AI ക്യാമറ ഇതുവരെ കണ്ടെത്തിയത് 20.42 ലക്ഷം നിയമ ലംഘനങ്ങൾ

സേഫ് കേരള പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്തെ റോഡുകളിൽ സ്ഥാപിച്ച ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ക്യാമറകൾ ഒരു മാസം കൊണ്ട് 20,42,542 ഗതാഗത നിയമ ലംഘനങ്ങൾ കണ്ടെത്തിയതായി ഗതാഗത മന്ത്രി ആന്റണി രാജു വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ഇവ സൂക്ഷ്മമായി പരിശോധിച്ച് പ്രോസസ് ചെയ്ത് ഇ-ചലാൻ അയക്കുന്ന നടപടികൾ പുരോഗമിക്കുകയാണ്. ക്യാമറകൾ പ്രവർത്തനം തുടങ്ങിയ ശേഷം, കഴിഞ്ഞ ഒരു മാസത്തെ കണക്കുകൾ പരിശോധിച്ചതിൽനിന്ന്, സംസ്ഥാനത്ത് റോഡ് അപകടങ്ങൾ ഗണ്യമായി കുറഞ്ഞതായി കണ്ടെത്തിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

2022 ജൂണിൽ 3714 വാഹനാപകടങ്ങളാണു സംസ്ഥാനത്തുണ്ടായത്. ക്യാമറ സ്ഥാപിച്ച ശേഷം, 2023 ജൂണിൽ, ഇത് 1278 ആയി കുറഞ്ഞു. കഴിഞ്ഞ വർഷം ജൂണിൽ വാഹനാപകടങ്ങളിൽ 344 പേർക്കു ജീവൻ നഷ്ടപ്പെട്ടു. ഇത്തവണ അത് 140 ആയി കുറഞ്ഞു. 2022 ജൂണിൽ വാഹനാപകടങ്ങളിൽപ്പെട്ട് 4172 പേർക്കു പരുക്കേറ്റപ്പോൾ ഇത്തവണ അത് 1468 ആയി കുറയ്ക്കാനും കഴിഞ്ഞു. റോഡ് സുരക്ഷയ്ക്കായി സ്ഥാപിച്ച എ.ഐ. ക്യാമറകൾ ഏറെ പ്രയോജനം ചെയ്യുന്നതായാണ് ഈ കണക്കുകൾ സൂചിപ്പിക്കുന്നത്. എ.ഐ. ക്യാമറകൾ കണ്ടെത്തുന്ന ട്രാഫിക് നിയമ ലംഘനങ്ങളുമായി ബന്ധപ്പെട്ടു പൊതുജനങ്ങൾക്ക് അപ്പീൽ നൽകുന്നതിനും പരാതി അറിയിക്കുന്നതിനുമുള്ള പരാതി പരിഹാര ആപ്ലിക്കേഷൻ ഓഗസ്റ്റ് അഞ്ചിനു പ്രാബല്യത്തിൽ വരുമെന്നും മന്ത്രി പറഞ്ഞു.


ജൂൺ അഞ്ചു മുതലാണ് എ.ഐ. ക്യാമറകൾ കണ്ടെത്തുന്ന നിയമ ലംഘനങ്ങൾക്കു പിഴ ഈടാക്കിത്തുടങ്ങിയത്. ജൂലൈ മൂന്നു വരെ കണ്ടെത്തിയ ഗതാഗത നിയമ ലംഘനങ്ങളിൽ 7,41,766 എണ്ണം പ്രോസസ് ചെയ്തു. ഇതിൽ 1,77,694 എണ്ണം എൻ.ഐ.സിയുടെ ഐ.ടി.എം.എസിലേക്കു മാറ്റുകയും 1,28,740 എണ്ണത്തിൽ ഇ-ചലാൻ ജനറേറ്റ് ചെയ്യുകയും ചെയ്തു. ജനറേറ്റ് ചെയ്ത ചലാനിൽ 1,04,063 എണ്ണം തപാൽ വകുപ്പിനു കൈമാറി. നിയമ ലംഘനം നടത്തുന്ന ഓരോ വ്യക്തികൾക്കുമാണു പിഴ ചുമത്തുന്നത്. ഐ.ടി.എം.എസിലേക്കു മാറ്റിയ നിയമ ലംഘനങ്ങളിൽ ആകെ 2,14,753 പേർക്കു പിഴ ചുമത്തിയിട്ടുണ്ട്. ഹെൽമെറ്റ് ഇല്ലാതെ വാഹനം ഓടിച്ച 73,887 പേർക്ക് പിഴ ചുമത്തി. തിരുവനന്തപുരം ജില്ലയാണ് ഇതിൽ മുന്നിൽ. 19482 പേരാണ് തിരുവനന്തപുരത്ത് ഹെൽമെറ്റ് വയ്ക്കാതെ വാഹനം ഓടിച്ചതായി കണ്ടെത്തിയത്. ഏറ്റവും കുറവ് വയനാട് ജില്ലയിലാണ്. 619 പേർ. പിൻസീറ്റ് യാത്രക്കാർക്കു ഹെൽമെറ്റ് ഇല്ലാത്തതിന് 30213 പേർക്കു പിഴ ചുമത്തി.

സീറ്റ് ബെൽറ്റ് ഇല്ലാതെ യാത്ര ചെയ്തതിന് 49775 പേർക്കു പിഴ ചുമത്തി. 5622 നിയമ ലംഘനങ്ങൾ കണ്ടെത്തിയ മലപ്പുറം ജില്ലയാണ് ഈ വിഭാഗത്തിൽ മുന്നിൽ. 1932 നിയമ ലംഘനങ്ങൾ കണ്ടെത്തിയ ഇടുക്കിയാണ് ഈ വിഭാഗത്തിൽ നിയമ ലംഘനം കുറഞ്ഞ ജില്ല. സഹയാത്രികന് സീറ്റ് ബെൽറ്റ് ഇല്ലാതിരുന്ന 57032 നിയമ ലംഘനങ്ങൾ കണ്ടെത്തി. കൂടുതൽ മലപ്പുറം – 8169, കുറവ് ഇടുക്കി – 2348. ഡ്രൈവിങ്ങിനിടെ മൊബൈൽ ഉപയോഗിച്ചതിന് 1846 പേർക്കു പിഴ ചുമത്തി. (കൂടുതൽ തിരുവനന്തപുരം – 312, കുറവ് ഇടുക്കി – 9), ഇരുചക്ര വാഹനത്തിൽ മൂന്നു പേർ യാത്ര ചെയ്തതിന് 1818 പേർക്കു പിഴ ചുമത്തി. കൂടുതൽ തിരുവനന്തപുരം – 448, കുറവ് കണ്ണൂർ – 15. ആകെ ചെല്ലാൻ ജനറേറ്റ് ചെയ്ത നിയമ ലംഘനങ്ങളിൽനിന്നായി 7,94,65,550 രൂപയാണു സർക്കാരിലേക്കു ലഭിക്കുന്നത്. ഇതിൽ 81,7,800 രൂപ ലഭിച്ചു.

എ.ഐ ക്യാമറകൾ കണ്ടെത്തുന്ന നിയമ ലംഘനങ്ങൾ പ്രോസസ് ചെയ്യുന്നതിനുള്ള കാലതാമസം ഒഴിവാക്കുന്നതിനു കെൽട്രോണിനു നിർദേശം നൽകിയതായി മന്ത്രി പറഞ്ഞു. കൂടുതൽ സ്റ്റാഫിനെ നിയോഗിച്ച് മൂന്നു മാസത്തിനകം ഇവ പ്രോസസ് ചെയ്തു തീർക്കും. ക്യാമറ കണ്ടെത്തുന്ന നിയമ ലംഘനങ്ങളുമായി ബന്ധപ്പെട്ടു പൊതുജനങ്ങൾക്കുള്ള അപ്പീലുകൾ നൽകുന്നതിനായി പുറത്തിറക്കുന്ന ആപ്ലിക്കേഷനു പുറമേ ജില്ലാതല കമ്മിറ്റി രൂപീകരിക്കാൻ കേരള റോഡ് സുരക്ഷാ അതോറിറ്റിക്കു നിർദേശം നൽകിയിട്ടുണ്ട്. അന്യസംസ്ഥാനത്തു രജിസ്റ്റർ ചെയ്ത വാഹനങ്ങളുടെ നിയമ ലംഘനങ്ങൾ കണ്ടെത്തുന്നതിനായി അത്തരം വാഹനങ്ങളുടെ വിവരങ്ങൾ ഡാറ്റബേസിൽ ലഭ്യമാക്കിയിട്ടുണ്ട്.

റോഡിനു വീതി കൂട്ടിയപ്പോൾ മാറ്റേണ്ടിവന്ന 16 ക്യാമറകൾ ജൂലൈ 31നുള്ളിൽ മാറ്റി സ്ഥാപിക്കും. നോ പാർക്കിങ് മേഖലയിൽ വാഹനം പാർക്ക് ചെയ്യുന്നതുമായി ബന്ധപ്പെട്ട നിയമ ലംഘനങ്ങൾ കണ്ടെത്തുന്നതിന് നോ പാർക്കിങ് മേഖലകൾ കൃത്യമായി നിർണയിക്കുന്നതിനായി ബന്ധപ്പെട്ടവരുടെ യോഗം ഉടൻ ചേരുകയും ഇത്തരം മേഖലകളിൽ നോ പാർക്കിങ് ബോർഡുകൾ സ്ഥാപിക്കുകയും ചെയ്യും. വ്യാജ നമ്പർ പ്ലേറ്റ് ഉപയോഗിച്ചും വ്യക്തതയില്ലാത്ത നമ്പർ പ്ലേറ്റ് ഉപയോഗിച്ചും വാഹനങ്ങൾ നിരത്തിലിറക്കുന്ന സംഭവങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇവ കണ്ടെത്തുന്നതിനായി ഉദ്യോഗസ്ഥർ നേരിട്ടു പരിശോധന നടത്തുന്ന ഡ്രൈവുകൾ നടത്തും. പുതുക്കിയ വാഹന വേഗപരിധി, പാർക്കിങ് സ്ഥലങ്ങൾ, മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കൽ എന്നിവ സംബന്ധിച്ച് ബന്ധപ്പെട്ട വകുപ്പുകളുടെ യോഗം ജൂലൈ 5ന് ചേരുമെന്നും മന്ത്രി പറഞ്ഞു.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp News Group
https://chat.whatsapp.com/LHvranOVueb9L2MnR0w1SR
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com

You cannot copy content of this page