കല്ലേറ്റുംകര : കല്ലേറ്റുംകരയിൽ സ്ഥിതിചെയ്യുന്ന ഇരിങ്ങാലക്കുട റെയിൽവേ സ്റ്റേഷൻ സൗകര്യങ്ങൾ മനസ്സിലാക്കാനും പോരായ്മകൾ നികത്തി റെയിൽവേ സ്റ്റേഷൻ വികസനത്തിനുള്ള നിർദ്ദേശങ്ങൾ സ്വീകരിക്കുന്നതിനും തൃശൂർ എം പി യും കേന്ദ്ര മന്ത്രിയുമായ സുരേഷ് ഗോപി മെയ് 31 ശനിയാഴ്ച രാവിലെ 8:15 ന് ഇരിങ്ങാലക്കുട റെയിൽവേ സ്റ്റേഷൻ സന്ദർശിക്കുന്നു.
കാലങ്ങളായി അവഗണന നേരിടുന്ന ഇരിങ്ങാലക്കുട റെയിൽവേ സ്റ്റേഷനിൽ വികസനം ആവശ്യപ്പെട്ട് വിവിധ സംഘടനകൾ ഇപ്പോൾ പ്രക്ഷോഭങ്ങളുടെ പാതയിലാണ്. കഴിഞ്ഞ ദിവസം കേന്ദ്ര മന്ത്രി സുരേഷ് ഗോപിയുടെ പി എ സ്ഥലം സന്ദർശിച്ചിരുന്നു.
സ്റ്റേഷനെ അമൃത് പദ്ധതിയിൽ ഉൾപെടുത്തുക, കോവിഡുകാലത്ത് നിർത്തലാക്കിയ ട്രയിനുകൾ പുനസ്ഥാപിക്കുക, യാത്രക്കാർക്ക് ഉപയോഗപ്രദമായ മറ്റു ട്രയിനുകളുടെ സ്റ്റേപ്പ് അനുവദിക്കുക, പ്ലാറ്റഫോമിലും സ്റ്റേഷൻ പരിസരങ്ങളിലും വെളിച്ചത്തിനുള്ള സൗകര്യങ്ങൾ ഏർപ്പെടുത്തുക ടോയ്ലറ്റ് സൗകര്യങ്ങൾ മെച്ചപ്പെടുത്തുക, കാടുപിടിച്ചു കിടക്കുന്ന റെയിൽവേയുടെ സ്ഥലങ്ങൾ ഉപയോഗപ്രദമാക്കുക, പാർക്കിംഗ് സൗകര്യങ്ങൾ മെച്ചപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങളാണ് പരിഹരിക്കപ്പെടേണ്ടത്.
ഇരിങ്ങാലക്കുട റെയിൽവേ സ്റ്റേഷൻ ആവശ്യങ്ങൾ നേടിയെടുക്കുവാൻ ഇത്രയും അനുകൂലമായ ഒരു സന്ദർഭം ഇനി വേറെ ഇല്ലെന്ന് രാഷ്ട്രീയവൈരികൾ പോലും സമ്മതിക്കുന്ന കാലഘട്ടമാണ്. ഇത്തവണ ഒത്തുപിടിച്ചാൽ നടക്കും ഇല്ലെങ്കിൽ ഇനി പ്രതീക്ഷ വേണ്ട എന്ന് അവസ്ഥയും ഉണ്ട്. അതിനാൽ തന്നെ കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ സന്ദർശനം ഏറെ പ്രാധാന്യത്തോടെയാണ് റെയിൽവേ യാത്രക്കാരും, സമരസമിതികളും എല്ലാ രാഷ്ട്രീയ നേതൃത്വങ്ങളും നോക്കിക്കാണുന്നത്.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive