കണ്ണൂർ : കേരളത്തിൽ നാടൻ കലാപഠനത്തിന്നു തുടക്കം കുറിച്ച കുലപതി ഗണത്തിലെ ഗവേഷകാചാര്യനും കവിയും സാഹിത്യകാരനും അധ്യാപകനും പ്രഭാഷകനും രാഷ്ട്രീയ സാമൂഹിക നിരീക്ഷകനും മാധ്യമ പ്രവർത്തകനുമായിരുന്ന സി.എം.എസ്. ചന്തേര മാഷുടെ ജന്മശതാബ്ദിദശകം പ്രമാണിച്ച് സംഘവഴക്ക ഗവേഷണ പീഠം ഏർപ്പെടുത്തിയ പ്രഥമ സി.എം. എസ് ചന്തേര സ്മാരക ഗവേഷണ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു
ഇരിങ്ങാലക്കുട നടന കൈരളി സ്ഥാപകനും കൂടിയാട്ട ആചാര്യനുമായ വേണു ജി യുടെ മുദ്രപഠനത്തിനാണ്
ഗവേഷണ പുരസ്കാരം, ഏഷ്യാനെറ്റ് ന്യൂസ് എഡിറ്റർ രജനി വാര്യർക്കാണ് മാധ്യമ പുരസ്കാരം.
പ്രശസ്ത ശില്പി ഉണ്ണി കാനായി രൂപകല്പന ചെയ്ത നാട്യമുദ്ര ശില്പവും 35000 രൂപയും അടങ്ങുന്നതാണ് പ്രഥമ ചന്തേര സ്മാരക പുരസ്കാരം.
വലഭൻകോലത്തിരി തൻ്റെ കോവിലകത്ത് മുപ്പത്തൈയ്വർ തെയ്യങ്ങൾക്ക് ചിത്രപീഠ വഴക്കം നല്കി സ്വരൂപ കുലപരദേവതയാക്കിയതിൻ്റെ സ്മരണയിലാണ് 35 എന്ന സംഖ്യ ഉൾപ്പെടുത്തി പുരസ്കാര തുക മുപ്പത്തഞ്ചായിരം രൂപയാക്കിയത്
കഥകളി, കൂടിയാട്ടം മോഹിനിയാട്ടം എന്നിവയിലെ 1341 കൈമുദ്രകളുടെ ആലേഖനമാണ് 744 പേജുകളിലായി ദി ലാംഗ്വേജ് ഓഫ് കൂടിയാട്ടം, കഥകളി ആൻ്റ് മോഹിനിയാട്ടം ക്ലാസിക്കൽ തിയേറ്റർ ആൻ്റ് ഡാൻസ് ഓഫ് കേരള. – എന്ന നടനകൈരളി വഴി പ്രകാശിതമായ വേണു ജിയുടെ ഗവേഷണ ഗ്രന്ഥം.
1341 കൈമുദ്രകളുടെ നൊട്ടേഷന് വേണോട്ടേഷൻ എന്നാണ് പേരിട്ടിട്ടുള്ളത്. നാട്യശാസ്ത്ര പഠനത്തിനും മുദ്ര അഭ്യസനത്തിനും ഗവേഷണത്തിനും ജീവിതം മുഴുവൻ സമർപ്പിച്ച കലാകാരനാണ് വേണു ജി.
കൂടിയാട്ടം, കഥകളി, മോഹിനിയാട്ടം, കൃഷ്ണനാട്ടം തുടങ്ങി കലാരംഗത്ത് അദ്ദേഹവും കുടുംബവും നല്കിയ
സമഗ്ര സംഭാവനയും മുദ്രപഠനവും പരിഗണിച്ചാണ് വേണുജിക്ക് സംഘവഴക്ക ഗവേഷണ പീഠം ഏർപ്പെടുത്തിയ
പ്രഥമ ചന്തേര സ്മാരക ഗവേഷണ പുരസ്കാരം നല്കുന്നത്.
തിരുവനന്തപുരം പാപ്പനംകോട്ട് 1945 ൽ ചിറ്റൂർഗോപാലൻ നായരുടെയും വി.സുമതിക്കുട്ടിയമ്മയുടെയും മകനായി ജനിച്ചു. പതിനൊന്നാം വയസ്സിൽ കഥകളിയും ഇരുപത്തിയൊന്നാം വയസ്സിൽ ക്രിയേറ്റീവ് ഡാൻസും മുപ്പത്തിയേഴാം വയസ്സിൽ കൂടിയാട്ടവും പഠിച്ചെടുത്തു. കീരിക്കാട്ടു ശങ്കരപ്പിള്ളയിൽ നിന്നു കഥകളിയും ഗുരുഗോപിനാഥിൽ നിന്നും ക്രിയേറ്റീവ് ഡാൻസും ഗുരു ചെങ്ങന്നൂർ രാമൻപിള്ളയിൽ നിന്ന് കഥകളി മുദ്രയും ഗുരു അമ്മന്നൂർ മാധവ ചാക്യാർ , ഗുരു അമ്മന്നൂർ പരമേശ്വര ചാക്യാർ എന്നിവരിൽ നിന്ന് കൂടിയാട്ടവും അഭ്യസിച്ചു.
ഗുരു ഗോപിനാഥിൻ്റെ വിശ്വകലാകേന്ദ്രത്തിലും പഠനം നടത്തിയിരുന്നു. കഥകളിയിലെ തെക്കൻ ചിട്ടയിൽ വിശേഷ പഠനം . കഥകളി മുദ്രകൾ നൊട്ടേഷൻ സിസ്റ്റം വഴി രേഖപ്പെടുത്തിക്കൊണ്ടാണ് മുദ്ര ഗവേഷണപഠനം ആരംഭിച്ചത്.
വേണുജിയുടെ നേതൃത്വത്തിൽ 1975ൽ നടനകൈരളി സ്ഥാപിച്ചു. കാക്കാരശ്ശിനാടകം, പടയണി, മുടിയേറ്റ്, കാളിയൂട്ട്,തെയ്യം, തിറതുടങ്ങിയ കേരളീയ അനുഷ്ഠാനങ്ങളും നാടൻ കലകളും സൂക്ഷ്മമായി നിരീക്ഷിച്ചു പഠിച്ചു ഗവേഷണം നടത്തി.
പാരമ്പര്യ കലകളായ തോൽപ്പാവക്കൂത്തും പാവ കഥകളിയും പുനരുദ്ധരിക്കുന്നതിലും വേണുജി മുന്നിട്ടിറങ്ങി.
പ്രശസ്ത മോഹിനിയാട്ടം നർത്തകി നിർമ്മല പണിക്കർ ജീവിത സഖിയായതോടെ അവർക്കൊപ്പം ചേർന്ന് നടത്തിയ ഗവേഷണ പ്രവർത്തനങ്ങളും എടുത്തു പറയേണ്ടതാണ്.
ഭാര്യ: പ്രശസ്ത മോഹിനിയാട്ടം നർത്തകി നിർമ്മല പണിക്കർ. മകൾ പ്രശസ്ത കൂടിയാട്ടം കലാകാരി കപില വേണു. ഭാരതീയ നാട്യ ശാസ്ത്രത്തിനും കേരളീയ അനുഷ്ഠാനത്തിന്നും വേണ്ടി ജീവിതം ഉഴിഞ്ഞു വച്ച കലാ കുടുംബത്തിൻ്റെ നാഥനാണ് ഗോപാലൻ നായർ വേണു എന്ന വേണു ജി.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com