ വീട്ടിൽ രാധാകൃഷ്ണൻ മകൻ രാഗേഷ് എന്നയാളിൽ നിന്നും ബാങ്ക് അക്കൗണ്ട് മുഖാന്തിരം 3 ലക്ഷം രൂപ കൈപ്പറ്റുകയും ജോലിയോ ,പണമോ തിരികെ നൽകാതെ ചതി ചെയ്ത കാര്യത്തിന് പുതുക്കാട് പോലീസ് രജിസ്റ്റർ ചെയ്ത കേസിലെ പ്രതിയായ നെന്മണിക്കര ചിറ്റിശ്ശേരി കരയാംവീട്ടിൽ വിനോദിനെ (40) പുതുക്കാട് പോലീസ് അറസ്റ്റ് ചെയ്തു.
പ്രവാസിയായിരുന്ന വിനോദിന്റെ കൈവശം ജപ്പാനിലേക്കുള്ള വിസകൾ ഉണ്ടെന്നും പ്രതിയായ വിനോദും ജപ്പാനിലേക്ക് ആ വിസയിൽ പോകുന്നുണ്ടെന്നു പറഞ്ഞ് രാഗേഷിൻ്റെ സമീപത്തിരുന്ന് വിസക്കുള്ള ഫോമുകൾ എന്നു പറഞ്ഞ് എഴുതി തയ്യാറാക്കുന്നത് കണ്ടാണ് രാഗേഷ് ഈ കെണിയിൽ അകപ്പെട്ടത്.
ഈ കേസിലെ പ്രതിയായ വിനോദിൻ്റെ പേരിൽ അടച്ചിട്ട വീടുകളിൽ കുത്തിത്തുറന്ന് മോഷണം നടത്തിയ കാര്യത്തിന് 2024 ൽ ഇരിങ്ങാലക്കുട, കാട്ടൂർ,കൊടുങ്ങല്ലൂർ സ്റ്റേഷനുകളിൽ കേസുകൾ നിലവിൽ ഉണ്ട് . ഇയാളെ പുതുക്കാട് സ്റ്റേഷൻ റൗഡി ലിസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. 2024 വർഷത്തിൽ രജിസ്റ്റർ ചെയ്ത മോഷണ കേസുകളിൽ അറസ്റ്റ് ചെയ്യപ്പെട്ട് റിമാൻ്റിലായിരുന്ന പ്രതി വിനോദ് കുറച്ചു ദിവസങ്ങൾക്ക് മുമ്പാണ് ജാമ്യത്തിൽ ഇറങ്ങിയത്.
തൃശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ബി കൃഷ്ണകുമാർ IPS ൻ്റെ നിർദേശപ്രകാരം ചാലക്കുടി ഡി.വൈ.എസ.പിയുടെ മേൽനോട്ടത്തിൽ പുതുക്കാട് SHO സജീഷ് കുമാറിൻ്റെ നേതൃത്വത്തിൽ സബ്ബ് ഇൻസ്പെക്ടർ പ്രദീപ്.എൻ, വിശ്വനാഥൻ.കെ.കെ, പോലീസ് ഉദ്യോഗസ്ഥരായ ഷെമീർ.വി.എ, അജി.വി.ഡി, അരുൺ.പി.എ എന്നിവരാണ് പ്രതിയെ അറസ്റ്റ് ചെയ്ത സംഘത്തിൽ ഉണ്ടായിരുന്നത്.
ജപ്പാനിൽ ജോലി വാഗ്ദാനം ചെയത് മൂന്ന് ലക്ഷം തട്ടിച്ച പ്രതി പിടിയിൽ
