ഇരിങ്ങാലക്കുട : കെ.എസ്.ആര്‍.ടി.സി. ഇരിങ്ങാലക്കുട ഓപ്പറേറ്റിങ്ങ് സെന്ററില്‍ നിന്നുള്ള ഉല്ലാസയാത്രയുടെ ഭാഗമായി ജനുവരി 28 ചൊവ്വാഴ്ച സൈലന്റ് വാലിക്ക് യാത്ര സംഘടിപ്പിക്കുന്നു . ഒരാൾക്ക് 1720 രൂപയാണ് ചാർജ് . 28 ന് ചൊവാഴ്ച പുലര്‍ച്ചെ 3.30ന് ഇരിങ്ങാലക്കുട ഓപ്പറേറ്റിങ്ങ് സെന്ററില്‍ നിന്നും യാത്ര പുറപ്പെടും. അഞ്ച് വയസിന് മുകളിലുള്ള എല്ലാവര്‍ക്കും ഫുള്‍ ടിക്കറ്റ് വേണം. കൂടുതല്‍ വിവരങ്ങള്‍ക്കും ബുക്കിങ്ങിനും 0480 -2823990, 9633979681
യുനെസ്‌കോ ലോകപൈതൃക പദവി നല്‍കിയ സൈലന്റ് വാലിയെ കുറിച്ച് അറിയാം …
പാലക്കാട് ജില്ലയുടെ വടക്കു കിഴക്കന്‍ മൂലയിലാണ് സൈലന്റ് വാലി ദേശീയോദ്യാനം. 1984-ലാണ് സൈലന്റ് വാലിയെ കേന്ദ്ര സര്‍ക്കാര്‍ ദേശീയോദ്യാനമായി പ്രഖ്യാപിച്ചത്. അതുവരെ സൈരന്ധ്രിവനം എന്നാണ് അറിയപ്പെട്ടിരുന്നത്. ഭാരതപ്പുഴയുടെ പ്രധാന കൈവഴിയായ കുന്തിപ്പുഴയുടെ ഉദ്ഭവം ഇവിടെയാണ്. വടക്ക് നീലഗിരി കുന്നുകള്‍ അതിരുടുന്നു, തെക്കു ഭാഗത്ത് മണ്ണാര്‍ക്കാട്ടെ സമതലങ്ങളും. പശ്ചിമഘട്ടങ്ങളുടെ പ്രധാന മേഖലയായ നീലഗിരി ബയോസ്ഫിയറില്‍ ഉള്‍പ്പെടുന്ന വനപ്രദേശമാണ് സൈലന്റ് വാലി.
സാധാരണ കാടുകളെ ശബ്ദമുഖരിതമാക്കുന്ന ചീവീടുകളുടെ സാന്നിദ്ധ്യം ഇവിടെയില്ലാത്തതു കൊണ്ടാണ് നിശബ്ദ താഴ്‌വര എന്നര്‍ത്ഥം വരുന്ന സൈലന്റ് വാലി എന്ന പേര് ലഭിച്ചത്. 2012-ല്‍ യുനെസ്‌കോ ആണ് ഈ വനമേഖലക്ക് ലോകപൈതൃക പദവി നല്‍കിയത്. കടുവ, പുള്ളിപ്പുലി, ആന, വിവിധ ഇനം പാമ്പുകള്‍, സിംഹവാലന്‍ കുരങ്ങ്, മലബാര്‍ ജയന്റ് സ്ക്വിറല്‍ എന്ന മലയണ്ണാന്‍, മ്ലാവ്, കാട്ടുപോത്ത് തുടങ്ങി ഉഷ്ണ മേഖലയിലെ ജീവജന്തു സമൂഹത്തില്‍ കാണുന്ന എല്ലാ ജീവികളെയും ഇവിടെ കാണാം. പക്ഷികളുടെയും ചിത്രശലഭങ്ങളുടെയും നിശാശലഭങ്ങളുടെയും തുമ്പികളുടെയും മറ്റു ചെറു പ്രാണികളുടെയും മറ്റൊരു നിരയും വൈവിധ്യമേറിയതാണ്.
ആയിരത്തിലേറെ ഇനം പുഷ്പിത സസ്യങ്ങള്‍ സൈലന്റ് വാലിയില്‍ നിന്നു രേഖപ്പെടുത്തിയിട്ടുണ്ട്, 110 ലേറെ ഇനം ഓര്‍ക്കിഡുകളും. നിശാശലഭങ്ങളുടെ 400 ഇനങ്ങളും 200 ലേറെ ഇനം ചിത്രശലഭങ്ങളും ഇതുവരെ റിപ്പോര്‍ട്ടു ചെയ്തിട്ടുണ്ട്. ആദ്യമായി രേഖപ്പെടുത്തപ്പെട്ട 10 ഇനങ്ങള്‍ ഉള്‍പ്പെടെ ഷഡ്പദങ്ങളുടെ പട്ടിക 128-ലേറെ വരും. സന്ദര്‍ശകര്‍ക്ക് ജൈവ സമ്പത്തിന്റെയും അചുംബിതമായ ജൈവ പ്രകൃതിയുടെയും പ്രാധാന്യം മനസ്സിലാക്കി കൊടുക്കുന്ന ഒരു പാഠശാല കൂടിയാണ് സൈലന്റ് വാലി.
മുക്കാലിയിലെത്തിയാൽ ഫോറസ്റ്റിന്റെ വണ്ടിയിൽ സൈലന്റ് വാലിയുടെ മായാ കാഴ്ചകളിലേക്ക്. മഴക്കാടുകൾ നിറഞ്ഞ പശ്ചിമഘത്തിൽ സ്ഥിതി ചെയ്യുന്ന നിശബ്ദ താഴ്വരയായ സൈലന്റി വാലി ഏതൊരു യാത്രക്കാരനേയും മോഹിപ്പിക്കും. കാടിനെ അറിഞ്ഞ് കൊണ്ട് ബഹളില്ലാതെയുള്ള ജംഗിൾ സഫാരി സഞ്ചാരികളുടെ മനം നിറയ്ക്കുമെന്ന് തീർച്ച.
നാല് മണിക്കൂറാണ് കാടിനുള്ളിലൂടെയുള്ള യാത്ര. ഒരു ഭാഗത്തേക്ക് രണ്ട് മണിക്കൂറാണ് യാത്ര.
സിംഹവാലൻ കുരങ്ങുകളും പറക്കുന്ന അണ്ണാനും ഇവിടെ ഉണ്ടെങ്കിലും മൃഗങ്ങളെ കാണുക അത്യപൂർവ്വമാണ്. അതേസമയം കാടിനുള്ളിലെ അത്യപൂർവമായ പല സസ്യ വൈവിധ്യങ്ങളേയും കാണാനാകും.
മുക്കാലിയിൽ ഫോറസ്റ്റ് ഡിപ്പാർട്ട്മെന്റിന്റെ ഒരു ഗൈഡും യാത്രക്ക് കൂട്ടായിട്ടുണ്ടാവും . അതുകൊണ്ടുതന്നെ ഓരോ സ്ഥലത്തും നിർത്തി കാര്യങ്ങൾ വിശദമായി പറഞ്ഞു മനസിലാക്കി തന്നാണ് വണ്ടി ഓടിക്കുന്നത്.
പോകുന്ന വഴിയിൽ കടുവ മാന്തിയ ഒരു മരവും 400 വർഷം പഴക്കമുള്ള ഒരു പ്ലാവും നമുക്ക് കാണാം. അതുപോലെ സിംഹവാലൻ കുരങ്ങും പറക്കുന്ന അണ്ണാനും ഒരു പക്ഷേ നമുക്ക് ഭാഗ്യമുണ്ടെങ്കിൽ കാണാം. സൈലന്റ് വാലി എത്തിയാൽ ഒഴിവാക്കാതെ ഉപയോഗിക്കേണ്ട ഒന്നാണ് വാച്ച് ടവർ ഏകദേശം 30 മീറ്റർ ഉയരമുള്ള ഇതിൽ മുകളിൽ നിന്ന് നോക്കിയാൽ കണ്ണെത്താ ദൂരത്തോളം പച്ചപ്പ് മാത്രം കാണാം .
യാത്ര പോകുന്നവർ പെട്ടന്ന് മഴ പെയ്യാൻ സാധ്യത ഉള്ള സ്ഥലമായതിനാൽ ഒരു കുട കയ്യിൽ വെക്കാൻ ശ്രദ്ധിക്കുക. കയ്യിൽ ഒരു സാനിറ്റൈസർ കരുതുന്നത് നല്ലതാണ് കാരണം അട്ടകളുടെ ഒരു ലോകമാണ് സൈലന്റ് വാലി, അതുകൊണ്ടുതന്നെ പോകുന്നവർ അട്ട കടി കൊള്ളാതെ നടക്കാൻ ശ്രദ്ധിക്കുക. ഉച്ചയ്ക്ക് രണ്ടരയോടെയാണ് ജംഗിൾ സഫാരി അവസാനിക്കുക. ഇവിടെ നിന്ന് തന്നെ ഉച്ചഭക്ഷണവും ലഭിക്കും.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive