യുവ കൂടിയാട്ടകലാകാരന്മാർ ഒരുക്കുന്ന ‘നാട്യയൗവ്വനം 2025’ എന്ന കൂടിയാട്ട മഹോത്സവം ഒക്ടോബർ 18, 19 തിയതികളിൽ ചാലക്കുടി മേലൂർ കാലടി ശിവശക്തി മണ്ഡപം വേദിയാക്കി നടക്കും. പാരമ്പര്യ കലാസ്വാദക സമിതിയുടെ സഹകരണത്തോടെയും ‘ചൊല്ലിയാട്ടം – കൂടിയാട്ടം യൂത്ത് കലക്ടീവ്’ എന്ന സംഘടനയുടെ ആഭിമുഖ്യത്തോടെയും നടക്കുന്ന ഈ മൂന്നാമത്തെ മഹോത്സവം, മുഴുവനായും യുവകലാകാരന്മാർക്ക് പ്രാധാന്യം നൽകിയാണ് ഒരുക്കിയിരിക്കുന്നത്.
ചൊല്ലിയാട്ടം – ഒരു യുവ കൂട്ടായ്മയുടെ വളർച്ച
ലോകകലാവേദിയിൽ അതുല്യമായ സ്ഥാനം കൈവരിച്ച കൂടിയാട്ടം എന്ന വിശ്വകലയെ ഉപാസിച്ച് ചില യുവകലാകാരന്മാർ ചേർന്ന് 2019-ലെ കൊറോണകാലത്ത് രൂപീകരിച്ച വാട്‌സ്ആപ് കൂട്ടായ്മയാണ് ‘ചൊല്ലിയാട്ടം’. പിന്നീട് അത് സജീവമായ യുവകലാകാരൻമാരുടെ സാംസ്കാരിക വേദിയായി വളർന്നു. ഈ കൂട്ടായ്മയുടെ പ്രവർത്തനഫലമായി തന്നെയാണ് ‘നാട്യയൗവ്വനം’ എന്ന മഹോത്സവ പരമ്പര ആരംഭിച്ചത്.
രണ്ട് ദിവസങ്ങളിലായി മിഴാവ് മേളം, പാഠകം, കൂടിയാട്ട സോദാഹരണം, നങ്ങ്യാർകൂത്ത്, കൂടിയാട്ടം എന്നിവയിലൂടെ പാരമ്പര്യകലാരൂപങ്ങളുടെ സജീവസാന്നിധ്യം പ്രേക്ഷകർക്ക് അനുഭവിക്കാൻ അവസരമൊരുക്കും.
ഒക്ടോബർ 18-ന് ഉച്ചയ്ക്ക് 2.30ന് കലാമണ്ഡലം ജിഷ്ണുവും സംഘവും അവതരിപ്പിക്കുന്ന മിഴാവ് മേളത്തോടെയാണ് നാട്യ യൗവനത്തിന്റെ ആരംഭം. വൈകിട്ട് 4.00ന് മുരളീധരൻ മുല്ലപ്പിള്ളിയുടെ ആമുഖത്തോടെ ഉദ്ഘാടന സമ്മേളനം നടക്കും. ഉദ്ഘാടനം ഗുരു മാർഗി മധു ചാക്യാർ.
വൈകിട്ട് 5.00ന് കലാമണ്ഡലം നിലയുടെ നങ്ങ്യാർകൂത്ത് (സീതാസ്വയംവരം).
തുടർന്ന് കൂടിയാട്ടം ‘തോരണയുദ്ധം ഒന്നാം ദിവസം’ – ശങ്കുകർണ്ണൻ: അമ്മന്നൂർ മാധവ് ചാക്യാർ, വിജയ: കലാമണ്ഡലം സീതാലക്ഷ്മി, രാവണൻ: നേപത്ഥ്യ ശ്രീഹരി ചാക്യാർ എന്നിവർ രംഗാവതരണം നടത്തും.
ഒക്ടോബർ 19-ന് രാവിലെ 11.00ന് നേപത്ഥ്യ ശ്രീഹരി ചാക്യാരുടെ നേതൃത്വത്തിൽ സംഘാംഗങ്ങളോടൊപ്പം സോദാഹരണ പ്രഭാഷണം, ഉച്ചയ്ക്ക് ശേഷം ശരത്ത് നാരായണന്റെ പാഠകം (രാമായണം), വൈകിട്ട് കലാമണ്ഡലം അമൃതയുടെ നങ്ങ്യാർകൂത്ത് (കംസവധം) എന്നിവയുണ്ടാകും.
രാത്രിയിൽ കൂടിയാട്ടം – സുഭദ്രാധനഞ്ജയം ഒന്നാം ദിവസത്തിൽ വിദൂഷകൻ: നേപത്ഥ്യ രാഹുൽ ചാക്യാർ, ധനഞ്ജയൻ: നേപത്ഥ്യ യദുകൃഷ്ണൻ, സുഭദ്ര: കലാമണ്ഡലം സുമിത എന്നിവർ രംഗത്ത് വരും
മേളയിൽ കലാമണ്ഡലം, മാർഗ്ഗി, നേപത്ഥ്യ എന്നീ സ്ഥാപനങ്ങളിലെ അനവധി യുവകലാകാരന്മാർ മിഴാവ്, താളം, ചുട്ടി തുടങ്ങി വിവിധ വകുപ്പുകളിൽ പങ്കെടുക്കുന്നു.
“യുവത്വത്തിന്റെ ഊർജ്ജവും പാരമ്പര്യത്തിന്റെ പാതയും ഒത്തുചേരുന്ന വേദിയാണ് നാട്യയൗവ്വനം 2025″ എന്ന് സംഘാടകർ അറിയിച്ചു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

