ഇരിങ്ങാലക്കുട : മോഹിനിയാട്ടരംഗത്ത് ഏറെഅറിയപ്പെടുന്ന കലാകാരിയായ കലാമണ്ഡലം പ്രഷീജ മംഗലാപുരത്തെ “നൃത്യാഗൻ” എന്ന കലാസംഘടന പന്ത്രണ്ട് വർഷമായി സംഘടിപ്പിക്കുന്ന “സമർപ്പൺ” എന്ന നൃത്തോത്സവത്തിൽ മോഹിനിയാട്ടക്കച്ചേരി അവതരിപ്പിച്ചു. കലാനിലയം ഗോപിനാഥൻ എഴുതി, പ്രഷീജ നൃത്തസംവിധാനം ചെയ്ത് ചിട്ടപ്പെടുത്തിയ ശ്രീരാഗത്തിലുള്ള ഗണപതി സ്തുതി യോടെയാണ് പ്രഷീജ തൻ്റെ മോഹിനിയാട്ടക്കച്ചേരി ആരംഭിച്ചത്.
മുത്തുസ്വാമി ദീക്ഷിതരുടെ അതിപ്രശ്സ്തമായ “രംഗപുരവിഹാര” എന്ന കീർത്തനമാണ് രണ്ടാമതായി രംഗത്ത് അവതരിപ്പിച്ചത്. രംഗപുരത്തെ വർണ്ണനനഗരത്തിൽ വസിക്കുന്നവനും കോദണ്ഡദാരിയായ തിരിച്ചിറപ്പിള്ളിയിലെ ശ്രീരംഗം ക്ഷേത്രത്തിലെ രംഗനാഥസ്വാമിയെ സ്തുതിച്ചു കൊണ്ടാണ് ഈ കീർത്തനത്തിൻ്റെ പല്ലവിയിൽ വിന്യസിച്ചത്. കാമദേവൻ്റെ അച്ഛനായി മഹാ വിഷ്ണുവിനെ സങ്കല്പിച്ചു കൊണ്ട് അനുപല്ലിവിയിൽ ഗജേന്ദ്രമോഷം കഥാഭാഗം പകർന്നാടി. ഭഗവാൻ്റെ ഒരുകണ്ണിൽ ചന്ദ്രനേയും മറുകണ്ണിൽ സൂര്യനേയും ദീക്ഷിതർ ദർശ്ശിക്കുന്ന ആശയം അരങ്ങത്ത് നർത്തകി അവതരിപ്പിച്ചു.
കാമക്രോധിമോഹങ്ങളെ ദൂരീകരിക്കുന്നവനും, അനന്തനിൽ ശയിക്കുന്നവനും, ഭക്തർക്ക് അനുഗ്രഹം വർഷിക്കുന്നവനുമായ രംഗനാഥസ്വാമിയെ ഏവരേയും അനുഗ്രഹിക്കട്ടെ എന്ന് ചരണത്തിൻ്റെ ഭാഗത്ത് നർത്തകി അരങ്ങത്ത് വ്യാഖ്യാനിച്ചു. കീർത്തനത്തിൻ്റെ ഭാവാർത്ഥങ്ങളെ അതീവചാരുതയോടെ അരങ്ങത്ത് നർത്തകിക്കായി.
തുടർന്ന് ജയദേവരുടെ ഗീതാഗോവിന്ദത്തിലെ “പ്രിയേചാരുശീലേ” എന്ന പത്തൊമ്പതാമത് അഷ്ടപദിയാണ് അരങ്ങത്ത് അവതരിപ്പിച്ചത്. വാസന്തിരാഗത്തിൽ ഖണ്ഡചാപ്പ് താളത്തിലാണ് ഈ പദം അരങ്ങ ത്തവതരിപ്പിച്ചത്. ഈ പദത്തിലെ കൃഷ്ണാനായാണ് നർത്തകി അരങ്ങത്ത് പകർന്നടിയത്. ഭഗവാൻ തൻ്റെ സമീപത്തേക്ക് വരാത്തതുമൂലം പിണങ്ങി നില്ക്കുന്ന രാധയെ അനുനയി പ്പിക്കുവാൻ ശ്രമിക്കുന്ന ഭാഗമാണ് അരങ്ങത്ത് പ്രഷീജ പകർന്നാടിയപ്പോൾ ആസ്വാദകരുടെ ഏവരുടേയും ഹൃദയം കവർന്നു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive