ബസ് സമരം തൽകാലം അവസാനിച്ചു, പക്ഷെ റോഡിലെ പ്രശ്നങ്ങൾ ഇനിയും തുടരും …

ഗതാഗത തടസ്സങ്ങൾ ഏവർക്കും അലോസരം ഉണ്ടാക്കുന്നതാണ് എന്നതിൽ തർക്കമില്ല. ഇതിൽ പ്രകോപിതരാകാതെ സന്ദർഭവും സാഹചര്യങ്ങളും ഒപ്പം റോഡ് നിയമങ്ങളും പരമാവധി പാലിച്ചാൽ തീരാവുന്ന പ്രശ്നങ്ങളാണ് ഇപ്പോൾ നടക്കുന്നത്, ഇല്ലെങ്കിൽ ഇനിയും തുടരും

ഇരിങ്ങാലക്കുട : തൃശ്ശൂർ – കൊടുങ്ങല്ലൂർ റൂട്ടിൽ സ്വകാര്യ ബസ്സുകൾ ചൊവാഴ്ച രാവിലെ മുതൽ തുടർന്ന മിന്നൽ സമരം അവസാനിച്ചു. പോലീസുമായി നടന്ന ചർച്ചയിൽ ബസ്സുകൾക്കെതിരെ എടുത്ത നടപടി പിൻവലിക്കുകയും, ഒറ്റവരി ഗതാഗതം ഉള്ളടത്ത് വൺവേ പാലിക്കാൻ വേണ്ട സംവിധാനങ്ങൾ ഉറപ്പുവരുത്താമെന്ന ധാരണ ആയിട്ടുണ്ട്. ഇരിങ്ങാലക്കുടയിൽ നിന്ന് തൃശ്ശൂർ – കൊടുങ്ങല്ലൂർ റൂട്ടിൽ അഞ്ചുമണിയോടെ ബസുകൾ ഓടിത്തുടങ്ങി

തൃശ്ശൂർ കൊടുങ്ങല്ലൂർ റൂട്ടിൽ നടന്നുവരുന്ന സംസ്ഥാന പാതയുടെ നവീകരണത്തോട് അനുബന്ധിച്ച് പലയിടത്തും ഒറ്റവരി ഗതാഗതമാണ് ഉള്ളത്. ചിലയിടങ്ങളിൽ വഴി തിരിച്ചു വിടുന്നുമുണ്ട്. ഇതെല്ലാം സ്വകാര്യ ബസ്സുകളുടെ ട്രിപ്പുകളെ ബാധിക്കുന്ന കാര്യമാണ്. ഒറ്റ വരി ഗതാഗതമുള്ളിടത്ത് വൺവേ തെറ്റിച്ച് കയറിവരുന്ന വാഹനങ്ങൾ പലപ്പോഴും സ്വകാര്യ ബസ് ജീവനക്കാരുമായി തർക്കങ്ങൾക്ക് കാരണമാകുന്നുണ്ട്. ചൊവ്വാഴ്ച നടന്ന മിന്നൽ പണിമുടക്കിന്റെ കാരണങ്ങളിലേക്ക് നോക്കിയാൽ ഇവിടെയും ഇത് സംഭവിച്ചിട്ടുണ്ട്.


തർക്കങ്ങളിൽ നാട്ടുകാർ ഇടപെടുകയും അതിൽ ചിലർ ബസ് ജീവനക്കാരുമായി തർക്കം ഉണ്ടാവുന്നതും പതിവ് കാഴ്ചയാണ്. ഇത്തരം സംഭവങ്ങൾ സംഘടനങ്ങളിലേക്ക് നീങ്ങാറുണ്ട്. തുടർന്ന് പോലീസ് കേസ് ആവുകയും നടപടികളും ഉണ്ടാകും. ബസ് ജീവനക്കാർക്ക് എതിരെയാണ് നടപടിയെങ്കിൽ മിന്നൽ പണിമുടക്ക് നടത്തിയുള്ള പ്രതിഷേധം ഇപ്പോൾ സർവ്വസാധാരണയായിരിക്കുന്നു. വലയുന്നത് യാത്രക്കാരും. തർക്കം നടക്കുന്ന ഇടങ്ങളിൽ റോഡിൽ ക്യൂവിൽ കിടക്കുന്ന മറ്റു വാഹനങ്ങളും.

ചർച്ചകൾ നടത്തി താൽക്കാലിക പരിഹാരം ഉണ്ടാകുമെങ്കിലും, മേൽപ്പറഞ്ഞ പ്രശ്നങ്ങൾ ഒരിടത്ത് അല്ലെങ്കിൽ മറ്റൊരിടത്ത് വീണ്ടും ഉയർന്നുവരും, അവസാനിക്കുന്നത് മിന്നൽ പണിമുടക്കിലും അതുമൂലം ഉണ്ടാകുന്ന യാത്ര ദുരിതത്തിലും. മാസങ്ങൾക്ക് മുൻപ് ഇത്തരം സമരവും മിന്നൽ പണിമുടക്കും ഉണ്ടായിരുന്നു.

റോഡിലെ പ്രശ്നങ്ങൾ അവസാനിപ്പിക്കുക എന്നതാണ് പോംവഴി. തൃശ്ശൂർ കൊടുങ്ങല്ലൂർ സംസ്ഥാന പാതയുടെ പണികൾ പൂർത്തിയാക്കാൻ ഇനിയും മാസങ്ങൾ വേണ്ടിവരും. ഇതുമൂലം ഉണ്ടാകുന്ന റോഡ് നിയന്ത്രണങ്ങൾ എല്ലാവരും പാലിക്കുക എന്നതാണ് ഏക പോംവഴി.

റോഡ് പണി നടക്കുന്നിടത്ത് ഒറ്റവരി ഗതാഗതം ആണ് ഉള്ളതെങ്കിലും, ആ പ്രദേശത്തെ ജനങ്ങൾ പലപ്പോഴും തങ്ങളുടെ വാഹനങ്ങൾ ഇതുവഴി ഓടിക്കാൻ നിർബന്ധിതരാകാറുണ്ട്, അവർക്ക് മറ്റു നിർവാഹം ഇല്ലാത്തതുകൊണ്ടാകാം. ഇത്തരം വിഷയങ്ങളാണ് പൊതുവിൽ പ്രശ്നങ്ങളായി ഉയർന്നുവരുന്നത്, എതിർവശത്തുനിന്ന് ഒരു സ്വകാര്യ ബസ്സാണ് വരുന്നതെങ്കിൽ പ്രശ്നസാധ്യത കൂടുതലാണ്. ലിമിറ്റഡ് ആണെങ്കിൽ പിന്നെ പറയുകയും വേണ്ട

ചില ബസ് ജീവനക്കാരുടെ പക്വതയില്ലാത്ത പെരുമാറ്റങ്ങളും പ്രശ്നങ്ങൾക്ക് വഷളാക്കാറുണ്ട്, ഒപ്പം ചില നാട്ടുകാരുടെ തൻപ്രമാണിത്തങ്ങൾ കാണിക്കുന്നതും. ഗതാഗത തടസ്സങ്ങൾ ഏവർക്കും അലോസരം ഉണ്ടാക്കുന്നതാണ് എന്നതിൽ തർക്കമില്ല. ഇതിൽ പ്രകോപിതരാകാതെ സന്ദർഭവും സാഹചര്യങ്ങളും ഒപ്പം റോഡ് നിയമങ്ങളും പരമാവധി പാലിച്ചാൽ തീരാവുന്ന പ്രശ്നങ്ങളാണ് ഇപ്പോൾ നടക്കുന്നത്, ഇല്ലെങ്കിൽ ഇനിയും തുടരും…

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page