കേരളത്തിൽ നിന്നും ആദ്യമായി രണ്ട് അപൂർവ പൂവീച്ചകളെ ക്രൈസ്റ്റ് കോളേജിലെ ഷഡ്പദ എൻ്റമോളജി റിസർച്ച് ലാബിലെ ഗവേഷകർ കണ്ടെത്തി

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിലെ ഷഡ്പദ എൻ്റമോളജി റിസർച്ച് ലാബിലെ ഗവേഷകർ മെസെംബ്രിയസ് ബെംഗാലെൻസിസ്, മെസെംബ്രിയസ് ക്വാഡ്രിവിറ്റാറ്റസ് എന്നീ പൂവീച്ചകളെ കേരളത്തിൽ നിന്നും ആദ്യമായി കണ്ടെത്തി. ക്രൈസ്റ്റ് കോളേജിലെ എസ്.ഇ.ആർ.എൽ. ലെ ഗവേഷകനായ അതുൽ ശങ്കർ സി., ലാബ് ഡയറക്ടറും, പ്രസ്തുത കോളേജിലെ സുവോളജി വിഭാഗം അസിസ്റ്റൻ്റ് പ്രൊഫസറുമായ ഡോ. ബിജോയ് സി., പുല്ലൂറ്റ് കെ.കെ.ടി.എം ഗവ. കോളേജിലെ സുവോളജി വിഭാഗം മേധാവിയും, അസ്സോസിയേറ്റ് പ്രൊഫസറുമായ ഡോ. ഷാജി ഇ. എം. എന്നിവർ ചേർന്നാണ് ഇവയെ കണ്ടെത്തിയത്. ഇതാദ്യമായാണ് മെസെംബ്രിയസ് ജീവിവർഗ്ഗത്തിൽ വരുന്ന പൂവീച്ചകളെ കേരളത്തിൽ നിന്ന് കണ്ടെത്തിയതായി രേഖപ്പെടുത്തുന്നത്.

ഈച്ചകളും കൊതുകുകളും ഉൾപ്പെടുന്ന ഓർഡർ ഡിപ്റ്റെറയിലെ (Diptera), സിർഫിഡേ (Syrphidae) കുടുംബത്തിൽപ്പെട്ടവയാണ് ഇവ. തേനീച്ചകളേയും പല കടന്നലുകളേയും പോലെ പൂക്കളിലെ പതിവ് സന്ദർശകർ ആയതിനാലാണ് ഇവയെ പൂവീച്ച (flower flies) എന്ന് വിളിക്കുന്നത്. ശത്രുക്കളിൽ നിന്ന് രക്ഷനേടാൻ തേനീച്ചകളെയോ കടന്നലുകളെയോ പോലെ അനുരൂപം നേടിയിട്ടുള്ള ഇവ നിരുപദ്രവകാരികളും, സസ്യങ്ങളുടെ പരാഗണത്തിൽ വലിയ പങ്കു വഹിക്കുന്നവരുമാണ്. മാത്രമല്ല, ലാർവ ആയിരിക്കുന്ന ഘട്ടത്തിൽ സസ്യകീടമായ മുഞ്ഞയുടെ (aphids) ജൈവനിയന്ത്രണത്തിനും ഇവ സഹായിക്കുന്നു.

അസോസിയേഷൻ ഫോർ അഡ്വാൻസ്മെൻ്റ് ഓഫ് എൻ്റമോളജിയുടെ ഔദ്യോഗിക പ്രസിദ്ധീകരണമായ എൻ്റോമോൺ (ENTOMON) ലെ ജൂലൈ ലക്കത്തിലാണ് ചിത്രങ്ങൾ സഹിതം പ്രസ്തുത പഠനം പൂർണ്ണമായി പ്രസിദ്ധീകരിച്ചിരിക്കുന്നത്. പൂവീച്ചകളുടെ ജൈവവൈവിധ്യവും, വ്യാപനവും പൊതുജന പങ്കാളിത്തത്തോടെ മനസ്സിലാക്കാൻ ഈ ഗവേഷണപഠനം സഹായകരമാകും എന്ന് ഗവേഷകനായ അതുൽ ശങ്കർ സി. അഭിപ്രായപ്പെട്ടു.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page